ക്ലബ് ഹൗസിൽ സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന റെഡ് റൂമുകൾ സജീവമാകുന്നു; മുന്നറിയിപ്പ് നൽകി പോലീസ്

club house

തിരുവനന്തപുരം: ക്ലബ് ഹൗസിൽ സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന റെഡ് റൂമുകൾ സജീവമാകുന്നതായി റിപ്പോർട്ട്. അർദ്ധ രാത്രികളിൽ സജീവമാകുന്ന ഇത്തരം റെഡ് റൂമുകൾക്കെതിരെ നിരീക്ഷണം ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.

റെഡ് റൂമുകൾ ഹണി ട്രാപ്പ് പോലുള്ള കുറ്റകൃത്യങ്ങളിലേക്ക് നീങ്ങിയേക്കാം എന്നാണ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്. മലയാളികൾ അടക്കം ഇത്തരം റൂമുകൾ നടത്തുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഹിന്ദി തമിഴ് ഭാഷകളിലുള്ള റെഡ് റൂമുകൾ നേരത്തെ തന്നെ ക്ലബ് ഹൗസിൽ ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇത്തരം റെഡ് റൂമുകൾ മലയാളത്തിലേക്കും വന്നത്. റെഡ് റൂമുകൾ നടത്തുന്ന മോഡറേറ്റർമാരെ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നാണ് സൂചന. ഇവരുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്നും റെഡ് റൂമുകളിലെ സ്ഥിരം കേൾവിക്കാരെയും പൊലീസ് ചോദ്യം ചെയ്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

സ്ത്രീ, പുരുഷഭേദം ഇല്ലാതെയാണ് ഇത്തരം റൂമുകൾ സംഘടിപ്പിക്കപ്പെടുന്നത്. അശ്ലീല സംസാരങ്ങളും, ചോദ്യത്തോരങ്ങളുമായി തുറന്ന സംസാരം എന്നാണ് ഇത്തരം റൂമുകളുടെ രീതി. കേൾവിക്കാരായി ആയിരത്തിന് മുകളിൽ ആളുകളെ ഇത്തരം റൂമുകൾ ആകർഷിക്കുന്നുവെന്നും 18 ന് മുകളിൽ എന്ന ലേബലുമായി എത്തുന്ന ഗ്രൂപ്പുകളിൽ പലപ്പോഴും കൗമരക്കാരാണ് കൂടുതലെന്നുമാണ് സൂചന. അശ്ലീല റൂമുകളിൽ ഏറെയും കൗമാരക്കാരാണെന്നാണ് സൈബർ പൊലീസ് നൽകുന്ന മുന്നറിയിപ്പ്. മൊബൈൽ ഫോണുകൾ രാത്രി രക്ഷിതാക്കൾ വാങ്ങി വെയ്ക്കുന്നതാവും സുരക്ഷിതമെന്ന് പൊലീസ് അറിയിച്ചു.