General (Page 1,383)

തിരുവനന്തപുരം: നിലം നികത്തി നടത്തുന്ന നിർമ്മാണ പ്രവർത്തികൾക്കെല്ലാം മുൻകൂർ അനുമതി വാങ്ങണമെന്ന് മന്ത്രി പി പ്രസാദ്. 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിനു ശേഷമാണ് പലപ്പോഴും ബന്ധപ്പെട്ട കമ്മിറ്റികൾക്കും അധികാരികൾക്കും പരിവർത്തനാനുമതിക്കുള്ള അപേക്ഷ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അത്തരത്തിലുള്ള അനധികൃതവും നിയമവിരുദ്ധമായ പരിവർത്തനങ്ങൾ ആരംഭത്തിൽ തന്നെ തടയുന്നതിനും ഭൂമിയുടെ തരം അതേ നിലയിൽ സംരക്ഷിക്കുന്നതിനും പ്രത്യേകം ശ്രദ്ധ ചെലുത്തും. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് (23) പ്രകാരമുള്ള നടപടികളും, അച്ചടക്ക നടപടികളും സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിയമത്തിന്റെ അന്തസത്ത ഉൾക്കൊണ്ടും വ്യവസ്ഥകൾ പാലിച്ചും പാരിസ്ഥിതിക പ്രാധാന്യമുള്ള നെൽവയലുകളും തണ്ണീർതടങ്ങളും സംരക്ഷിക്കേണ്ടത് പൊതു സമൂഹത്തിന്റെയും, സർക്കാരിന്റെയും കർത്തവ്യമായതിനാൽ വ്യക്തമായ പരിശോധനയ്ക്കു ശേഷം മാത്രമേ പരിവർത്തനാനുമതി നൽകാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിറവം നിയോജകമണ്ഡലത്തിൽ രാമമംഗലം – മണീട് പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് കിഴുമുറികടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിന് വേണ്ടി ഭൂമി രൂപാന്തരപ്പെടുത്തുന്നത് സംബന്ധിച്ച് അനൂപ് ജേക്കബ് എം.എൽ.എ. അവതരിപ്പിച്ച സബ്മിഷന് മറുപടി നൽകുകവെയായിരുന്നു മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.

തിരുവനന്തപുരം: സംസ്ഥാനം കോവിഡിനെതിരെ ശക്തമായ പ്രതിരോധമൊരുക്കുമ്പോൾ ആരും കോവിഡ് വാക്സിനോട് വിമുഖത കാട്ടരുതെന്ന് അഭ്യർത്ഥിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒന്നാം ഡോസ് വാക്സിൻ എടുക്കാൻ ഇനി കുറച്ച് പേർ മാത്രമാണുള്ളതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോൾ ആവശ്യത്തിന് വാക്സിൻ സ്റ്റോക്കുണ്ടെന്നും തൊട്ടടുത്തുതന്നെ വാക്സിനേഷൻ കേന്ദ്രങ്ങളും ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.

1200 ഓളം വാക്സിനേഷൻ കേന്ദ്രങ്ങൾ സംസ്ഥാനത്താകെ സർക്കാർ തലത്തിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പല വാക്സിനേഷൻ കേന്ദ്രങ്ങളിലും ആൾക്കാർ തീരെ കുറവാണ്. ഒക്ടോബർ ഒന്ന് മുതൽ 5 വരെയുള്ള വാക്സിനേഷന്റെ കണക്കെടുത്താൽ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 5,65,432 ഡോസ് വാക്സിനാണ് നൽകിയത്. അതിൽ 1,28,997 പേർ മാത്രമാണ് ആദ്യ ഡോസ് വാക്സിനെടുത്തത്. ആരും വാക്സിനേഷനോട് വിമുഖത കാണിക്കരുത്. ഇനിയും വാക്സിൻ എടുക്കാനുള്ളവർ ഉടൻ തന്നെ കോവിൻ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്തോ തൊട്ടടുത്ത വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തിയോ വാക്സിൻ സ്വീകരിക്കേണ്ടതാണെന്ന് വീണാ ജോർജ് നിർദ്ദേശിച്ചു.

