മലപ്പുറം: കേരളത്തിൽ അതി ഭീകരമായ നാർക്കോട്ടിക് മാഫിയ പിടിമുറുക്കുന്നുണ്ടെന്ന് മുസ്ലീം ലീഗ് എംഎൽഎ നജീബ് കാന്തപുരം. പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശം വിവാദമാകുന്നതിനിടെയാണ് നജീബ് കാന്തപുരം ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് കാലത്ത് നാർക്കോ സംഘങ്ങളുടെ ശ്രംഖല അതിന്റെ വല ശക്തമായി വിരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പെൺകുട്ടികളടക്കം പിഞ്ചു കുട്ടികളെ പോലും നാർക്കോ സംഘങ്ങളുടെ കണ്ണികളാക്കി മാറ്റാൻ വളരെ വലിയ ശ്രമങ്ങൾ നടക്കുന്നുണ്ട്. പണമുണ്ടാക്കാൻ ഏത് വൃത്തി കെട്ട വഴിയും സ്വീകരിക്കുന്ന വലിയൊരു സംഘം ഇതിന് പിന്നിലുണ്ട്. ഏത് കുട്ടിയും വലയിൽ വീണു പോകും വിധമാണ് ഇതിന്റെ നെറ്റ്‌വർക്കെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാലാ ബിഷപ്പ് ആരോപിച്ച തരത്തിലല്ല ഇതിന്റെ വ്യാപ്തി. ഈ ലഹരി മാഫിയക്ക് മതം മാത്രമല്ല. കണ്ണും മൂക്കുമില്ല. ഹൃദയവുമില്ല. പണക്കൊതി മാത്രമെയുള്ളൂ. ഭരണ കൂടവും പൊതുജനങ്ങളും ഓരോ കുടുംബവും അതീവ ജാഗ്രത പുലർത്തണം. വെറുതെ മതങ്ങളെ ചാർത്തി ഈ വിഷയത്തെ അതിന്റെ യഥാർത്ഥ പ്രശ്‌നത്തിൽ നിന്ന് വഴിതിരിച്ച് വിടരുത്. അത് തെറ്റും ദുരുദ്ദേശപരവുമാണ്. ഇന്ന് നേരിട്ടറിഞ്ഞ നെഞ്ച് പിളർക്കുന്ന ഒരു യാഥാർത്ഥ്യത്തിൽ നിന്നാണ് ഈ കുറിപ്പ് പങ്കുവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

