കർഷകരുടെ ഉന്നമനം; എഫ്.പി.ഒ വഴി കർഷകർക്ക് പ്രതിവർഷം 18 ലക്ഷം രൂപ നൽകാൻ പദ്ധതിയിട്ട് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ കർഷകരുടെ ക്ഷേമത്തിന് വേണ്ടി പുതിയ പദ്ധതി ആവിഷ്‌ക്കരിക്കാനൊരുങ്ങി കേന്ദ്രം. കർഷകരുടെ വരുമാനം വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു പുതിയ ബിൽ അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. ഈ ബിൽ പ്രാവർത്തികമാകാൻ സമയമെടുക്കുമെന്നാണ് റിപ്പോർട്ട്. അതിനാൽ അടുത്തിടെ പ്രഖ്യാപിച്ച എഫ്.പി.ഒ (ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ) പദ്ധതി വഴി കർഷകർക്ക് പ്രതിവർഷം 18 ലക്ഷം രൂപ നൽകാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.

കർഷകൾ അംഗങ്ങളായ സംഘടനയാണ് എഫ്.പി.ഒ (ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ). ചെറുകിട കർഷകർക്ക് വിളവിറക്കുന്നതു മുതൽ വിപണി വരെയുള്ള എല്ലാ പിന്തുണയും സേവനങ്ങളും നൽകുന്ന സംഘടനയാണിത്. സാങ്കേതിക സേവനങ്ങൾ, വിപണനം, സംസ്‌കരണം, കൃഷി വിജ്ഞാനം തുടങ്ങിയ കാര്യങ്ങളിലും സംഘടന സഹായം നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റിയാണ് 2019 – 2024 കാലഘട്ടത്തിൽ 10,000 എഫ്.പി.ഒകൾ രൂപീകരിക്കാൻ അംഗീകാരം നൽകിയത്.

കർഷകർക്ക് പുതിയ കാർഷിക ബിസിനസ് ആരംഭിക്കുന്നതിനുള്ള സാമ്പത്തിക സഹായമാണ് പദ്ധതി വഴി ലഭിക്കുക. 11 കർഷകർ ചേർന്നായിരിക്കണം ഒരു കമ്പനി ആരംഭിക്കേണ്ടത്. ഉത്പാദന സാങ്കേതികവിദ്യ, മൂല്യവർധന സേവനങ്ങൾ, വിപണനം എന്നിവ പ്രയോഗിക്കാൻ സാമ്പത്തിക ശക്തിയില്ലാത്ത ചെറുകിട- ഇടത്തര കർഷകരെ സഹായത്തിക്കുന്നതിനുള്ള സംഘടനയാണിത്. എഫ്.പി.ഒകളിലൂടെ, കർഷകർക്ക് ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കൾ, സാങ്കേതികവിദ്യ, വായ്പ, വരുമാന വർധനയ്ക്കുള്ള കാര്യങ്ങൾ, വിപണി എന്നിവ കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൂന്ന് വർഷം തവണകളായാകും കർഷകർക്ക് 18 ലക്ഷം രൂപ ലഭിക്കുക. 6885 കോടി രൂപ പദ്ധതിക്കായി സർക്കാർ ചെലവഴിക്കും. എല്ലാ വിഭാഗത്തിൽപ്പെട്ട കർഷകർക്കും പദ്ധതി പ്രകാരം സഹായം ലഭിക്കും. വൻകിട കുത്തകകളിൽ നിന്നും ഇടിനിലക്കാരിൽനിന്നും എഫ്.പി.ഒ. കർഷകരെ സംരക്ഷിക്കുകയും കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്യും.