സംസ്ഥാനത്ത് വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 93.04 ശതമാനം പേർക്ക് (2,48,50,307) ആദ്യ ഡോസും 42.83 ശതമാനം പേർക്ക് (1,14,40,770) രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 3,62,91,077 ഡോസ് വാക്സിനാണ് ഇതുവരെ നൽകിയത്. കേന്ദ്രത്തിന്റെ 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം പതിനെട്ടര ലക്ഷത്തോളം പേരാണ് വാക്സിനെടുക്കാനുള്ളത്. അതിൽ തന്നെ കോവിഡ് ബാധിച്ചവരായ 10 ലക്ഷത്തോളം പേർക്ക് 3 മാസം കഴിഞ്ഞ് വാക്സിൻ എടുത്താൽ മതി. അതിനാൽ ഇനി എട്ടര ലക്ഷത്തോളം പേർ മാത്രമാണ് ഒന്നാം ഡോസ് വാക്സിനെടുക്കാനുള്ളതെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് വാക്സിൻ എടുത്താൽ കോവിഡ് വരാനുള്ള സാധ്യത കുറയ്ക്കുകയും ഗുരുതരമായ അസുഖത്തിൽ നിന്നും സംരക്ഷിക്കുകയും ആശുപത്രി വാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതുവരെ 1,22,407 കോവിഡ് കേസുകളിൽ, 11 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി അല്ലെങ്കിൽ ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 4 വരെയുള്ള കാലയളവിൽ ശരാശരി 1,42,680 കേസുകൾ ചികിത്സയിലുണ്ടായിരുന്നതിൽ 2 ശതമാനം പേർക്ക് മാത്രമാണ് ഓക്സിജൻ കിടക്കകളും ഒരു ശതമാനം പേർക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികൾ, ആശുപത്രികൾ, ഫീൽഡ് ആശുപത്രികൾ, ഐസിയു, വെന്റിലേറ്റർ, ഓക്സിജൻ കിടക്കകൾ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ആഴ്ചയിൽ യഥാക്രമം 12, 12, 24, 10, 8, 13 ശതമാനം വീതം കുറഞ്ഞു. ആശുപത്രി വാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്. ഇതിനെല്ലാം കാരണം നമ്മുടെ വാക്സിനേഷൻ കൂടിയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

എല്ലാ കാലവും സംസ്ഥാനത്തിന് അടച്ചിടാനാകില്ല. ജനങ്ങളുടെ ജീവനും ജീവനോപാധിയും ഒരുപോലെ സംരക്ഷിക്കേണ്ടതുണ്ട്. കോളേജുകൾ തുറന്നു തുടങ്ങി. സ്‌കൂളുകളും അടുത്തമാസം ആദ്യത്തോടെ തുറക്കും. ആ സമയത്ത് കുറച്ചുപേർ വാക്സിൻ എടുക്കാതെ വിമുഖത കാണിച്ച് മാറി നിൽക്കുന്നത് സമൂഹത്തിന് തന്നെ ആപത്താണ്. അതിനാൽ ബാക്കിയുള്ളവർ എത്രയും വേഗം ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കണമെന്ന് വീണാ ജോർജ് കൂട്ടിച്ചേർത്തു.

sivan

തിരുവനന്തപുരം: പ്ലസ് വൺ അലോട്‌മെന്റ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മുഖ്യ ഘട്ടത്തിലെ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ ഉള്ള സ്ഥിതിവിവര കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ഏകജാലക രീതിയിൽ പ്രവേശനം നടത്തുന്ന 2,70,188 സീറ്റുകളിലേയ്ക്ക് 4,65,219 വിദ്യാർത്ഥികൾ അപേക്ഷിച്ചുവെന്ന് മന്ത്രി പറഞ്ഞു. ഇതിൽ മാതൃജില്ലയ്ക്ക് പുറമേ മറ്റ് ജില്ലകളിലും അപേക്ഷിച്ച 39,489 പേരുണ്ടായിരുന്നു. ആയതിനാൽ പ്രവേശനം നൽകേണ്ട യഥാർത്ഥ അപേക്ഷകർ 4,25,730 മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒന്നാം അലോട്‌മെന്റിൽ 2,01,489 പേർ പ്രവേശനം നേടുകയുണ്ടായി. ഒന്നാം അലോട്ട്‌മെന്റിൽ 17,065 വിദ്യാർത്ഥികൾ പ്രവേശനം തേടിയിട്ടില്ല. രണ്ടാമത്തെ
അലോട്ട്‌മെന്റിൽ 68,048 അപേക്ഷകർക്ക് പുതിയതായി അലോട്ട്‌മെന്റ് ലഭിക്കുകയുണ്ടായി. കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവേശന തോതനുസരിച്ചാകെ 3,85,530 അപേക്ഷകർ മാത്രമേ പ്ലസ് വൺ പ്രവേശനം തേടാൻ സാധ്യതയുള്ളൂ. കഴിഞ്ഞ 5 വർഷത്തെ പ്രവേശന തോതനുസരിച്ചാണെങ്കിൽ പ്രവേശനം ലഭിക്കുന്നതിനായി ഇനി സംസ്ഥാനത്ത് ആകെ 91,796 അപേക്ഷകർ ബാക്കിയുണ്ടെന്ന് മന്ത്രി വിശദമാക്കി.

