General (Page 1,405)

ന്യൂഡൽഹി: ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട് കേരളത്തിന് തിരിച്ചടി. വിമാനത്താവള നിർദ്ദേശത്തെ എതിർത്ത് ഡിജിസിഎ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു. വിമാനത്താവളത്തിന് കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ലെന്നാണ് ഡിജിസിഎ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ചട്ടം അനുസരിച്ചുള്ള റൺവേ തയ്യാറാക്കാൻ ചെറുവള്ളി എസ്റ്റേറ്റിലാകില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. വിമാനത്താവളത്തിലെ റൺവേയുടെ നീളം ഉറപ്പുവരുത്താനുള്ള സ്ഥലം അവിടെയില്ല. വിമാനത്താവളത്തിന് വേണ്ടി കേരളം തയ്യാറാക്കി കേന്ദ്രത്തിന് നൽകിയ റിപ്പോർട്ട് വിശ്വസനീയമല്ലെന്നും ഡിജിസിഎ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിന്റെ റിപ്പോർട്ട് അടക്കം പരിശോധിച്ച ശേഷമാണ് ഡിജിസിഎ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചത്. ചെറുവള്ളിയിൽ രണ്ടു ഗ്രാമങ്ങളെ വിമാനത്താവളം ബാധിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ന്യൂഡൽഹി: നാടകീയ നീക്കങ്ങൾക്കൊടുവിൽ പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺ സിംഗ് ചന്നിയെ തെരഞ്ഞടുത്തു. സുഖ്ജീന്തർ സിംഗ് രൺധാവയെ പ്രഖ്യാപിക്കുമെന്ന അറിയിപ്പ് മണിക്കൂറുകൾക്കകം മാറ്റിയാണ് ഹൈക്കമാൻഡ് പുതിയ പ്രഖ്യാപനം നടത്തിയത്. പഞ്ചാബ് മുഖ്യമന്ത്രിയായി രൺധാവയുടെ പേര് പ്രഖ്യാപിച്ച ഉടൻ സിദ്ദു പ്രതിഷേധിക്കുകയും ചന്നിയെ മുഖ്യമന്ത്രിയാക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

അതേസമയം ചന്നിയെ താൻ പിന്തുണയ്ക്കുന്നുവെന്നും എഐസിസി തീരുമാനം അംഗീകരിക്കുന്നതായും സുഖ്ജീന്തർ സിംഗ് രൺധാവെ വ്യക്തമാക്കി. താനല്ല ആരാണ് മുഖ്യമന്ത്രിയെന്ന് വൈകാതെ അറിയാമെന്നായിരുന്നു ആദ്യം രൺധാവെയുടെ പ്രതികരണം. നിലവിൽ പഞ്ചാബിന്റെ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയാണ് ചന്നി. ചംകൗർ സാഹെബ് മണ്ഡലത്തിലെ എംഎൽഎയായ അദ്ദേഹം സംസ്ഥാനത്തെ മുഖ്യമന്ത്രിയാകുന്ന ആദ്യ ദളിത് നേതാവാണ്. 2015-16 കാലഘട്ടത്തിൽ അദ്ദേഹം പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്.

പഞ്ചാബിൽ പുതിയതായി രണ്ട് ഉപമുഖ്യമന്ത്രിമാരെയും തിരഞ്ഞെടുക്കും. ജാതിസമവാക്യങ്ങൾ പാലിച്ചാകും ഈ പേരുകൾ തിരഞ്ഞെടുക്കുകയെന്നാണ് ലഭ്യമാകുന്ന സൂചനകൾ.

ഹൈദരാബാദ്: തെലങ്കാനയിൽ 2400 കോടിയുടെ നിക്ഷേപ പദ്ധതികളിൽ കിറ്റെക്സ് ഒപ്പുവെച്ചു. രണ്ട് പദ്ധതികളിലാണ് കിറ്റെക്സ് ഗ്രൂപ്പും തെലങ്കാന സർക്കാരും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. വാറങ്കലിൽ മെഗാ ടെക്സ്‌റ്റൈൽസ് പാർക്ക്, ഹൈദരാബാദിലെ ഇൻഡസ്ട്രിയൽ പാർക്ക് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിലെ വ്യവസായം ആരംഭിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. തെലങ്കാന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രഞ്ജനും കിറ്റെക്സ് എംഡിയുമാണ് കരാറിൽ ഒപ്പുവെച്ചത്.

