General (Page 1,395)

കൊച്ചി: മോൻസൻ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപിക്കെതിരെ ഗുരുതരാരോപണം. സുധാകരന്റെ സാന്നിധ്യത്തിലാണ് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്നാണ് പരാതിക്കാർ പറയുന്നത്. പരാതിക്കാർ ഇക്കാര്യം ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിക്കുകയും ചെയ്തിട്ടുണ്ട്. 2018 നവംബർ 22 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് മോൻസന്റെ കലൂരുളള വീട്ടിൽവെച്ച് കെ സുധാകരന്റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാർ ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കിയിരിക്കുന്നത്.

വിദേശത്ത് നിന്നെത്തിയ കോടികൾ കയ്യിൽ കിട്ടാൻ ഡൽഹിയിലെ ഗുപ്ത അസോസിയേറ്റ്‌സിന് അടിയന്തരമായി 25 ലക്ഷം രൂപ വേണമെന്ന് മോൻസൻ മാവുങ്കൽ ആവശ്യപ്പെട്ടുവെന്നും സുധാകരന്റെ ഇടപെടലിൽ പാർലമെന്റിലെ പബ്ലിക് ഫിനാൻസ് കമ്മിറ്റിയെക്കൊണ്ട് ഒപ്പിടുവിച്ച് പണംവിടുവിക്കുമെന്നും സംശയമുണ്ടെങ്കിൽ തന്റെ വീട്ടിലേക്ക് വന്നാൽ മതിയെന്നും മോൻസൻ അറിയിച്ചുവെന്നും പരാതിക്കാർ വിശദമാക്കി. നവംബർ 22ന് കലൂരിലെ വീട്ടിൽ വെച്ച് സുധാകരന്റെ സാന്നിധ്യത്തിൽ ഡൽഹിയിലെ കാര്യങ്ങൾ സംസാരിച്ചെന്നും ഇതിന് തുടർച്ചയായി 25 ലക്ഷ രൂപ കൈമാറിയെന്നുമാണ് പരാതിയിൽ പറയുന്നത്.

കെ സുധാകരനും മോൻസൻ മാവുങ്കലുമായുളള ബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. റോഷി അഗസ്റ്റിൻ, മുൻമന്ത്രി വി എസ് സുനിൽ കുമാർ തുടങ്ങവർക്കൊപ്പമുളള മോൻസന്റെ ചിത്രങ്ങളും പുറത്തുവന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി മോൻസന് അടുത്ത ബന്ധങ്ങളുണ്ടെന്നാണ് വിവരം. ഈ അടുപ്പമാണ് കോടികളുടെ സാമ്പത്തിക തട്ടിപ്പിന് മോൻസൻ മറയാക്കിയതെന്നാണ് ആരോപണം. ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് കേസ് അട്ടിമറിക്കാനും മോൻസൻ ശ്രമിച്ചിരുന്നു.

ന്യൂഡൽഹി: ജുഡീഷറിയിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ആവശ്യമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എൻ വി രമണ. സുപ്രീംകോടതിയിലെ വനിത അഭിഭാഷകരെ അഭിസംബോധന ചെയ്തു സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രാജ്യത്തെ നിയമ കോളജുകളിലും 50 ശതമാനം സംവരണം വേണമെന്ന ആവശ്യത്തിന് അദ്ദേഹം പിന്തുണ അറിയിക്കുകയും ചെയ്തു.

