General (Page 1,402)

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൽ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച്ച നടത്തും. വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ഷ്രിംഗ്ലയാണ് ഇക്കാര്യം അറിയിച്ചത്. മതമൗലികവാദവത്ക്കരണവും തീവ്രവാദവും തടയാനുള്ള വഴികളാണ് ഇരുവരും ഉഭയകക്ഷി കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുകയെന്ന് അദ്ദേഹം അറിയിച്ചു. അഫ്ഗാനിസ്താനിലെ പ്രാദേശിക സുരക്ഷാസാഹചര്യത്തെ കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്യും.

ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിലും നരേന്ദ്ര മോദി പങ്കെടുത്തും. യുഎസ് പ്രസിഡന്റും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. ആഗോള തീവ്രവാദ ശൃംഖലകൾ തകർക്കൽ, അതിർത്തിക്ക് കുറുകെയുള്ള തീവ്രവാദം, തീവ്രവാദവും മതമൗലികവാദവൽക്കരണവും തടയൽ എന്നിവയാണ് പ്രധാന ചർച്ചാ വിഷയം. സെപ്തംബർ 24 ന് വീണ്ടും മോദിയും ബൈഡനും തമ്മിൽ ഉഭയകക്ഷി ചർച്ച നടക്കുമെന്നും ഈ ചർച്ചയിൽ ഇന്ത്യാ-യുഎസ് ബന്ധങ്ങൾ വിലയിരുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ഇരുവരും സംസാരിക്കും. വ്യാപാരം, നിക്ഷേപ ബന്ധങ്ങൾ എന്നിവ ശക്തിപ്പെടുത്തുക, പ്രതിരോധ സുരക്ഷാ പങ്കാളിത്തങ്ങൾ മെച്ചപ്പെടുത്തുക, ക്ലീൻ എനർജി മേഖലയിലെ പങ്കാളിത്തം വിപുലമാക്കുക തുടങ്ങിയവയും ചർച്ചാ വിഷയമാകുമെന്ന് ഷ്രിംഗ്ല വിശദമാക്കി.

യുഎസ്-ബ്രിട്ടൻ-ആസ്ത്രേല്യ എന്നീ ത്രിരാഷ്ട്രങ്ങളുടെ ഉടമ്പടിയായ ഓകസ് ഉടമ്പടിയും ക്വാഡ് രാഷ്ട്രങ്ങളും തമ്മിൽ വ്യത്യാസമുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ജപ്പാൻ, ഓസ്‌ട്രേലിയ, അമേരിക്ക, ഇന്ത്യ എന്നീ നാല് രാഷ്ട്രങ്ങൾ അംഗങ്ങളായ ക്വാഡ് ഇന്തോൃ-പസഫിക് മേഖലയിലെ ആവശ്യങ്ങൾ നിർവ്വഹിക്കുന്ന സംഘമാണ്. മൂന്ന് രാഷ്ട്രങ്ങൾ ചേർന്നുണ്ടാക്കിയ ഒരു ഉടമ്പടിയാണ് ഓക്‌സെന്നും ഇത് ക്വാഡിനെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഷിംഗ്ടൺ: ഇന്ത്യയിൽ വിവിധ മതവിഭാഗങ്ങളിൽ ജനനനിരക്ക് എങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്ന എന്ന് വ്യക്തമാക്കുന്ന പഠന റിപ്പോർട്ട് പുറത്ത്. അമേരിക്കൻ തിങ്ക് ടാങ്ക് ഗ്രൂപ്പായ പ്യൂ റിസർച്ച് സെന്ററാണ് പഠനം നടത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഇപ്പോഴും കൂടുതൽ ജനനനിരക്ക് മുസ്ലീങ്ങളിലാണെന്നാണ് പഠനത്തിൽ പറയുന്നത്. മുൻവർഷങ്ങളേ അപേക്ഷിച്ച് രാജ്യത്തെ എല്ലാ മതവിഭാഗങ്ങളിലും പെട്ടവരിൽ ജനനനിരക്ക് കുറയുകയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ മുസ്ലീങ്ങളിൽ ജനനനിരക്ക് 1992 ൽ ഒരു സ്ത്രീക്ക് 4.4 കുട്ടികളായിരുന്നത് 2015 ൽ 2.6 കുട്ടികളായി കുറഞ്ഞു. ഇതേ സ്വഭാവമാണ് രാജ്യത്തെ മറ്റ് മതവിഭാഗങ്ങളായ ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന മതത്തിലുള്ളവർക്കിടയിലും സംഭവിക്കുന്നതെന്ന് പഠനത്തിൽ വിശദമാക്കിയിട്ടുണ്ട്. ഇക്കാലയളവിൽ ഹിന്ദുക്കൾക്കിടയിൽ ജനന നിരക്ക് 2.1 ആണ്, 1991 ൽ 3.3 ആയിരുന്നു നിരക്ക്. രാജ്യത്ത് ജനനനിരക്ക് ഏറ്റവും കുറവ് ജൈന മതവിഭാഗത്തിൽപ്പെട്ടവരിലാണ് 1.2 ആണ് ജൈനരിലെ ജനന നിരക്ക്.

രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കിടയിൽ ജനനനിരക്ക് വർദ്ധിക്കുന്നുവെന്ന ചില കോണുകളിൽ നിന്നുയരുന്ന അവകാശ വാദങ്ങൾ തെറ്റാണെന്നും റിപ്പോർട്ടിൽ പറയുന്നു. 1992 -ൽ മുസ്ലീം സ്ത്രീകൾക്ക് ഹിന്ദു സ്ത്രീകളേക്കാൾ ശരാശരി 1.1 കുട്ടികൾ കൂടുതലുണ്ടായിരുന്നത് 2015 ഓടെ 0.5 ആയി ചുരുങ്ങി. 2011 -ൽ നടത്തിയ സെൻസസിൽ ഇന്ത്യയിലെ ജനസംഖ്യയിൽ 79.8 ശതമാനം ഹിന്ദുക്കളായിരുന്നു, അത് 2001 ലെ മുൻ സെൻസസിനേക്കാൾ 0.7 ശതമാനം കുറവാണ്. 2001 ൽ 13.4 ശതമാനമായിരുന്ന മുസ്ലീങ്ങളുടെ വിഹിതം 2011 -ൽ 14.2 ശതമാനമായി ഉയർന്നുവെന്നും 1951 മുതൽ മൊത്തം ജനസംഖ്യയിൽ 9.8 ശതമാനം മുസ്ലീങ്ങളാണ് ഉണ്ടായിരുന്നതെന്നും പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ക്രിസ്ത്യാനികൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനർ തുടങ്ങിയവരെല്ലാം ബാക്കി ജനസംഖ്യയുടെ ആറു ശതമാനമാണ്. അതേസമയം രാജ്യത്തെ ജനനനിരക്കിൽ വിദ്യാഭ്യാസം പ്രധാന ചാലക ശക്തിയാണെന്നും ആയുർദൈർഘ്യം, ജോലി, സാമ്പത്തിക സ്ഥിതി എന്നിവയും നിർണായകമാണെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ന്യൂഡൽഹി: ഫൈസർ, മൊഡേണ കോവിഡ് വാക്‌സിനുകൾ കേന്ദ്ര സർക്കാർ വാങ്ങിയേക്കില്ലെന്ന് റിപ്പോർട്ട്. ആരോഗ്യമന്ത്രാലയത്തിലെ വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസി റോയിട്ടേഴ്‌സാണ് ഈ റിപ്പോർട്ട് പുറത്തു വിട്ടത്. വാക്‌സിൻ കാരണം വിപരീത ഫലം സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാര ബാധ്യതയിൽ നിന്ന് ഒഴിവാക്കണമെന്ന ഫൈസറിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് വാക്‌സിൻ വാങ്ങുന്നതിൽ നിന്നും കേന്ദ്ര സർക്കാർ പിൻവാങ്ങുന്നതെന്നാണ് വിവരം.

ഫൈസർ വാക്‌സിൻ ആവശ്യമുള്ള ഒരു സമയമുണ്ടായിരുന്നു. ഇന്ത്യയിൽ വാക്‌സിന് ക്ഷാമം ഉണ്ടായിരുന്ന സമയം. എന്നാൽ ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഉയർന്ന നിരക്കിലാണ് ഫൈസർ വാക്‌സിൻ നൽകുന്നതെന്നും പിന്നെ എന്തിനാണ് ഫൈസറിന്റെ ഉപാധികൾ അംഗീകരിക്കണമെന്നും അദ്ദേഹം പറയുന്നു.

