തിരുവനന്തപുരം: കോൺഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കോൺഗ്രസ് വർഗീയ ചേരിതിരിവിന് ശ്രമം നടത്തുന്നുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് വിവിധ സമുദായ നേതാക്കളെ നേരിൽ സന്ദർശിച്ച് സമവായശ്രമം നടത്തുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കേരളത്തിൽ സാമുദായിക സംഘർഷത്തിന് സാഹചര്യമില്ല. ബി ജെ പി യുടെ നിലപാടുകൾക്ക് പിൻപാട്ട് പാടുകയാണ് രമേശ് ചെന്നിത്തലയെന്നും എ വിജയരാഘവൻ വ്യക്തമാക്കി. അതേസമയം പാലാ ബിഷപ്പിന്റെ പരാമർശം അടഞ്ഞ അദ്ധ്യായമാണെന്നാണ് എ കെ ബാലൻ പറയുന്നത്.
സർക്കാർ ഒരു ശ്രമവും നടത്താത്ത പശ്ചാത്തലത്തിലാണ് സാമുദായിക സൗഹാർദത്തിന് കെ.പി.സി.സിയുടെ നേതൃത്വത്തിൽ നേതാക്കളുമായി ചർച്ച നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അറിയിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിന് സർക്കാർ തയാറായാൽ പൂർണ പിന്തുണ പ്രതിപക്ഷം നൽകും. സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ ഈ നാട്ടിലല്ലേ ജീവിക്കുന്നതെന്നും ഇവിടെ നടക്കുന്നതൊന്നും കാണുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഈ വിഷയത്തിൽ സ്വന്തമായ അഭിപ്രായം പോലും സി.പി.എം സെക്രട്ടറിക്കില്ല. സ്വന്തമായ അഭിപ്രായം വിജയരാഘവൻ പറഞ്ഞാൽ അതിന് മറുപടി പറയാമെന്നും സതീശൻ കൂട്ടിച്ചേർത്തു.