ആയിരക്കണക്കിന് വർഷത്തെ അടിച്ചമർത്തലിന്റെ പ്രശ്നമാണിത്. ജുഡീഷറിയുടെ താഴെ തലങ്ങളിൽ 30 ശതമാനം സ്ത്രീകൾ മാത്രമാണ് ജഡ്ജിമാരായി ഉള്ളത്. ഹൈക്കോടതിയിൽ ഇത് 11.5 ശതമാനമാണ്. സുപ്രീംകോടതിയിൽ 11-12 ശതമാനം സ്ത്രീകളാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ 1.7 ദശലക്ഷം അഭിഭാഷകരിൽ സ്ത്രീകൾ 15 ശതമാനം മാത്രമാണുള്ളത്. ബാർ കൗൺസിൽ ഓഫ് ഇന്ത്യ നാഷണൽ കമ്മിറ്റിക്ക് ഒരു വനിത പ്രതിനിധി പോലും ഇല്ലാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. രണ്ട് ശതമാനം സ്ത്രീകൾ മാത്രമാണ് സംസ്ഥാനങ്ങളിലെ ബാർ കൗൺസിലുകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ പ്രശ്നങ്ങൾ എല്ലാം അടിയന്തരമായി പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂഡൽഹി: രാജ്യവ്യാപക ശുചീകരണ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യ ശുചീകരണമാണ് പരിപാടിയിലൂടെ പദ്ധതിയിടുന്നത്. 2021 ഒക്ടോബർ 1 മുതൽ 31 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന ‘ക്ലീൻ ഇന്ത്യ ഡ്രൈവ്’ എന്ന ഈ പരിപാടി സംഘടിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുന്ന അവസരത്തിൽ പ്ലാസ്റ്റിക് വിമുക്ത ഇന്ത്യ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ട്വിറ്റ് ചെയ്തു. ഈ ഉദ്യമത്തിൽ പങ്കാളികളാകണമെന്നും ‘തീരുമാനങ്ങളിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക് എന്ന ലക്ഷ്യം നേടാൻ സഹായിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 75 ലക്ഷം ടണ്ണിലധികം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിക്കുകയും, ‘വേസ്റ്റ് ടു വെൽത്ത്’ മാതൃകയിൽ സംസ്‌കരിക്കുകയും ചെയ്യുന്നതിനാണ് ലോകത്തിലെ ഏറ്റവും വലിയ ശുചിത്വ പരിപാടിയിലൂടെ പദ്ധതിയിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ശുചിത്വമുള്ള ഇന്ത്യ: സുരക്ഷിത ഇന്ത്യ’ എന്ന ആശയം പ്രചരിപ്പിക്കുന്നതിനാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രചാരണത്തിൽ പങ്കെടുക്കുന്നതിന് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും താത്പര്യമുള്ളവർക്കും https://forms.gle/oAdnvGpvrcDvBmLE6 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.

ന്യൂഡൽഹി: അമേരിക്കൻ പര്യടനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് 24 മീറ്റിംഗുകൾ. അമേരിക്കയിൽ ചെലവഴിച്ച 65 മണിക്കൂറിനുള്ളിൽ 24 മീറ്റിംഗുകളാണ് പ്രധാനമന്ത്രി പൂർത്തിയാക്കിയതെന്നാണ് റിപ്പോർട്ട്. അമേരിക്കയിൽ നടന്ന ഇരുപത് കൂടിക്കാഴ്ചകളും വിമാനത്തിൽ വെച്ചുനടന്ന നാല് നീണ്ട കൂടിക്കാഴ്ചകളും ഉൾപ്പടെയുള്ള കണക്കാണിത്. മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിൽ ലഭ്യമായ സമയമെല്ലാം വളരെ ഫലപ്രദമായ രീതിയിലാണ് പ്രധാനമന്ത്രി വിനിയോഗിച്ചതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അമേരിക്കയിലേക്ക് പോകുമ്പോൾ വിമാനത്തിനുള്ളിൽ വെച്ച് വിദേശകാര്യ വിദഗ്ദരുമായി മോദി രണ്ടു തവണ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. അമേരിക്കയിലെത്തിയപ്പോൾ വാഷിങ്ടൺ ഡിസിയിലെ ഹോട്ടലിൽ മൂന്ന് കൂടിക്കാഴ്ചകളും നടന്നു. സെപ്റ്റംബർ 23 ന്, പ്രധാനമന്ത്രി ആഗോള കമ്പനികളുടെ സിഇഒമാരുമായി അഞ്ച് വ്യത്യസ്ത കൂടിക്കാഴ്ചകൾ പ്രധാനമന്ത്രി നടത്തി. അതിനുശേഷം യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗാ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. പിന്നീട് ഈ കൂടിക്കാഴചകൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ടീമിനൊപ്പം മൂന്ന് ആഭ്യന്തര കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തു.