ഫൈസർ, മൊഡേണ വാക്‌സിൻ സർക്കാർ വാങ്ങിക്കില്ലെന്നും എന്നാൽ സ്വകാര്യ കമ്പനികളുമായി കരാറിലേർപ്പെടുന്നതിന് തടസ്സമില്ലെന്നും അദ്ദേഹം അറിയിച്ചു. മുംബൈ ആസ്ഥാനമായ സിപ്ല കമ്പനിക്കാണ് മൊഡേണ വാക്‌സിൻ ഇറക്കുമതിക്ക് അനുമതി നൽകിയത്. എന്നാൽ ദീർഘകാലം വാക്‌സിൻ സൂക്ഷിക്കാൻ സാധാരണ റഫ്രിജറേറ്റർ തണുപ്പിനേക്കാൾ കൂടിയ ശീതീകരണ സംവിധാനം വേണമെന്നതാണ് മൊഡേണ വാക്‌സിന്റെ പ്രതിസന്ധി. ഫൈസറിനും ഈ പ്രതിസന്ധി നിലനിൽക്കുന്നുണ്ടെന്നാണ് സൂചനകൾ.

കാബൂൾ: അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ തനിസ്വരൂപം കാട്ടി താലിബാൻ. അഫ്ഗാന്റെ ഭരണം പിടിച്ചപ്പോൾ സ്ത്രീകൾക്ക് വിദ്യാഭാസത്തിനും ജോലിയ്ക്കുമുള്ള അവസരങ്ങൾ നൽകുമെന്നായിരുന്നു താലിബാൻ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ തങ്ങളുടെ യഥാർത്ഥ നയം വ്യക്തമാക്കുകയാണ് താലിബാൻ. ഇതിന്റെ ഭാഗമായി ആൺകുട്ടികൾക്ക് മാത്രം സെക്കഡറി വിദ്യാഭ്യാസം ആരംഭിക്കുകയും, സ്ത്രീകളോട് തൊഴിലിന് വരേണ്ട എന്ന് അറിയിപ്പ് നൽകുകയും ചെയ്തു കഴിഞ്ഞുവെന്നാണ് വിവരം.

സ്ത്രീകൾക്ക് ചെയ്യാൻ ഒരു ജോലി മാത്രമേ ഉള്ളു എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കാബൂളിന്റെ ആക്ടിംഗ് മേയർ ഹംദുള്ള നൊഹ്മാനി. പൊതു ശൗചാലയങ്ങൾ വൃത്തിയാക്കുക മാത്രമാണ് അവർക്ക് ഇണങ്ങുന്ന ഏക ജോലിയെന്ന് ഹംദുള്ള നൊഹ്മാനി പറയുന്നു. സ്ത്രീകൾ ഉപയോഗിക്കുന്ന ശൗചാലയങ്ങൾ മാത്രം അവർ വൃത്തിയാക്കിയാൽ മതിയെന്നും മേയർ വിശദീകരിക്കുന്നു. പുരുഷന്മാർക്ക് ചെയ്യാൻ കഴിയാത്ത ജോലികളിൽ മാത്രമേ സ്ത്രീകളെ നിയോഗിക്കു എന്ന് നേരത്തെ തന്നെ മേയർ അറിയിച്ചിരുന്നതാണ്. ചന്തകളിലുള്ള പൊതു ശൗചാലയങ്ങളിലാണ് സ്ത്രീകളെ ജോലി ചെയ്യാനായി നിയോഗിക്കുകയെന്നാണ് റിപ്പോർട്ട്.

മതനിയമങ്ങൾക്ക് അനുസൃതമായി സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുമെന്നാണ് മുൻപ് താലിബാൻ പറഞ്ഞിരുന്നത്. സ്ത്രീകൾക്ക് യൂണിവേഴ്‌സിറ്റിയിൽ ചേരാമെന്നും താലിബാൻ വാഗ്ദാനം ചെയ്തിരുന്നു. നിലവിൽ സാഹചര്യം സുരക്ഷിതമല്ലെന്നും സ്ത്രീകൾ വീട്ടിൽ തന്നെ ഇരുന്നാൽ മതിയെന്നുമാണ് ഇപ്പോൾ താലിബാൻ പറയുന്നത്.