അപേക്ഷിച്ച എല്ലാവരും പ്ലസ് വൺ പ്രവേശനം തേടുകയാണെങ്കിൽ ആകെ 1,31,996 അപേക്ഷകർക്കാണ് പ്രവേശനം ഉറപ്പാക്കേണ്ടി വരുന്നത്. എയിഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലെ അലോട്ട്‌മെന്റ്, എയിഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ് ക്വാട്ട പ്രവേശനം, അൺ എയിഡഡ് സ്‌കൂളുകളിലെ പ്രവേശനം എന്നിവയൊക്കെ 2021 ഒക്ടോബർ 7 മുതൽ ആരംഭിക്കുകയുള്ളു. ഇത്തരത്തിൽ ലഭ്യമായ സീറ്റുകളും ഒഴിവ് വരുന്ന സ്‌പോർട്‌സ് ക്വാട്ട സീറ്റുകൾ പൊതു മെറിറ്റ് ക്വാട്ട സീറ്റുകളായി പരിവർത്തനം ചെയ്യുമ്പോൾ ഉണ്ടാകുന്ന സീറ്റുകളും കൂടി കൂട്ടുമ്പോൾ സംസ്ഥാനത്ത് ആകെ 1,22,384 സീറ്റുകൾ ലഭ്യമാണ്. ഇതിനു പുറമെ വെക്കേഷണൽ ഹയർ സെക്കൻഡറി , പോളിടെക്‌നിക് , ഐടിഐ മേഖലകളിലായി 97,283 സീറ്റുകളും ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായ്: ജാമിഅ മർകസ് ചാൻസലർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് യുഎഇയുടെ ഗോൾഡൻ വിസ അംഗീകാരം. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ച് അദ്ദേഹം യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി. 10 വർഷമാണ് യുഎഇ വിസയുടെ കാലാവധി.

യുഎഇയും ജാമിഅഃ മർകസും തമ്മിൽ നിലനിൽക്കുന്ന ബന്ധം, വിദ്യാഭ്യാസ വിനിമയം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് അദ്ദേഹത്തിന് യുഎഇ ഗോൾഡൻ വിസ നൽകിയത്. ഇന്ത്യയിൽ നിന്നും ആദ്യമായി ഹ്യൂമാനിറ്റേറിയൻ ഗോൾഡൻ വിസ ലഭിക്കുന്നയാളാണ് കാന്തപുരം. വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്നവർക്കുള്ള ആദരവായാണ് യുഎഇ ഗോൾഡൻ വിസ അനുവദിക്കുന്നത്.

ഗോൽഡൻ വിസ നൽകിയതിന് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കാന്തപുരം നന്ദി പറഞ്ഞു.

