തിരുവനന്തപുരം: കോളജ് വിദ്യാർഥിനിയെ സഹപാഠി കഴുത്തറുത്ത് കൊന്ന സംഭവം അതിക്രൂരവും നിഷ്ഠൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രണയം നിരസിച്ചാൽ കൊന്നു കളയുക എന്നത് എത്ര ക്രൂരവും നീചവുമായ മാനസികാവസ്ഥയാണെന്ന് മന്ത്രി പറഞ്ഞു. പ്രണയമെന്ന് അതിനെ വിളിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതിശക്തമായ ഒരു പൊതുബോധം, യുവതയുടെ പൊതുബോധം അങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് അനിവാര്യമാണ്. സമൂഹത്തിലെ എല്ലാ തലങ്ങളിലും ഉള്ളവർക്കുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ വനിത ശിശു വികസനവകുപ്പ് ശക്തമാക്കിയിട്ടുണ്ടെന്ന് വീണാ ജോർജ് അറിയിച്ചു.
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും കൗൺസിലർമാരുടെ സേവനവും കൂടുതൽ ഊർജിതമാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള പ്രശ്‌നങ്ങളിലോ ഭീഷണികളിലോ അകപ്പെടുന്ന പെൺകുട്ടികൾക്ക് വനിത ശിശുവികസന വകുപ്പിന്റെ മിത്ര 181 ഹെൽപ് ലൈനിൽ ബന്ധപ്പെടാവുന്നതാണ്. പോലീസിന്റെയും നിയമപരമായിട്ടുള്ളതുമായ സഹായവും വനിതാ ശിശു വികസന വകുപ്പ് ഉറപ്പാക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

