ഫൈസർ, മൊഡേണ കോവിഡ് വാക്‌സിനുകൾ കേന്ദ്ര സർക്കാർ വാങ്ങിയേക്കില്ല; കാരണമിത്

ന്യൂഡൽഹി: ഫൈസർ, മൊഡേണ കോവിഡ് വാക്‌സിനുകൾ കേന്ദ്ര സർക്കാർ വാങ്ങിയേക്കില്ലെന്ന് റിപ്പോർട്ട്. ആരോഗ്യമന്ത്രാലയത്തിലെ വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസി റോയിട്ടേഴ്‌സാണ് ഈ റിപ്പോർട്ട് പുറത്തു വിട്ടത്. വാക്‌സിൻ കാരണം വിപരീത ഫലം സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാര ബാധ്യതയിൽ നിന്ന് ഒഴിവാക്കണമെന്ന ഫൈസറിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് വാക്‌സിൻ വാങ്ങുന്നതിൽ നിന്നും കേന്ദ്ര സർക്കാർ പിൻവാങ്ങുന്നതെന്നാണ് വിവരം.

ഫൈസർ വാക്‌സിൻ ആവശ്യമുള്ള ഒരു സമയമുണ്ടായിരുന്നു. ഇന്ത്യയിൽ വാക്‌സിന് ക്ഷാമം ഉണ്ടായിരുന്ന സമയം. എന്നാൽ ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഉയർന്ന നിരക്കിലാണ് ഫൈസർ വാക്‌സിൻ നൽകുന്നതെന്നും പിന്നെ എന്തിനാണ് ഫൈസറിന്റെ ഉപാധികൾ അംഗീകരിക്കണമെന്നും അദ്ദേഹം പറയുന്നു.

ഫൈസർ, മൊഡേണ വാക്‌സിൻ സർക്കാർ വാങ്ങിക്കില്ലെന്നും എന്നാൽ സ്വകാര്യ കമ്പനികളുമായി കരാറിലേർപ്പെടുന്നതിന് തടസ്സമില്ലെന്നും അദ്ദേഹം അറിയിച്ചു. മുംബൈ ആസ്ഥാനമായ സിപ്ല കമ്പനിക്കാണ് മൊഡേണ വാക്‌സിൻ ഇറക്കുമതിക്ക് അനുമതി നൽകിയത്. എന്നാൽ ദീർഘകാലം വാക്‌സിൻ സൂക്ഷിക്കാൻ സാധാരണ റഫ്രിജറേറ്റർ തണുപ്പിനേക്കാൾ കൂടിയ ശീതീകരണ സംവിധാനം വേണമെന്നതാണ് മൊഡേണ വാക്‌സിന്റെ പ്രതിസന്ധി. ഫൈസറിനും ഈ പ്രതിസന്ധി നിലനിൽക്കുന്നുണ്ടെന്നാണ് സൂചനകൾ.