തിരുവനന്തപുരം: അച്ഛനെയും മകളെയും മോഷ്ടാക്കളെന്ന് ആരോപിച്ച് പരസ്യമായി അപമാനിച്ച സംഭവത്തിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ പട്ടികജാതി-പട്ടികവർഗ കമ്മീഷൻ. പിങ്ക് പോലീസ് ഉദ്യോഗസ്ഥയുടെ പ്രവൃത്തി പോലീസ് സേനയുടെ അന്തസ്സിന് കളങ്കമേൽപ്പിച്ചെന്ന് കമ്മീഷൻ വ്യക്തമാക്കി. പിങ്ക് പോലീസ് ഉദ്യോഗസ്ഥയായ രജിതയെ യൂണിഫോമിലുള്ള ജോലിയിൽ നിന്ന് ഒഴിവാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലികളിൽ നിന്ന് ഉദ്യോഗസ്ഥയെ മാറ്റിനിർത്തണമെന്നും പട്ടികജാതി പട്ടിക വർഗ കമ്മീഷൻ ആവശ്യപ്പെട്ടു. തോന്നയ്ക്കൽ സ്വദേശിയായ ജയചന്ദ്രനെയും മകളെയും മൊബൈൽ മോഷ്ടാക്കളാക്കി ചിത്രീകരിച്ച് അപമാനിക്കാനായിരുന്നു രജിതയുടെ ശ്രമം.

ഓഗസ്റ്റ് മാസം 27 നായിരുന്നു സംഭവം. ഐ.എസ്.ആർ.ഒ.യിലേക്ക് കൂറ്റൻ ചേംബറുകളുമായി പോകുന്ന വാഹനങ്ങൾ കാണാൻ എത്തിയ മൂന്നാം ക്ലാസുകാരിയേയും പിതാവിനെയും പോലീസ് വാഹനത്തിലെ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് സിവിൽ പോലീസ് ഓഫീസർ രജിത പരസ്യമായി വിചാരണ ചെയ്യുകയും അപമാനിക്കുകയുമായിരുന്നു. കാറിന്റെ പിൻസീറ്റിൽ ബാഗിൽ മൊബൈൽ ഫോൺ ഉണ്ടായിരിക്കേയാണ് കുട്ടിയുടെ മേൽ മോഷണക്കുറ്റം ചുമത്തി അപമാനിച്ചത്.

തിരുവനന്തപുരം: തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ കൈവശമുള്ള വ്യാജ ചെമ്പോലയെക്കുറിച്ചു അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ചരിത്ര ഗവേഷകനും പുരാരേഖാ വിദഗ്ധനുമായ ഡോ.എം ജി ശശിഭൂഷൺ. വ്യാജ ചെമ്പോല തയ്യാറാക്കിയ ആളെ അറിയാമെന്ന് അദ്ദേഹം വ്യക്തമാക്കി. ശബരിമല ക്ഷേത്രത്തിൽ ആചാരങ്ങൾ നടത്താനുള്ള ചുമതല ചീരപ്പഞ്ചിറ കുടുംബത്തിനാണെന്നു രേഖപ്പെടുത്തിയിരിക്കുന്ന വ്യാജ ചെമ്പോലയെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