സെപ്തംബർ 24 വെള്ളിയാഴ്ച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നരേന്ദ്ര മോദി ക്വാഡ് സമ്മേളനത്തിൽ പങ്കെടുത്തു. ഇതിനുശേഷം നാല് അഭ്യന്തര ചർച്ചകളും നടത്തി. അമേരിക്കൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം ശനിയാഴ്ച ഡൽഹിയിലേക്കുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തിൽ വച്ച് രണ്ടു ചർച്ചകൾ കൂടി നടന്നുവെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം വരുംവർഷങ്ങളിൽ ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തമാകുമെന്ന് തനിക്ക് ഉറപ്പുള്ളതായും വളരെ കാര്യക്ഷമമായ ഉഭയകക്ഷി, ബഹുരാഷ്ട്ര ചർച്ചകൾ നടത്താനായെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.

ലക്നൗ: ഉത്തർപ്രദേശ് മന്ത്രിസഭ പുന:സംഘടിപ്പിച്ചു. മുൻ കോൺഗ്രസ് നേതാവും രാഹുൽ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ജിതിൻ പ്രസാദ ഉൾപ്പെടെ ഏഴു പേരെ ഉൾപ്പെടുത്തിയാണ് ഉത്തർപ്രദേശിൽ മന്ത്രിസഭ പുന:സംഘടിപ്പിച്ചത്. ഗവർണർ ആനന്ദി ബെൻ പട്ടേലാണ് പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ബിജെപി നേതാക്കളായ പൾട്ടു റാം, ഛത്രപാൽ ഗംഗ്വാർ സംഗീത ബൽവന്ത്, ധരംവീർ പ്രജാപതി, സഞ്ജീവ് കുമാർ, ദിനേശ് കാർത്തിക്, ജിതിൻ പ്രസാദ എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. രാജ് ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ. പുതുതായി ചുമതലയേറ്റവരിൽ ജിതിൻ പ്രസാദയ്ക്ക് പുറമേയുള്ളവർക്ക് സഹമന്ത്രി സ്ഥാനമാകും ലഭിക്കുകയെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇത് മൂന്നാം തവണയാണ് ഉത്തർപ്രദേശ് മന്ത്രിസഭാ പുന:സംഘടന നടത്തുന്നത്. മികച്ച വിജയത്തോടെ വീണ്ടും ഉത്തർപ്രദേശിൽ അധികാരത്തിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. 2019 ഓഗസ്റ്റ് 21 നാണ് ഇതിന് മുൻപ് മന്ത്രിസഭ പുന:സംഘടിപ്പിച്ചത്.

അതേസമയം പഞ്ചാബിൽ പുതുതായി അധികാരമേറ്റ ചരൺജിത് സിങ് ചന്നി മന്ത്രിസഭയിൽ 15 അംഗങ്ങളും ഞായറാഴ്ച്ച സത്യപ്രതിജ്ഞ ചെയ്തു. ആറ് പുതുമുഖങ്ങൾ ഉൾപ്പെടുന്നതാണ് ചരൺജിത് സിംഗ് ചന്നി മന്ത്രിസഭ. ബ്രഹ്മം മോഹിന്ദ്ര, ഭരത് ഭൂഷൺ, മൻപ്രീത് ബാദൽ, ത്രിപ്ത് രജിന്ദർ സിഭ് ബജ്‌വ , പാർഗത് സിങ്, സുഘ്ബിന്ദർ സർകാരിയ, വിജയ് ഇന്ദർ സിഗ്ല , രാജ് കുമാർ വേർക , റാണ ഗുർജീത് സിങ്, സംഘത് സിങ് ഗിൾസിൻ , രൺദീപ് സിങ് നബ്ബ, അരുണ ചൗധരി, റസിയ സുൽത്താന, ഗുർകിരത് സിങ് കൊട്‌ലി , അമരീന്ദർ സിങ് രാജ വാറിങ് എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.

modi

ന്യൂഡൽഹി: ജീവനക്കാർക്ക് സന്തോഷ വാർത്തയുമായി കേന്ദ്ര സർക്കാർ. ദീപാവലിയും നവരാത്രിയും ഉൾപ്പെടെയുള്ള ഉത്സവ കാലത്തിന് മുന്നോടിയായി കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വീണ്ടും വർദ്ധിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം. മൂന്ന് ശതമാനം ക്ഷാമബത്ത വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തിയിരുന്നു. 17 ശതമാനത്തിൽ നിന്ന് 28 ശതമാനമാക്കിയാണ് ക്ഷാമബത്ത ഉയർത്തിയത്. ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമാണ് ക്ഷാമബത്ത ഉയർത്തിയതിന്റെ പ്രയോജനം ലഭിച്ചത്.

