കോൺഗ്രസിലെ വീഴ്ചകൾ താൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു; വീഴ്ചകളെ കുറിച്ച് ലീഗ് ഇപ്പോൾ പറയുന്നതിൽ പുതുമയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: കോൺഗ്രസിലെ സമീപകാല സംഭവങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയ മുസ്ലിംലീഗ് നേതൃത്വത്തിന് മറുപടി നൽകി മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. വീഴ്ചകളെ കുറിച്ച് ലീഗ് ഇപ്പോൾ പറയുന്നതിൽ പുതുമയില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.

കോൺഗ്രസിലെ വീഴ്ചകൾ താൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ന്യൂനപക്ഷങ്ങൾക്കൊപ്പം എന്നും ഉറച്ചു നിന്ന പാർട്ടി കോൺഗ്രസ് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇടഞ്ഞു നിൽക്കുകയാണെന്നും ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നില്ലെന്നുമാണ് മുസ്ലിം ലീഗ് പ്രവർത്തന സമിതി യോഗത്തിൽ ഉയർന്ന വിമർശനം.

കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തിരമായി മുൻഗണന നൽകണമെന്നും ഒറ്റകെട്ടായി നേതൃത്വം മുന്നോട്ട് പോകണമെന്നുമാണ് ലീഗ് വ്യക്തമാക്കിയിരുന്നത്. മഞ്ചേരിയിൽ നടന്ന പ്രവർത്തന സമിതി യോഗത്തിലാണ് മുസ്ലീം ലീഗ് ഇക്കാര്യം ആവശ്യപ്പെട്ടത്.