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമം തടയാൻ നിർദ്ദേശിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. ആരോഗ്യപ്രവർത്തകരെ ആക്രമിച്ച കേസുകളിൽ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ഉത്തരവിട്ടു. ആശുപത്രികളിലെ പോലീസ് എയ്ഡ് പോസ്റ്റുകൾ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

അടുത്തിടെയായി ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക് നേരേ അതിക്രമങ്ങൾ വർധിച്ച സാചര്യത്തിലാണ് ഡിജിപി പുതിയ സർക്കുലർ പുറത്തിറക്കിയത്. ആശുപത്രികളിലെ കാഷ്വാലിറ്റികളിലും ഒ.പികളിലും പോലീസ് കൃത്യമായ ഇടവേളകളിൽ നിരീക്ഷണം നടത്തണമെന്നും ആരോഗ്യപ്രവർത്തകർക്ക് നേരേ കൈയേറ്റ ശ്രമങ്ങളില്ലെന്ന് ഉറപ്പുവരുത്തമെന്നും അദ്ദേഹം ഉത്തരവിൽ നിർദ്ദേശിട്ടുണ്ട്.

അതിക്രമങ്ങൾ സംബന്ധിച്ച ആരോഗ്യപ്രവർത്തകരുടെ പരാതി ലഭിച്ചാൽ ഉടനടി നടപടി സ്വീകരിക്കണം. ഇത്തരം സംഭവങ്ങളിൽ നിലവിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസുകൾ എത്രയും വേഗം കോടതികളിലെത്തിക്കണം. അതിക്രമങ്ങൾ സംബന്ധിച്ച പരാതികളിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ പ്രവർത്തനം ജില്ലാ പോലീസ് മേധാവിമാർ നിരീക്ഷിക്കും. പ്രവർത്തനങ്ങൾ ഏകോപിക്കാനും ജില്ലാ പോലീസ് മേധാവിമാരെ നിരീക്ഷിക്കാനും അതാത് റേഞ്ച് ഐജിമാർക്കും ഡിഐജിമാർക്കും നിർദേശം നൽകിയിട്ടുണ്ട്. ഓരോ മാസവും ഇതുസംബന്ധിച്ച റിപ്പോർട്ട് റേഞ്ച് ഐജിമാരും ഡിഐജിമാരും എഡിജിപിക്ക് നൽകണമെന്നും ഉത്തരവിൽ വിശദമാക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു കോടിയിലധികം പേർ കോവിഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ച് വാക്സിനേഷൻ പൂർത്തിയാക്കി. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷൻ 90 ശതമാനവും (90.31) കഴിഞ്ഞ് ലക്ഷ്യത്തോടടുക്കുകയാണ്. 2,41,20,256 പേർ ആദ്യ ഡോസ് വാക്സിനും 1,00,90,634 പേർ രണ്ടാം ഡോസ് വാക്സിനും (37.78 ശതമാനം) എടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 3,42,10,890 ഡോസ് വാക്സിൻ നൽകാനായി. വയനാട്, പത്തനംതിട്ട, എറണാകുളം, തിരുവനന്തതപുരം, ഇടുക്കി എന്നീ ജില്ലകളാണ് വാക്സിനേഷനിൽ മുന്നിലുള്ള ജില്ലകൾ. വാക്സിനേഷൻ ലക്ഷ്യത്തോടടുക്കുമ്പോൾ വാക്സിൻ എടുക്കാനുള്ളവർ കുറവായതിനാൽ പല വാക്സിനേഷൻ കേന്ദ്രങ്ങളിലും തിരക്കില്ല. ഇനിയും വാക്സിനെടുക്കേണ്ടവർ എത്രയും വേഗം എടുക്കേണ്ടതാണെന്ന് വീണാ ജോർജ് അഭ്യർത്ഥിച്ചു.

സ്ത്രീകളാണ് പുരുഷൻമാരെക്കാർ കൂടുതൽ വാക്സിനെടുത്തത്. സ്ത്രീകളുടെ വാക്സിനേഷൻ 1,77,51,202 ഡോസും പുരുഷൻമാരുടെ വാക്സിനേഷൻ 1,64,51,576 ഡോസുമാണ്. ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും 100 ശതമാനം ആദ്യ ഡോസും 87 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 45 വയസിൽ കൂടുതൽ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകൾക്ക് ഒറ്റ ഡോസും 56 ശതമാനം പേർക്ക് രണ്ട് ഡോസും വാക്സിനേഷൻ സംസ്ഥാനം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് 50,000 ഡോസ് കോവാക്സിൻ കൂടി ലഭ്യമായി. തിരുവനന്തപുരത്താണ് കോവാക്സിൻ ലഭ്യമായതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിമാനത്താവളത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ കടുത്ത അലംഭാവം കാട്ടുകയും കള്ളക്കളി നടത്തുകയുമാണെന്ന് ഒരു വർഷം മുൻപ് തന്നെ താൻ ചൂണ്ടിക്കാട്ടിയിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

