ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൽ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച്ച നടത്തും. വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ഷ്രിംഗ്ലയാണ് ഇക്കാര്യം അറിയിച്ചത്. മതമൗലികവാദവത്ക്കരണവും തീവ്രവാദവും തടയാനുള്ള വഴികളാണ് ഇരുവരും ഉഭയകക്ഷി കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുകയെന്ന് അദ്ദേഹം അറിയിച്ചു. അഫ്ഗാനിസ്താനിലെ പ്രാദേശിക സുരക്ഷാസാഹചര്യത്തെ കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്യും.
ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിലും നരേന്ദ്ര മോദി പങ്കെടുത്തും. യുഎസ് പ്രസിഡന്റും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. ആഗോള തീവ്രവാദ ശൃംഖലകൾ തകർക്കൽ, അതിർത്തിക്ക് കുറുകെയുള്ള തീവ്രവാദം, തീവ്രവാദവും മതമൗലികവാദവൽക്കരണവും തടയൽ എന്നിവയാണ് പ്രധാന ചർച്ചാ വിഷയം. സെപ്തംബർ 24 ന് വീണ്ടും മോദിയും ബൈഡനും തമ്മിൽ ഉഭയകക്ഷി ചർച്ച നടക്കുമെന്നും ഈ ചർച്ചയിൽ ഇന്ത്യാ-യുഎസ് ബന്ധങ്ങൾ വിലയിരുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ഇരുവരും സംസാരിക്കും. വ്യാപാരം, നിക്ഷേപ ബന്ധങ്ങൾ എന്നിവ ശക്തിപ്പെടുത്തുക, പ്രതിരോധ സുരക്ഷാ പങ്കാളിത്തങ്ങൾ മെച്ചപ്പെടുത്തുക, ക്ലീൻ എനർജി മേഖലയിലെ പങ്കാളിത്തം വിപുലമാക്കുക തുടങ്ങിയവയും ചർച്ചാ വിഷയമാകുമെന്ന് ഷ്രിംഗ്ല വിശദമാക്കി.
യുഎസ്-ബ്രിട്ടൻ-ആസ്ത്രേല്യ എന്നീ ത്രിരാഷ്ട്രങ്ങളുടെ ഉടമ്പടിയായ ഓകസ് ഉടമ്പടിയും ക്വാഡ് രാഷ്ട്രങ്ങളും തമ്മിൽ വ്യത്യാസമുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ജപ്പാൻ, ഓസ്ട്രേലിയ, അമേരിക്ക, ഇന്ത്യ എന്നീ നാല് രാഷ്ട്രങ്ങൾ അംഗങ്ങളായ ക്വാഡ് ഇന്തോൃ-പസഫിക് മേഖലയിലെ ആവശ്യങ്ങൾ നിർവ്വഹിക്കുന്ന സംഘമാണ്. മൂന്ന് രാഷ്ട്രങ്ങൾ ചേർന്നുണ്ടാക്കിയ ഒരു ഉടമ്പടിയാണ് ഓക്സെന്നും ഇത് ക്വാഡിനെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