ശബരിമല കേസ് ഹൈക്കോടതി പരിഗണിച്ചപ്പോൾ ചെമ്പോല തെളിവായി ഹാജരാക്കിയിരുന്നു. ചൊമ്പോലയെ കുറിച്ച് അഭിഭാഷകർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ചരിത്രഗവേഷകൻ പ്രഫ.എ.ശ്രീധരമേനോനെ പരിശോധനയ്ക്കായി ചുമതലപ്പെടുത്തി. ലിപി പരിശോധിക്കേണ്ടതിനാൽ പരമേശ്വരൻ പിള്ളയെ ഏൽപിക്കാൻ അദ്ദേഹം നിർദേശിച്ചു. ഒടുവിൽ ശ്രീധര മേനോനും പരമേശ്വരൻ പിള്ളയും ചേർന്നു പഠനം നടത്തട്ടെയെന്ന് കോടതി നിർദേശിച്ചു. വ്യാജ ചെമ്പോല തയാറാക്കിയ ആളെക്കുറിച്ചു പരമേശ്വരൻ പിള്ള തന്നോടു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ പുറത്തു പറയുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി വിധിക്കുശേഷം മോൻസന്റെ ചെമ്പോലയ്ക്കു സ്ഥിരീകരണം നൽകിയതു ചരിത്രകാരൻ എം.ആർ.രാഘവ വാരിയരാണ്. പിന്നീട് അദ്ദേഹത്തെ നേരിൽ കണ്ടു താൻ വ്യാജ ചെമ്പോലയാണെന്ന് പറഞ്ഞു. എന്നാൽ ഇതുകേട്ട അദ്ദേഹം ചിരിച്ചതേയുള്ളു. ശബരിമല വിഷയം കത്തിനിൽക്കുന്ന സമയത്തു മുഖ്യമന്ത്രി പിണറായി വിജയന്റെ ചാനൽ പരിപാടിയായ നാം മുന്നോട്ടിലും ചെമ്പോലയെക്കുറിച്ചു സഗൗരവം ചർച്ച ചെയ്യുന്നതു കണ്ടു. ആ പരിപാടിയിൽ എല്ലാം തലകുലുക്കി സമ്മതിക്കുന്ന രാഘവ വാരിയരെയും രാജൻ ഗുരുക്കളെയും കണ്ടപ്പോൾ സങ്കടം തോന്നിയതെന്നും ശശിഭൂഷൺ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: പാൻഡോര പേപ്പറിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. രാജ്യത്തെ മുൻ ആദായ നികുതി ചീഫ് കമ്മീഷണർക്കും ഐ ആർ എസ് ഉദ്യോഗസ്ഥനും കള്ളപ്പണ നിക്ഷേപമുണ്ടെന്നാണ് പാൻഡോര പേപ്പറിൽ വെളിപ്പെടുത്തുന്നത്. നാഫെഡ് അഡീഷണൽ മാനേജിങ് ഡയറക്ടർ ആയിരുന്ന ഹോമി രാജ് വൻശിന്റെയും ആദായ നികുതി ചീഫ് കമ്മീഷണറായിരുന്ന സുശീൽ ഗുപ്തയുടെയും നിക്ഷേപ വിവരങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.

ഇരുവർക്കും ബ്രിട്ടീഷ് വിർജിൻ ദ്വീപിൽ കമ്പനികൾ ഉണ്ടെന്നാണ് വിവരം. ഹോമിരാജ് വൻശിനെ അനധികൃത ഇടപാടുകളെ തുടർന്ന് നേരത്തെ സിബിഐയും ഇഡിയും അറസ്റ്റ് ചെയ്യുകയും സർവീസിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തിരുന്നു. മുംബൈ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ നിരഞ്ജൻ ഹിരണൻദാനിക്കും വിദേശത്ത് കള്ളപ്പണ നിക്ഷേപമുണ്ട്. നിരഞ്ജൻ ബ്രിട്ടീഷ് വിർജിൻ ദ്വീപിലെ മൂന്ന് കമ്പനികളിൽ റിസർവ് ഡയറക്ടർ ആണ്. മകൻ ദർശൻ ഹിരൺദാനി 25 കമ്പനികളിൽ ഡയറക്ടറാണെന്നാണ് വിവരം.

പ്രമുഖ അഭിഭാഷകനും ബിസിനസ് ഇന്ത്യ മാഗസിൻ സഹസ്ഥാപകനുമായ ഹിരൂ അദ്വാനിക്കും ഭാര്യക്കും സെഷൽസിലും ബ്രിട്ടീഷ് വിർജിൻ ദ്വീപിലും കമ്പനികൾ ഉണ്ട്. ആൻട്രിക്‌സ് ഡയമണ്ട്‌സ് ഉടമകൾക്ക് വിദേശത്ത് കള്ളപ്പണം നിക്ഷേപത്തിനായി കമ്പനി ശൃംഖലയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

തിരുവനന്തപുരം: ഒറ്റയ്ക്കു കഴിയുന്ന, റേഷൻ കടയിലെത്താൻ ബുദ്ധിമുട്ടുള്ള 80 വയസ് കഴിഞ്ഞവർക്ക് റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകാനൊരുങ്ങി സിവിൽ സപ്ലൈസ്. കുടുംബശ്രീ അംഗങ്ങളെയോ സന്നദ്ധ സംഘടനാ പ്രവർത്തകരെയോ ഉപയോഗിച്ച് അടുത്ത മാസം മുതൽ സിവിൽ സപ്ലൈസ് ഇത്തരക്കാരുടെ വീടുകളിൽ റേഷൻ എത്തിക്കും. ഭക്ഷ്യ, സാമൂഹ്യനീതി വകുപ്പ് ഉന്നതോദ്യോഗസ്ഥർ ചർച്ച നടത്തി തീയതി തീരുമാനിക്കുമെന്ന് അധികൃതർ അറിയിച്ചു.

