തൃശൂർ: മെഡിസിൻ ബിരുദദാനത്തിന് ഇനി കോട്ടും തൊപ്പിയും വേണ്ട. ബിരുദദാനച്ചടങ്ങിന്റെ വേഷം കേരള ആരോഗ്യ സർവകലാശാല മാറ്റി നിശ്ചയിച്ചു. ബിരുദദാന ചടങ്ങിന് ആൺകുട്ടികൾക്ക് മുണ്ടും ജുബ്ബയും. പെൺകുട്ടികൾ കേരളസാരിയും ബ്ലൗസും ഉപയോഗിക്കാം.
ഒക്ടോബർ അഞ്ചിന് സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ, പുതിയ ഡോക്ടർമാരെ പ്രഖ്യാപിക്കുമ്പോൾ ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുണ്ടും ജുബ്ബയുമായിരിക്കും ധരിക്കുക. പ്രൊ-ചാൻസലറായ ആരോഗ്യമന്ത്രി വീണാ ജോർജ് കേരളസാരി ധരിച്ചായിരിക്കും ചടങ്ങിൽ പങ്കെടുക്കുക.
ആൺകുട്ടികളും പെൺകുട്ടികളും 2.8 മീറ്റർ നീളമുള്ള കസവുവേഷ്ടിയും തോളിൽ ധരിക്കും. വേഷ്ടി സർവകലാശാല തന്നെ വാങ്ങിനൽകും. അത് അവർക്കുതന്നെ എടുക്കാം. ബാക്കി വേഷങ്ങൾ കുട്ടികൾത്തന്നെ വാങ്ങണമെന്നാണ് നിർദ്ദേശം.
ആൺകുട്ടികൾക്ക് വെള്ള, അല്ലെങ്കിൽ ഇളംമഞ്ഞ കലർന്ന വെള്ളഷർട്ടും പെൺകുട്ടികൾക്ക് കേരളസാരിക്ക് ഇളംമഞ്ഞ കലർന്ന വെള്ള ബ്ലൗസുമാണ് സർവ്വകലാശാല നിർദേശിച്ചിരിക്കുന്നത്.
50 കുട്ടികളെയാണ് ബിരുദദാന ചടങ്ങിനായി തിരഞ്ഞെടുത്തിരിക്കുന്നത്. അലോപ്പതി, ആയുർവേദം, ഹോമിയോ, നഴ്സിങ്, ഫാർമസി, ലബോറട്ടറി ടെക്നോളജി തുടങ്ങിയ മേഖലകളിൽ നിന്ന് 15,000 ബിരുദ, ബിരുദാനന്തര വിദ്യാർഥികളാണ് ഇക്കുറി പഠിച്ചിറങ്ങുന്നത്. ബിരുദദാന ചടങ്ങിന്റെ തത്സമയ സംപ്രേഷണം സർവകലാശാലയുടെ വെബ്സൈറ്റിലെ യു ട്യൂബ് ലിങ്കിലൂടെ ലഭ്യമാകും.

