എല്ലാ വിഷയത്തിലും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ല; നാർക്കോട്ടിക്‌സ് ജിഹാദ് പരാമർശത്തിൽ സർക്കാരിന് പിന്തുണയുമായി സുരേഷ് ഗോപി

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്‌സ് ജിഹാദ് പരാമർശത്തിൽ സംസ്ഥാന സർക്കാരിന് പിന്തുണയുമായി നടനും എംപിയുമായ സുരേഷ് ഗോപി. എല്ലാ വിഷയത്തിലും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. സർക്കാരിന് നല്ല ബുദ്ധിയുണ്ടെന്നും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കാര്യങ്ങൾ നന്നായി മനസ്സിലാവുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലായ്‌പ്പോഴും സർക്കാരിനെ കുറ്റംപറയേണ്ടതില്ല. സർക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട്. സർക്കാർ ഇടപെടൽ രാജ്യതാൽപര്യത്തിന് വിരുദ്ധമാണെങ്കിൽ അപ്പോൾ പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സർവകക്ഷി യോഗം വിളിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ സർക്കാർ ഇക്കാര്യം പരിഗണിച്ചിട്ടില്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ നടത്തുന്ന പ്രസ്താവനകൾക്ക് സർക്കാർ മറുപടി പറയേണ്ട കാര്യമില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. തുടർന്നാണ് സർക്കാരിന് പിന്തുണയുമായി സുരേഷ് ഗോപി രംഗത്തെത്തിയത്.