മന്ത്രി ജി.ആർ. അനിലിന്റെ നിർദ്ദേശ പ്രകാരമാണ് ഒറ്റയ്ക്ക് കഴിയുന്ന 80 വയസു കഴിഞ്ഞവർക്ക് വീടുകളിൽ റേഷൻ എത്തിക്കാൻ തീരുമാനിച്ചത്. ഇത്തരക്കാരുടെ റേഷൻ സാധനങ്ങൾ മറ്റുള്ളവർ വാങ്ങുന്നെന്ന പരാതികൾ സിവിൽ സപ്ലൈസ് വകുപ്പിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം.

അതേസമയം കിടപ്പ് രോഗികളുള്ള കുടുംബങ്ങളിൽ റേഷൻ എത്തിക്കാൻ മൊബൈൽ കടകളും ഉടൻ ആരംഭിക്കും. കെ.എസ്.ആർ.ടി.സിയുടെ പഴയ ബസുകൾ രൂപമാറ്റം വരുത്തി ഇതിന് വേണ്ടി ഉപയോഗിക്കും. ഒറ്റയ്ക്കു കഴിയുന്ന 80 കഴിഞ്ഞവരുടെ പട്ടിക നഗരസഭ, ഗ്രാമപഞ്ചായത്ത് വാർഡ് അടിസ്ഥാനത്തിൽ അംഗങ്ങളുടെ സഹായത്തോടെയിരിക്കും തയ്യാറാക്കുക. ഏത് റേഷൻ കടയിലാണോ കാർഡ് അവിടെ നിന്നും സാധനങ്ങൾ വീട്ടിൽ എത്തിക്കാനാണ് തീരുമാനം.

വാടാക വീട്ടുകളിൽ താമസിക്കുന്നവർക്ക് റേഷൻ കാർഡിനുള്ള നിബന്ധനകളിലും ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. വാടക വീടുകളിൽ കഴിയുന്നവർ റേഷൻ കാർഡിന് അപേക്ഷിക്കുമ്പോൾ സാധുവായ വാടക കരാറും കെട്ടിട ഉടമയുടെ സമ്മതപത്രവും വേണമെന്ന നിബന്ധന സർക്കാർ ഒഴിവാക്കി. ഇത്തരക്കാർക്ക് റേഷൻ കാർഡിന് അപേക്ഷിക്കാൻ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും അപേക്ഷകന്റെയും മറ്റ് കുടുംബാംഗങ്ങളുടെയു ം ആധാർ വിവരങ്ങളും മതിയാകും. ഇത്തരത്തിൽ ലഭിക്കുന്ന റേഷൻ കാർഡുകൾ റേഷൻ ആനുകൂല്യങ്ങൾക്കല്ലാതെ തരിച്ചറിയൽ രേഖയായോ മറ്റ് ആനുകൂല്യങ്ങൾക്കുള്ള രേഖയായോ ഉപയോഗിക്കാൻ പാടില്ലെന്നാണ് നിർദ്ദേശം.

തിരുവനന്തപുരം: കോർപ്പറേഷനിലെ നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക ഉയരുന്നു. കോർപ്പറേഷന്റെ അദാലത്തിൽ നേരിട്ട് നികുതി അടച്ചതിന്റെ വിവരങ്ങൾ പോലും രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് ജനങ്ങളുടെ ആശങ്ക ഉയരാൻ കാരണം.

നഗരസഭയിലെ പല സോണൽ ഓഫീസുകളിലും ഉദ്യോഗസ്ഥർ നികുതിപ്പണം തട്ടിയെടുത്തെന്ന് മേയർ ആര്യ രാജേന്ദ്രൻ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. കൗൺസിൽ യോഗത്തിലാണ് ആര്യാ രാജേന്ദ്രൻ ഇക്കാര്യം സ്ഥിരീകരിച്ചത്. അഞ്ച് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും മേയർ അറിയിച്ചിട്ടുണ്ട്.