അന്ന് താൻ പറഞ്ഞത് ഗൗരവമായി എടുത്തു തിരുത്തൽ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ഇപ്പോൾ സംസ്ഥാനം സമർപ്പിച്ച പ്രോജക്ട് റിപ്പോർട്ട് കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ ഇപ്പോൾ തള്ളിക്കളയുകയില്ലായിരുന്നു. ശബരിമല വിമാനത്താവളത്തിന്റെ കൺസൾട്ടന്റായ ലൂയി ബർഗർ തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ട് സമഗ്രമല്ലെന്ന് 2020 ജൂലായ് 29 നാണ് താൻ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുരുതരമായ പിഴവാണ് പ്രോജക്ടറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിലുണ്ടായത്. വിമാനത്താവളത്തിനുള്ള ഭൂമിയുടെ കാര്യത്തിൽ തീരുമാനമാകുന്നതിനു മുൻപ് എന്തിന് കൺസൾട്ടൻസിയെ വച്ച് പണം ധൂർത്തടിച്ചുവെന്ന് താൻ അന്ന് ചോദിച്ചിരുന്നു. വിമാനത്താവളത്തിനുള്ള നിർദ്ദിഷ്ട ഭൂമിയിൽ കാൽകുത്തുക പോലും ചെയ്യാതെയാണ് കൺസൾട്ടൻസിക്കാർ തട്ടിക്കൂട്ട് റിപ്പോർട്ട് തയ്യാറാക്കിയത്. 4.6 കോടി രൂപയായിരുന്നു ചെലവ്. വിമാനത്താവളത്തിന്റെ കാര്യത്തിൽ സർക്കാരിന് ആത്മാർത്ഥതയില്ലെന്നും കൺസൾട്ടൻസി കമ്മീഷനിലായിരുന്നു താത്പര്യമെന്നും അന്നേ വ്യക്തമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഒപ്പുപോലുമില്ലാത്ത പ്രോജക്ടറ്റ് റിപ്പോർട്ട് കേന്ദ്രത്തിലേക്കയച്ചത് അതിനാലാണ്. എത്ര നിരുത്തരവാദിത്തത്തോടെയാണ് സർക്കാർ പെരുമാറിയതെന്നും അന്ന് വീഴ്ചകൾ ചൂണ്ടിക്കാട്ടിയപ്പോൾ പതിവ് പോലെ തന്നെ പരിഹസിച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രി ഒന്നും പറയുന്നില്ല. ശബരിമല വിമാനത്താവളത്തിന്റെ കാര്യത്തിൽ ഇനിയെങ്കിലും സർക്കാർ കള്ളക്കളി അവസാനിപ്പിച്ച് ആത്മാർത്ഥമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് എംഎൽഎ എം കെ മുനീർ. പ്ലസ് വൺ സീറ്റ് പ്രശ്‌നത്തിന്മേൽ കേരളത്തിലെ വിദ്യാർഥികളെ സർക്കാർ രണ്ടു തട്ടിലാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ചിലയിടങ്ങളിൽ 70 ശതമാനം മാർക്ക് നേടിയ വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കുമ്പോൾ ചിലയിടത്ത് 90 ശതമാനത്തിലധികം നേടിയവർക്കും സീറ്റില്ലെന്ന സ്ഥിതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അടിസ്ഥാന സൗകര്യങ്ങൾ ഉള്ള സ്ഥാപനങ്ങളിൽ പോലും ബാച്ച് വർധിപ്പിക്കാൻ സർക്കാർ തയാറാകുന്നില്ല. ഈ രീതി മാറണം സർക്കാരിന്റെ സമീപനത്തിനെതിരെ ലീഗ് പോരാട്ടം തുടരുമെന്നും മുനീർ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ കെ റെയിൽ പദ്ധതിയെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഭീമമായ പദ്ധതിക്ക് നിരവധി ബദൽ സാധ്യതകൾ ഉണ്ടെങ്കിലും സർക്കാർ പക്ഷേ ഏകപക്ഷീയമായി മുന്നോട്ട് പോകുകയാണ്. ആരെയും കേൾക്കാൻ പോലും സർക്കാർ തയ്യാറാകുന്നില്ലെന്ന് എം കെ മുനീർ വിമർശിച്ചു. കച്ചവട- സ്ഥാപിത താത്പര്യങ്ങളാണ് ഇതിന് പിന്നിൽ. ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും 23 നു ചേരുന്ന യുഡിഎഫ് യോഗം വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. നർക്കോട്ടിക് ജിഹാദ് വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കണം. ക്യാമ്പസുകളിൽ തീവ്രവാദം വളരുന്നുവെന്ന് സിപിഎം പറയുന്നു, ഏത് ക്യാമ്പസുകളിലാണെന്ന് കൂടി മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാർക്കോടിക് ജിഹാദ് പരാമർശത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ തിന്മകൾക്ക് മതത്തിന്റെ നിറം നൽകുന്നതും തീവ്രവാദ പ്രസ്താനങ്ങൾക്ക് നന്മയുടെ മുഖം നൽകുന്നതും സമൂഹത്തെ ഒരുപോലെ ദുർബലപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. താലിബാൻ ഭീകരർക്ക് കേരളത്തിൽ ലഭിച്ച പിന്തുണയെ വിമർശിച്ചു കൊണ്ടു കൂടിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സ്വാതന്ത്ര്യം തന്നെ അമൃതം ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പുരോമനപരമായും മതനിരപേക്ഷമായും ചിന്തിക്കാൻ ശേഷിയുള്ള തലമുറയെ ഇന്ന് നമ്മുടെ സമൂഹത്തിന് ഏറെ ആവശ്യമുണ്ട്. സാമൂഹ്യതിന്മകൾക്ക് മതത്തിന്റെ നിറമുള്ള പ്രവണത ഉയർന്നു വരുന്നു. അതിനെ മുളയിലേ നുള്ളിക്കളയണം. സമൂഹത്തിന്റെ താത്പര്യത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഇടപെടുന്നവരെ ഏതെങ്കിലും ഒരു വിഭാഗത്തിന്റേത് മാത്രമായി ഒതുക്കരുത്. അങ്ങനെ ചെയ്യുന്നത് ആ തിന്മകൾക്ക് എതിരായ പൊതു ഐക്യത്തെ ശാക്തീകരിക്കില്ലെന്നും സമൂഹത്തിലെ വേർതിരിവ് വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തീവ്രവാദ പ്രസ്താനങ്ങൾക്ക് നന്മയുടെ മുഖം നൽകുന്നതും സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തും. സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ അത്തരം പ്രസ്താനങ്ങളെ ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകൾ നമ്മുടെ സ്വാതന്ത്ര്യത്തെ അപകടത്തിലാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ജാതിക്കും മതത്തിനുമതീതമായി ജീവിക്കാൻ പഠിപ്പിച്ച ഗുരുവിന്റെ ഓർമ പുതുക്കുന്ന ഈ ദിവസത്തിൽ ജാതിയും മതവും വിഭജനത്തിനുള്ള ആയുധമായി ഉപയോഗിക്കുന്നവരെ പ്രതിരോധിക്കും എന്ന പ്രതിജ്ഞ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്‌സ് ജിഹാദ് പരാമർശത്തിൽ സംസ്ഥാന സർക്കാരിന് പിന്തുണയുമായി നടനും എംപിയുമായ സുരേഷ് ഗോപി. എല്ലാ വിഷയത്തിലും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. സർക്കാരിന് നല്ല ബുദ്ധിയുണ്ടെന്നും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കാര്യങ്ങൾ നന്നായി മനസ്സിലാവുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലായ്‌പ്പോഴും സർക്കാരിനെ കുറ്റംപറയേണ്ടതില്ല. സർക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട്. സർക്കാർ ഇടപെടൽ രാജ്യതാൽപര്യത്തിന് വിരുദ്ധമാണെങ്കിൽ അപ്പോൾ പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സർവകക്ഷി യോഗം വിളിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ സർക്കാർ ഇക്കാര്യം പരിഗണിച്ചിട്ടില്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ നടത്തുന്ന പ്രസ്താവനകൾക്ക് സർക്കാർ മറുപടി പറയേണ്ട കാര്യമില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. തുടർന്നാണ് സർക്കാരിന് പിന്തുണയുമായി സുരേഷ് ഗോപി രംഗത്തെത്തിയത്.