തെലങ്കാനയിലെ വ്യവസായത്തിന് സംസ്ഥാന സർക്കാർ പൂർണ പിന്തുണ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഒരു വർഷത്തിനുള്ളിൽ പദ്ധതി ആരംഭിക്കുമെന്നും കിറ്റെക്സ് എംഡി സാബു ജേക്കബ് അറിയിച്ചു. 22,000 പേർക്ക് നേരിട്ടും 18,000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുന്നതാണ് പദ്ധതി. 40,000 തൊഴിലവസരങ്ങളിൽ 85 ശതമാനവും വനിതകൾക്കായിരിക്കും ലഭിക്കുക.

കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതിയിൽ നിന്നും പിന്മാറിയതിന് പിന്നാലെയാണ് കിറ്റെക്സ് ഗ്രൂപ്പിന് തെലങ്കാനയിലേക്ക് ക്ഷണം ലഭിച്ചത്. കേരളത്തിൽ വിവിധ സർക്കാർ വകുപ്പുകൾ കിറ്റെക്സിൽ തുടർച്ചയായി നടത്തിയ പരിശോധനകളിൽ പ്രതിഷേധിച്ചാണ് കിറ്റെക്സ് ഗ്രൂപ്പ് കേരളത്തിലെ 3500 കോടിയുടെ നിക്ഷേപം പിൻവലിച്ചത്. കേരളത്തിൽ വ്യവസായ അനുകൂലമന്തരീക്ഷമില്ലെന്ന് വ്യക്തമാക്കിയാണ് സാബു ജേക്കബ് നിക്ഷേ പദ്ധതികൾ പിൻവലിച്ചത്.

അപ്പാരൽ പാർക്കും മൂന്ന് വ്യവസായ പാർക്കും തുടങ്ങാനായിരുന്നു സർക്കാരും കിറ്റെക്സുമായി ധാരണാ പത്രത്തിൽ ഏർപ്പെട്ടിരുന്നത്. അനാവശ്യമായി പരിശോധനകൾ നടത്തി വ്യവസായത്തെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് കേരളാ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നാണ് കിറ്റെക്സ് ആരോപിച്ചിരുന്നത്.

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് വാക്‌സിനേഷനിൽ റെക്കോർഡ് നേട്ടം കൈവരിച്ചതിന് തൊട്ടുപിന്നാലെ രാജ്യത്തെ വാക്‌സിനേഷൻ കുത്തനെ കുറഞ്ഞതിലാണ് കേന്ദ്ര സർക്കാരിനെതിരെ പരിഹാസവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനമായിരുന്ന വെള്ളിയാഴ്ച രാജ്യത്ത് 2.5 കോടി ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. രാജ്യം റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു. ഇതിന് പിന്നാലെ രാജ്യത്തെ വാക്‌സിനേഷൻ നിരക്ക് കുറഞ്ഞതിനെയാണ് രാഹുൽ ഗാന്ധി വിമർശിച്ചത്.

ചടങ്ങ് അവസാനിച്ചു എന്ന അടിക്കുറിപ്പോടെ രാജ്യത്ത് കഴിഞ്ഞ പത്ത് ദിവസം വിതരണം ചെയ്ത വാക്‌സിനേഷൻ നിരക്കിന്റെ ഗ്രാഫ് ഉൾപ്പെടെ പങ്കുവെച്ചു കൊണ്ടാണ് രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ.

നരേന്ദ്ര മോദിയുടെ പിറന്നാൽ ദിനത്തിൽ മാത്രം വാക്‌സിനേഷൻ കുത്തനെ വർധിക്കുകയും അതിന് മുൻപും ശേഷവുമുള്ള ദിവസങ്ങളിൽ വാക്‌സിനേഷൻ കുറഞ്ഞുവെന്നും രാഹുൽ ഗാന്ധി ആരോപിക്കുന്നു. മോദിയുടെ പിറന്നാൾ ദിനത്തിലേതിന് സമാനമായി ഉയർന്ന തോതിലുള്ള വാക്‌സിനേഷൻ തുടർദിവസങ്ങളിലും വേണമെന്നും ഇത്തരത്തിൽ ഉയർന്ന വാക്‌സിനേഷനാണ് രാജ്യത്ത് വേണ്ടതെന്നും നേരത്തെ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

ന്യൂഡൽഹി: സെറോ ടൈപ്പ് – 2 ഡെങ്കി വൈറസിനെതിരെ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. കേരളം ഉൾപ്പടെയുളള 11 സംസ്ഥാനങ്ങൾക്കാണ് അത്യന്തം മാരകമായ ഈ വൈറസിനെ കുറിച്ച് കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണാടക, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് സെറോ ടൈപ്പ് – 2 ഡെങ്കി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകി കേന്ദ്രം രംഗത്തെത്തിയത്.

വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്രം നടത്തിയ കോവിഡ് അവലോകന യോഗത്തിലാണ് നടപടി. കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് ഡെങ്കി വൈറസിനെതിരെ മുന്നറിയിപ്പ് നൽകിയത്. മറ്റുള്ള രോഗങ്ങളേക്കാൾ ഏറ്റവും അപകടകാരികളാണ് സെറോ ടൈപ്പ് – 2 ഡെങ്കി കേസുകളെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി. ഗുരുതരമായ ഈ പ്രശ്‌നം വളരെ എളുപ്പത്തിൽ മറികടക്കാൻ സംസ്ഥാനങ്ങൾ നേരത്തെ തന്നെ ശക്തമായ മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പനി സംബന്ധിച്ച ഹെൽപ് ഡെസ്‌കുകൾ ആരംഭിക്കണം, ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകൾ ആവശ്യത്തിന് സ്റ്റോക്ക് ചെയ്യണമെന്നും അവശ്യമായ മരുന്നുകളും ഉണ്ടായിരിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. ആഘോഷ സമയങ്ങളിൽ ജനങ്ങൾ കൂടിച്ചേരുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണമെന്നും മാളുകൾ, മാർക്കറ്റുകൾ ആരാധനാലയങ്ങൾ തുടങ്ങിയിടങ്ങളിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ കർശനമായും പാലിക്കണമെന്നും കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം: ഇടതു വലതു മുന്നണികൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനം. എൽഡിഎഫും യുഡിഎഫും കേരളത്തിൽ തീവ്രവാദം വളരുന്നതിന് സഹായിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത 5-10 വർഷത്തിനുള്ളിൽ കേരളം മറ്റൊരു അഫ്ഗാനിസ്താനായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് വലിയ തോതിലാണ് താലിബാനിസം വളരുന്നത്. കഴിഞ്ഞ 25 വർഷത്തോളമായി കേരളത്തിലെ പല ഭാഗങ്ങളിലും ഇത് ഉയർന്നു വരുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭീകരസംഘടനകളുടെ പ്രധാന റിക്രൂട്ടിങ് കേന്ദ്രമായി കേരളം മാറിയെന്ന മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ പരാമർശവും അദ്ദേഹം ഓർമ്മിപ്പിച്ചു.

നാർക്കോട്ടിക്സ് ജിഹാദ് പരമാർശത്തിന് ശേഷം ക്രിസ്ത്യൻ വിഭാഗക്കാർക്കും പാലാ ബിഷപ്പിനും സുരക്ഷ നൽകണമെന്നും വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്നും ബിജെപി ജനറൽ സെക്രട്ടറി ജോർജ് കുര്യനും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അൽഫോൺസ് കണ്ണന്താനം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

കൊച്ചി: കോൺഗ്രസിൽ ഉടൻ നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ട് ശശി തരൂർ എംപി. കോൺഗ്രസ് അദ്ധ്യക്ഷ പദവി ഒഴിയണമെന്ന് സോണിയ ഗാന്ധി തന്നെ പറയുന്നുണ്ടെന്നും ആ സാഹചര്യത്തിൽ എഐസിസിയിൽ ഉടൻ നേതൃമാറ്റം ഉണ്ടാകണമെന്നുമാണ് തരൂർ ആവശ്യപ്പെടുന്നത്. മുവാറ്റുപുഴയിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അദ്ധ്യക്ഷ സ്ഥാനം ഒഴിയാൻ സോണിയ പലതവണ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുള്ളതാണ്. അങ്ങനെയെങ്കിൽ പുതിയ നേതൃമാറ്റം ഉടൻ ഉണ്ടാകണമെന്നും. അത് കോൺ്ഗ്രസിന്റെ തിരിച്ചു വരവിന് കൂടുതൽ ഊർജ്ജം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധി മികച്ച നേതാവാണ്. രാഹുൽ അധ്യക്ഷ പദവി ഒഴിഞ്ഞ ശേഷം സോണിയ താൽക്കാലിക അദ്ധ്യക്ഷയായി ചുമതലയേൽക്കുകയായിരുന്നു. സ്ഥിരം അദ്ധ്യക്ഷൻ വേണമെന്ന ആവശ്യം നേതാക്കൾക്കിടയിലുണ്ട്. രാഹുൽ ആ സ്ഥാനത്തേക്ക് തിരിച്ചു വരികയാണെങ്കിൽ ഉടൻ ഉണ്ടാകണം. അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചു വരണമെങ്കിൽ ഇപ്പോൾ തന്നെ കോൺഗ്രസിൽ അഴിച്ചുപണികൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ കോൺഗ്രസിൽ നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിയെ നേരിൽക്കണ്ട് 21 കോൺഗ്രസ് നേതാക്കൾ കത്ത് നൽകിയിരുന്നു. ഇതിൽ ഒരാളാണ് ശശി തരൂർ.

