കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് എംഎൽഎ എം കെ മുനീർ. പ്ലസ് വൺ സീറ്റ് പ്രശ്‌നത്തിന്മേൽ കേരളത്തിലെ വിദ്യാർഥികളെ സർക്കാർ രണ്ടു തട്ടിലാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ചിലയിടങ്ങളിൽ 70 ശതമാനം മാർക്ക് നേടിയ വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കുമ്പോൾ ചിലയിടത്ത് 90 ശതമാനത്തിലധികം നേടിയവർക്കും സീറ്റില്ലെന്ന സ്ഥിതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അടിസ്ഥാന സൗകര്യങ്ങൾ ഉള്ള സ്ഥാപനങ്ങളിൽ പോലും ബാച്ച് വർധിപ്പിക്കാൻ സർക്കാർ തയാറാകുന്നില്ല. ഈ രീതി മാറണം സർക്കാരിന്റെ സമീപനത്തിനെതിരെ ലീഗ് പോരാട്ടം തുടരുമെന്നും മുനീർ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ കെ റെയിൽ പദ്ധതിയെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഭീമമായ പദ്ധതിക്ക് നിരവധി ബദൽ സാധ്യതകൾ ഉണ്ടെങ്കിലും സർക്കാർ പക്ഷേ ഏകപക്ഷീയമായി മുന്നോട്ട് പോകുകയാണ്. ആരെയും കേൾക്കാൻ പോലും സർക്കാർ തയ്യാറാകുന്നില്ലെന്ന് എം കെ മുനീർ വിമർശിച്ചു. കച്ചവട- സ്ഥാപിത താത്പര്യങ്ങളാണ് ഇതിന് പിന്നിൽ. ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും 23 നു ചേരുന്ന യുഡിഎഫ് യോഗം വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. നർക്കോട്ടിക് ജിഹാദ് വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കണം. ക്യാമ്പസുകളിൽ തീവ്രവാദം വളരുന്നുവെന്ന് സിപിഎം പറയുന്നു, ഏത് ക്യാമ്പസുകളിലാണെന്ന് കൂടി മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

