ഇന്ത്യയിൽ ഇപ്പോഴും ഏറ്റവും കൂടുതൽ ജനന നിരക്കുള്ളത് മുസ്ലീങ്ങളിൽ; പഠന റിപ്പോർട്ട് പുറത്ത്

വാഷിംഗ്ടൺ: ഇന്ത്യയിൽ വിവിധ മതവിഭാഗങ്ങളിൽ ജനനനിരക്ക് എങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്ന എന്ന് വ്യക്തമാക്കുന്ന പഠന റിപ്പോർട്ട് പുറത്ത്. അമേരിക്കൻ തിങ്ക് ടാങ്ക് ഗ്രൂപ്പായ പ്യൂ റിസർച്ച് സെന്ററാണ് പഠനം നടത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഇപ്പോഴും കൂടുതൽ ജനനനിരക്ക് മുസ്ലീങ്ങളിലാണെന്നാണ് പഠനത്തിൽ പറയുന്നത്. മുൻവർഷങ്ങളേ അപേക്ഷിച്ച് രാജ്യത്തെ എല്ലാ മതവിഭാഗങ്ങളിലും പെട്ടവരിൽ ജനനനിരക്ക് കുറയുകയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ മുസ്ലീങ്ങളിൽ ജനനനിരക്ക് 1992 ൽ ഒരു സ്ത്രീക്ക് 4.4 കുട്ടികളായിരുന്നത് 2015 ൽ 2.6 കുട്ടികളായി കുറഞ്ഞു. ഇതേ സ്വഭാവമാണ് രാജ്യത്തെ മറ്റ് മതവിഭാഗങ്ങളായ ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന മതത്തിലുള്ളവർക്കിടയിലും സംഭവിക്കുന്നതെന്ന് പഠനത്തിൽ വിശദമാക്കിയിട്ടുണ്ട്. ഇക്കാലയളവിൽ ഹിന്ദുക്കൾക്കിടയിൽ ജനന നിരക്ക് 2.1 ആണ്, 1991 ൽ 3.3 ആയിരുന്നു നിരക്ക്. രാജ്യത്ത് ജനനനിരക്ക് ഏറ്റവും കുറവ് ജൈന മതവിഭാഗത്തിൽപ്പെട്ടവരിലാണ് 1.2 ആണ് ജൈനരിലെ ജനന നിരക്ക്.

രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കിടയിൽ ജനനനിരക്ക് വർദ്ധിക്കുന്നുവെന്ന ചില കോണുകളിൽ നിന്നുയരുന്ന അവകാശ വാദങ്ങൾ തെറ്റാണെന്നും റിപ്പോർട്ടിൽ പറയുന്നു. 1992 -ൽ മുസ്ലീം സ്ത്രീകൾക്ക് ഹിന്ദു സ്ത്രീകളേക്കാൾ ശരാശരി 1.1 കുട്ടികൾ കൂടുതലുണ്ടായിരുന്നത് 2015 ഓടെ 0.5 ആയി ചുരുങ്ങി. 2011 -ൽ നടത്തിയ സെൻസസിൽ ഇന്ത്യയിലെ ജനസംഖ്യയിൽ 79.8 ശതമാനം ഹിന്ദുക്കളായിരുന്നു, അത് 2001 ലെ മുൻ സെൻസസിനേക്കാൾ 0.7 ശതമാനം കുറവാണ്. 2001 ൽ 13.4 ശതമാനമായിരുന്ന മുസ്ലീങ്ങളുടെ വിഹിതം 2011 -ൽ 14.2 ശതമാനമായി ഉയർന്നുവെന്നും 1951 മുതൽ മൊത്തം ജനസംഖ്യയിൽ 9.8 ശതമാനം മുസ്ലീങ്ങളാണ് ഉണ്ടായിരുന്നതെന്നും പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ക്രിസ്ത്യാനികൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനർ തുടങ്ങിയവരെല്ലാം ബാക്കി ജനസംഖ്യയുടെ ആറു ശതമാനമാണ്. അതേസമയം രാജ്യത്തെ ജനനനിരക്കിൽ വിദ്യാഭ്യാസം പ്രധാന ചാലക ശക്തിയാണെന്നും ആയുർദൈർഘ്യം, ജോലി, സാമ്പത്തിക സ്ഥിതി എന്നിവയും നിർണായകമാണെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.