തിരുവനന്തപുരം: കോൺഗ്രസിന് പാർട്ട് ടൈം ജോലിക്കാരെ വേണ്ടെന്ന് കെ മുരളീധരൻ എംപി. പാർട്ടിയ്ക്ക് മുഴുവൻ സമയ പ്രവർത്തകരെ മതിയെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കം താനുൾപ്പെടെ എല്ലാവർക്കും ബാധകമാണെന്നും ഇനി വിട്ടുവീഴ്ച ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ശീലങ്ങൾ മാറണം. തെരഞ്ഞെടുപ്പ് വരുമ്പോൾ സ്ഥാനാർത്ഥിയെ പാര വയ്ക്കുന്ന ആളുകളെ പാർട്ടിയ്ക്ക് വേണ്ട. ആദർശത്തിന്റെ പേരിലല്ല ഇപ്പോൾ മൂന്നുേപർ പാർട്ടി വിട്ടത്. എ കെ ജി സെന്ററിൽ സ്വീകരിക്കുന്ന തരത്തിൽ അവർ അധ:പതിച്ചുവെന്നും ജി സുധാകരനെ പുറത്താൻ നോക്കുന്ന പാർട്ടിയിലേക്കാണ് അവർ പോയതെന്നും കെ മുരളീധരൻ വിമർശിച്ചു. തിരുവനന്തപുരം ജില്ല കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കോൺഗ്രസിന്റെ ഭരണഘടന തന്നെ സെമി കേഡർ ആണ്. എന്നാൽ പ്രത്യേക യോഗങ്ങൾ വിളിച്ചുള്ള സെമി കേഡർ അല്ല ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെ കെ മുരളീധരൻ പുകഴ്ത്തുകയും ചെയ്തി. എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടു പോയ കെ കരുണാകരന്റെ ശൈലിയാണ് പിണറായിക്ക്. ജാതി മത വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടു പോകാനുള്ള അസാധാരണ ശേഷി പിണറായിക്ക് ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

നേമത്ത് അടിയൊഴുക്കുകൾ ഉണ്ടായി. അത് തടയാൻ കഴിഞ്ഞെങ്കിൽ ജയിക്കാൻ കഴിഞ്ഞേനെയെന്നും കെ മുരളിധരൻ അഭിപ്രായപ്പെട്ടു. സ്റ്റാൻ സ്വാമിയെ കൊന്നവരാണ് ഇപ്പോൾ പാലാ ബിഷപ്പിന് പിന്തുണ നൽകുന്നത്. ബി ജെ പി ക്ക് വളരാൻ സി പി എം സഹായം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലക്നൗ: ഉത്തർ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുക പ്രിയങ്കാ ഗാന്ധി. കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദാണ് ഇക്കാര്യം അറിയിച്ചത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുളള ബിജെപിക്കെതിരെ പ്രിയങ്കയാണ് കോൺഗ്രസിനെ നയിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ആരാകും മുഖ്യമന്ത്രിയെന്ന് തീരുമാനിക്കുന്നതും പ്രിയങ്ക തന്നെയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പാർട്ടി നേതൃത്വമാറ്റത്തെക്കുറിച്ചുളള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്കും അദ്ദേഹം പ്രതികരിച്ചു. ചോദ്യങ്ങൾക്ക് നിലവിൽ പാർട്ടിക്ക് ഒരു പ്രസിഡന്റുണ്ട്. അവരിൽ പാർട്ടിയിലെ നേതാക്കൾക്കും പ്രവർത്തകർക്കും പൂർണ തൃപ്തിയുണ്ട്. പാർട്ടിയുടെ പുറത്തുളളവർക്കാണ് പാർട്ടി നേതൃത്വത്തെ കുറിച്ച് തൃപ്തിയില്ലാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് പ്രസിഡന്റായി രാഹുൽ ഗാന്ധി തന്നെ മടങ്ങിവരണമെന്ന് കോൺഗ്രസ് സമൂഹമാദ്ധ്യമ വിഭാഗം പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സൽമാൻ ഖുർഷിദിന്റെ പ്രതികരണം. മുൻപ് ഡൽഹി മഹിളാ കോൺഗ്രസും യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വവും ഇതേകാര്യം ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.

