തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിമാനത്താവളത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ കടുത്ത അലംഭാവം കാട്ടുകയും കള്ളക്കളി നടത്തുകയുമാണെന്ന് ഒരു വർഷം മുൻപ് തന്നെ താൻ ചൂണ്ടിക്കാട്ടിയിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
അന്ന് താൻ പറഞ്ഞത് ഗൗരവമായി എടുത്തു തിരുത്തൽ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ഇപ്പോൾ സംസ്ഥാനം സമർപ്പിച്ച പ്രോജക്ട് റിപ്പോർട്ട് കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ ഇപ്പോൾ തള്ളിക്കളയുകയില്ലായിരുന്നു. ശബരിമല വിമാനത്താവളത്തിന്റെ കൺസൾട്ടന്റായ ലൂയി ബർഗർ തയ്യാറാക്കിയ പ്രോജക്ട് റിപ്പോർട്ട് സമഗ്രമല്ലെന്ന് 2020 ജൂലായ് 29 നാണ് താൻ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുരുതരമായ പിഴവാണ് പ്രോജക്ടറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിലുണ്ടായത്. വിമാനത്താവളത്തിനുള്ള ഭൂമിയുടെ കാര്യത്തിൽ തീരുമാനമാകുന്നതിനു മുൻപ് എന്തിന് കൺസൾട്ടൻസിയെ വച്ച് പണം ധൂർത്തടിച്ചുവെന്ന് താൻ അന്ന് ചോദിച്ചിരുന്നു. വിമാനത്താവളത്തിനുള്ള നിർദ്ദിഷ്ട ഭൂമിയിൽ കാൽകുത്തുക പോലും ചെയ്യാതെയാണ് കൺസൾട്ടൻസിക്കാർ തട്ടിക്കൂട്ട് റിപ്പോർട്ട് തയ്യാറാക്കിയത്. 4.6 കോടി രൂപയായിരുന്നു ചെലവ്. വിമാനത്താവളത്തിന്റെ കാര്യത്തിൽ സർക്കാരിന് ആത്മാർത്ഥതയില്ലെന്നും കൺസൾട്ടൻസി കമ്മീഷനിലായിരുന്നു താത്പര്യമെന്നും അന്നേ വ്യക്തമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഒപ്പുപോലുമില്ലാത്ത പ്രോജക്ടറ്റ് റിപ്പോർട്ട് കേന്ദ്രത്തിലേക്കയച്ചത് അതിനാലാണ്. എത്ര നിരുത്തരവാദിത്തത്തോടെയാണ് സർക്കാർ പെരുമാറിയതെന്നും അന്ന് വീഴ്ചകൾ ചൂണ്ടിക്കാട്ടിയപ്പോൾ പതിവ് പോലെ തന്നെ പരിഹസിച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രി ഒന്നും പറയുന്നില്ല. ശബരിമല വിമാനത്താവളത്തിന്റെ കാര്യത്തിൽ ഇനിയെങ്കിലും സർക്കാർ കള്ളക്കളി അവസാനിപ്പിച്ച് ആത്മാർത്ഥമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

