കോവിഡ് വാക്‌സിനേഷൻ വിതരണത്തിൽ സംസ്ഥാനം നിർണായക നേട്ടം കരസ്ഥമാക്കി; ആദ്യ ഡോസ് 90 ശതമാനം കടന്നുവെന്ന് വീണാ ജോർജ്

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷൻ വിതരണത്തിൽ സംസ്ഥാനം നിർണായക നേട്ടം കരസ്ഥമാക്കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കേരളത്തിൽ വാക്സിനേഷൻ ആദ്യ ഡോസ് 90 ശതമാനം കടന്നുവെന്നും അഞ്ച് സംസ്ഥാനങ്ങളിൽ ഇത് നൂറ് ശതമാനത്തിനടുത്താണെന്നും വീണാ ജോർജ് വ്യക്തമാക്കി. ഇതുവരെ 2,39,67,633 (2.39 കോടി) പേർക്ക് ആദ്യ ഡോസ് നൽകിയെന്നും മന്ത്രി പറഞ്ഞു.

വാക്സിനെടുക്കാൻ വിമുഖത പാടില്ല. മരണസംഖ്യ കൂടുതലും വാക്സിനെടുക്കാത്തവരിലാണ്. കോവിഡ് ജാഗ്രതയിൽ ഒരു വിട്ടുവീഴ്ചയും വരുത്തരുത്. ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെയുള്ള പ്രതിരോധം പാലിച്ചാൽ മാത്രമേ ഇപ്പോഴുള്ള ഇളവുകൾ തുടരാൻ കഴിയൂവെന്നും മന്ത്രി വിശദീകരിച്ചു.

ഡെങ്കി പനിയെ കുറിച്ച് പ്രചരിക്കുന്ന വാർത്തകളെ കുറിച്ചും ആരോഗ്യ മന്ത്രി പ്രതികരിച്ചു. ഡെങ്കി പനി സംബന്ധിച്ച് ചില തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഡെങ്കി പനിക്ക് നാല് വകഭേദങ്ങളാണ് ഉള്ളത്. ഇതിൽ രണ്ടാം വകഭേദം പുതിയതായി ഉണ്ടായ ഒന്നാണെന്ന തരത്തിൽ ചില പ്രചാരണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അത് തെറ്റാണ്. 2017 ൽ രാജ്യത്ത് കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ഈ വകഭേദം റിപ്പോർട്ട് ചെയ്തിരുന്നു. ഡെങ്കിയുടെ നാല് വകഭേദങ്ങളിൽ ഏറ്റവും അപകടകരമായത് രണ്ടാമത്തേതാണെന്നും വീണാ ജോർജ് മുന്നറിയിപ്പ് നൽകി.