2022 ഫെബ്രുവരി-മാർച്ച് മാസങ്ങളിലാകും ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കുക.

കാബൂൾ: അഫ്ഗാനിസ്താനിൽ സെക്കൻഡറി ക്ലാസുകളിൽ പെൺകുട്ടികൾക്ക് വിലക്കേർപ്പെടുത്തി താലിബാൻ. ശനിയാഴ്ച ആരംഭിച്ച സെക്കൻഡറി ക്ലാസുകളിൽ ഇപ്പോൾ ആൺകുട്ടികൾ മാത്രമെയുള്ളൂവെന്നാണ് റിപ്പോർട്ട്. സ്ത്രീകൾക്ക് പഠനത്തിന് സ്വാതന്ത്ര്യം നൽകുമെന്നതടക്കമുള്ള വാഗ്ദാനങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് താലിബാൻ തങ്ങളുടെ തനിനിറം വെളിപ്പെടുത്തിയിരിക്കുന്നത്.

തങ്ങൾ മാറിയെന്ന് വെളിപ്പെടുത്തിയാണ് അഫ്ഗാനിൽ താലിബാൻ അധികാരത്തിലേറിയത്. എന്നാൽ കാടത്ത ഭരണമാണ് അഫ്ഗാനിൽ താലിബാൻ കാഴ്ച്ചവെയ്ക്കുന്നതെന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

ക്ലാസുകളിൽ ആൺകുട്ടികളും ആൺ അദ്ധ്യാപകരും മാത്രം മതിയെന്നാണ് താലിബാൻ നൽകിയിരിക്കുന്ന നിർദ്ദേശം. ഇതോടെയാണ് പെൺകുട്ടികളില്ലാതെ ക്ലാസുകൾ ആരംഭിച്ചത്. പെൺകുട്ടികളുടെ സ്വാതന്ത്ര്യവും വിദ്യാഭ്യാസത്തിനുള്ള അവകാശവും സ്വപ്‌നങ്ങളുമാണ് താലിബാൻ ഭീകരർ ചവിട്ടി മെതിച്ചത്. ജീവിതത്തിലെ സ്വപ്‌നങ്ങളെല്ലാം തകർന്നുവെന്നാണ് താലിബാനിലെ പെൺകുട്ടികൾ പറയുന്നതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പെൺകുട്ടികളുടെ രക്ഷിതാക്കളും ആശങ്കയിലാണ്.

സ്ത്രീകളുടെ അവകാശങ്ങൾ ഇസ്ലാമിക നിയമപ്രകാരം നിലനിർത്തുമെന്നും സ്ത്രീകളോടും പെൺകുട്ടികളോടുമുള്ള വേർതിരിവ് അവസാനിപ്പിക്കുമെന്നും സ്ത്രീ വിദ്യാഭ്യാസത്തെ തടയില്ലെന്നും വ്യക്തമാക്കി ഏതാനും ദിവസങ്ങൾക്ക് മുൻപ് താലിബാൻ നൽകിയ വാഗ്ദാനങ്ങളാണ് ഇപ്പോൾ പാഴ്‌വാക്കായിരിക്കുന്നത്. സ്ത്രീകളെയും പെൺകുട്ടികളെയും എല്ലാത്തിൽനിന്നും പുറത്തുനിർത്തുന്ന പഴയ ഭീകര ഭരണത്തിലേക്കാണ് താലിബാന്റെ പോക്ക്.