ആരോഗ്യപ്രവർത്തകരെ ആക്രമിച്ച കേസുകളിൽ കർശന നടപടി സ്വീകരിക്കണം; ഉത്തരവ് പുറപ്പെടുവിച്ച് ഡിജിപി

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമം തടയാൻ നിർദ്ദേശിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. ആരോഗ്യപ്രവർത്തകരെ ആക്രമിച്ച കേസുകളിൽ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ഉത്തരവിട്ടു. ആശുപത്രികളിലെ പോലീസ് എയ്ഡ് പോസ്റ്റുകൾ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

അടുത്തിടെയായി ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക് നേരേ അതിക്രമങ്ങൾ വർധിച്ച സാചര്യത്തിലാണ് ഡിജിപി പുതിയ സർക്കുലർ പുറത്തിറക്കിയത്. ആശുപത്രികളിലെ കാഷ്വാലിറ്റികളിലും ഒ.പികളിലും പോലീസ് കൃത്യമായ ഇടവേളകളിൽ നിരീക്ഷണം നടത്തണമെന്നും ആരോഗ്യപ്രവർത്തകർക്ക് നേരേ കൈയേറ്റ ശ്രമങ്ങളില്ലെന്ന് ഉറപ്പുവരുത്തമെന്നും അദ്ദേഹം ഉത്തരവിൽ നിർദ്ദേശിട്ടുണ്ട്.

അതിക്രമങ്ങൾ സംബന്ധിച്ച ആരോഗ്യപ്രവർത്തകരുടെ പരാതി ലഭിച്ചാൽ ഉടനടി നടപടി സ്വീകരിക്കണം. ഇത്തരം സംഭവങ്ങളിൽ നിലവിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസുകൾ എത്രയും വേഗം കോടതികളിലെത്തിക്കണം. അതിക്രമങ്ങൾ സംബന്ധിച്ച പരാതികളിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ പ്രവർത്തനം ജില്ലാ പോലീസ് മേധാവിമാർ നിരീക്ഷിക്കും. പ്രവർത്തനങ്ങൾ ഏകോപിക്കാനും ജില്ലാ പോലീസ് മേധാവിമാരെ നിരീക്ഷിക്കാനും അതാത് റേഞ്ച് ഐജിമാർക്കും ഡിഐജിമാർക്കും നിർദേശം നൽകിയിട്ടുണ്ട്. ഓരോ മാസവും ഇതുസംബന്ധിച്ച റിപ്പോർട്ട് റേഞ്ച് ഐജിമാരും ഡിഐജിമാരും എഡിജിപിക്ക് നൽകണമെന്നും ഉത്തരവിൽ വിശദമാക്കുന്നു.