വീണ്ടും മൂന്ന് ശതമാനം വർധനവ് ഉണ്ടായാൽ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 31 ശതമാനമായി ഉയരും. ജീവനക്കാരുടെ എച്ച്ആർഎയും 24 ശതമാനത്തിൽ നിന്ന് 27 ശതമാനമൈയി നേരത്തെ ഉയർത്തിയിരുന്നു.

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ പരോക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി.ജയരാജൻ. മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നു രാജിവച്ചതിലാണ് ജയരാജൻ സുധാകരനെതിരെ വിമർശനം ഉന്നയിച്ചു. വി എം സുധീരനും കോൺഗ്രസിന് മാലിന്യമായോയെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനുണ്ടായ തുടർച്ചയായ തിരിച്ചടിക്കും ദയനീയ പരാജയത്തിനും തകർച്ചക്കും കാരണം ജനവിരുദ്ധ ആഗോളവൽക്കരണ – സ്വകാര്യവൽക്കരണ നയമാണെന്ന് നേരത്തെ പ്രതികരിച്ച ആളാണ് വി.എം സുധീരൻ. വർഗ്ഗീയതയ്‌ക്കെതിരെ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്ന ഗാന്ധിയൻ പാരമ്പര്യം പലപ്പോഴും കോൺഗ്രസ് നേതൃത്വത്തെ ഓർമ്മിപ്പിക്കാറുമുണ്ട്. സംഘപരിവാർ മനസ്സുള്ള പുതിയ കെപിസിസി പ്രസിഡന്റിന് വി.എം സുധീരൻ ഒരു തലവേദന തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തിൽ സുധീരന്റെ നിർദ്ദേശങ്ങൾ പരിഹസിച്ച് തള്ളിയതും രാഷ്ട്രീയകാര്യ സമിതിയെ നോക്കുകുത്തിയാക്കിയെന്ന വിമർശനത്തെ പുച്ഛിച്ചു തള്ളിയതും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചേർന്നാണ്. കേരളത്തിലെ കോൺഗ്രസിന്റെ അടിത്തറ ഇളകിക്കഴിഞ്ഞു. സുധീരന്റെ രാജി പിൻവലിപ്പിക്കാൻ നേതൃത്വത്തിന് കഴിഞ്ഞാലും ഇളകിയ അടിത്തറ തുന്നിച്ചേർക്കൽ എളുപ്പമല്ല. ‘മാലിന്യങ്ങളായിരിക്കും’ ഇളകിയ അടിത്തറയിലൂടെ ഊർന്നിറങ്ങി അടിത്തറ തന്നെ ഇല്ലാതാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരുവനന്തപുരം: നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെതിരായി നിലപാട് സ്വീകരിച്ചു കൊണ്ടുള്ള കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ പരാമർശത്തെ തള്ളി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ചിദംബരത്തിന്റെ അഭിപ്രായത്തിന്റെ പശ്ചാത്തലം അറിയില്ല. കേരളത്തിലെ വിഷയത്തിൽ അഭിപ്രായം പറയേണ്ടത് കേരളത്തിലെ നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. പാലാ ബിഷപ്പിനെ തളളിപ്പറയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒബിസി മോർച്ച മുൻ ഉപാദ്ധ്യക്ഷൻ ഋഷി പൽപുവിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തുളള ചടങ്ങിലാണ് സുധാകരൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അതേസമയം വി.എം സുധീരനുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടിയിൽ രൂക്ഷമായ പ്രശ്നങ്ങളില്ലെന്നും സുധാകരൻ വ്യക്തമാക്കി. സുധീരന് അഭിപ്രായം പറയാൻ അവസരം നൽകിയെന്നും എന്നാൽ അദ്ദേഹം അത് വിനിയോഗിച്ചില്ലെന്നും സുധാകരൻ പറഞ്ഞു. സുധീരന്റെ വീട്ടിൽ പോയി ക്ഷമ പറഞ്ഞയാളാണ് താൻ. സുധീരന് തെറ്റിദ്ധാരണയുണ്ടെങ്കിൽ തിരുത്തും. ആരെയും അകറ്റിനിർത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ നേതൃത്വം കിട്ടിയ സുവർണാവസരം പാഴാക്കിയെന്നായിരുന്നു നേരത്തെ പ്രശ്നപരിഹാരത്തിന് എത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് വി.എം സുധീരൻ പറഞ്ഞത്.

തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉത്തരേന്ത്യൻ ഖാപ്പ് പഞ്ചായത്ത് മാതൃകയിൽ ചില മാദ്ധ്യമ ജഡ്ജിമാർ സിംഹാസന പുറത്തേറി ആളുകളെ എറിഞ്ഞു കൊല്ലാനും തീക്കൊളുത്താനുമൊക്കെ ആക്രോശിക്കുമെന്ന് അദ്ദേഹം വിമർശിച്ചു. മാദ്ധ്യമ മേഖലയിലെ ചില അനാവശ്യ പ്രവണതകളെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.

ആ ആക്രോശം ജനം കേട്ടിരുന്നേൽ രണ്ടാം പിണറായി സർക്കാർ ഉണ്ടാകുമായിരുന്നില്ല. ഒന്നിനേയും മാനിക്കുന്നില്ലെങ്കിൽ ജനവിധിയെ എങ്കിലും മാനിക്കണം. ഓട് പൊളിച്ചിറങ്ങി വന്നവരല്ല ഞങ്ങൾ. ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ്. വിധിക്കാനും വിചാരണ നടത്താനും ഈ നാട്ടിൽ നീതിയും നിയമവുമുണ്ട്. കോടതികൾ ഉണ്ട്. അതിന് ചില ഖാപ്പ് മാദ്ധ്യമ കോടതികൾ വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഒന്നോർക്കുന്നത് നന്നായിരിക്കും. കേരളത്തിലെ ജനം ഇതെല്ലാം കാണുന്നും കേൾക്കുന്നുമുണ്ട്. ബാർക്കിന്റെ ഏതാനും മീറ്ററിൽ ഏതാനും പേർ കാണുന്നുണ്ട് എന്ന കണക്കു നിരത്തുന്നവർക്ക് എതിരാണ് ജനവിധി. വിചാരണ ചെയ്യാൻ നിങ്ങൾക്കാര് അവകാശം തന്നു എന്ന് ചോദിച്ചതിനാണ് ഒരു മാധ്യമ പ്രവർത്തകനെതിരെ കേസ് കൊടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുമണ്ഡലത്തിൽ ഉള്ളവരെ അധിക്ഷേപിക്കുന്ന നടപടി കുറച്ചു കാലമായി ഉണ്ട്. ആളുകളുടെ മേൽ കരിവാരി തേക്കുന്ന ഏർപ്പാടിന് പിന്തുണ ഇല്ല എന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടവർ ഫോണിൽ അറിയിച്ചിട്ടുണ്ട്. ഒരു കാര്യം വ്യക്തമാക്കാം,കോട്ടിട്ട ചില സാറന്മാർ വിചാരിച്ചാലൊന്നും ഈ നാട്ടിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ വളർച്ച തടയാനാവില്ല. അത് കാലം തെളിയിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവന്തപുരം: സംസ്ഥാനത്ത് അബ്ദുൾ കലാം സർവ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ഹർത്താൽ ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റിവെയ്ക്കാൻ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല തീരുമാനിച്ചത്.

നാളെ നടക്കാനാരുന്ന BHMCT നാലാം സെമസ്റ്റർ റെഗുലർ, സപ്ലിമെന്ററി പരീക്ഷകളാണ് മാറ്റിവെച്ചത്. നാളെ നടത്താനിരുന്ന തിയറി പരീക്ഷകൾ ഒകടോബർ ആറിലേക്കു മാറ്റി വച്ചത്. അതിനാൽ അന്നേ ദിവസം നടത്താനിരുന്ന ലാബ് പരീക്ഷകൾ ഒക്ടോബർ 21 ലേക്ക് മാറ്റി വെച്ചു. പരീക്ഷയുടെ സമയത്തിൽ മാറ്റമില്ലെന്നും സർവ്വകലാശാല അധികൃതർ അറിയിച്ചു.

അതേസമയം എം.ജി, കാലിക്കറ്റ്, കൊച്ചി സർവകലാശാലകളും നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി വെച്ചു.