കാഷ്യർ അനിൽ കുമാർ, ഓഫീസ് അസിസ്റ്റന്റ് ബിജു, കാഷ്യർ എസ്.സ്മിത, സുപ്രണ്ട് ശാന്തി, ജോർജുകുട്ടി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ശ്രീകാര്യം സോണിലെ അന്നത്തെ ചാർജ് ഓഫീസറും ഇപ്പോൾ കൊല്ലം നഗരസഭയിലെ ജീവനക്കാരിയുമായ ലളിതാംബികയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മേയർ അറിയിച്ചിരുന്നു.

സ്റ്റോക്കോം: രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. നിരവധി പേർക്ക് പുരസ്‌കാരത്തിന് അർഹത നേടാനുള്ള സാധ്യത കൽപ്പിക്കപ്പെടുന്നത്. അക്കൂട്ടത്തിൽ ഒരു ഇന്ത്യൻ വംശജനുമുണ്ട്. കേംബ്രിജ് സർവകലാശാലയിലെ ഗവേഷകനും നിരവധി അവാർഡുകളുടെ സ്വീകർത്താവുമായ സർ ശങ്കർ ബാലസുബ്രഹ്മണ്യനാണ് രസതന്ത്ര നൊബേൽ സമ്മാനം നേടാൻ സാധ്യതയുള്ള പട്ടികയിൽ ഇടംനേടിയ ഇന്ത്യൻ വംശജൻ.

ജനിതക രസതന്ത്രത്തെ കുറിച്ചാണ് സർ ശങ്കർ ഗവേഷണം നടത്തുന്നത്. അടുത്തിടെ ജീൻ എഡിറ്റിങ്ങിൽ അദ്ദേഹവും സംഘവും നടത്തിയ പുതിയ കണ്ടെത്തലിൽ ശാസ്ത്രലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ജീനോം സ്വീകൻസിങ്ങിലെ ഈ പുതിയ മുന്നേറ്റം ശൈശവ അവസ്ഥയിൽ തന്നെ ഒരാളുടെ ജനിതകത്തകരാറുകളും ബുദ്ധിപരവും ആരോഗ്യപരവുമായ കുഴപ്പങ്ങളും വളരെ കൃത്യതയോടെ ഡോക്ടർമാർക്കു മനസ്സിലാക്കാൻ അവസരം നൽകുന്നു. ഇതനുസരിച്ച് പരിഹാരമാർഗങ്ങൾ നേരത്തെ തന്നെ അവലംബിച്ചാൽ 120 വയസ്സ് വരെ മനുഷ്യർക്ക് ആരോഗ്യത്തോടെ ജീവിക്കാനാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഓരോ വ്യക്തിയുടെയും ജനിതകഘടനയ്ക്ക് അനുസൃതമായ ‘പേഴ്സണലൈസ്ഡ് മെഡിസിൻ’ വികസിപ്പിക്കാനും ശങ്കർ നേതൃത്വം നൽകുന്ന കേംബ്രിജ് എപിജെനിറ്റിക്സ് എന്ന കമ്പനിക്ക് ഉദ്ദേശമുണ്ട്.

ജനിതക സീക്വൻസിങ് ആദ്യമായി നടത്തിയത് 2000 ൽ ആണ്. ഒരു ബില്യൺ യുഎസ് ഡോളർ ചെലവിലായിരുന്നു അത് നിർവഹിച്ചത്. ശാസ്ത്ര മേഖല കൈവരിച്ച പുരോഗതികൾ മൂലം ഇന്ന് 1000 ഡോളർ ചെലവിൽ ഈ പ്രക്രിയ നിർവഹിക്കാം. 48 മണിക്കൂറുകൾ കൊണ്ട് 48 ജീനോമുകൾ സീക്വൻസ് ചെയ്യാനും ഇന്ന് സാധിക്കും. 1966 ൽ ചെന്നൈയിൽ ജനിച്ച ശങ്കർ ഒരു വയസ്സുള്ളപ്പോഴാണ് മാതാപിതാക്കൾക്കൊപ്പം ബ്രിട്ടനിലെത്തുന്നത്. പിന്നീട് സ്‌കൂൾ പഠനം പൂർത്തിയാക്കിയ അദ്ദേഹം കേംബ്രിജ് സർവകലാശാലയുടെ കീഴിലുള്ള ഫിറ്റ്സ്വില്യം കോളജിൽ നിന്നു ശാസ്ത്രബിരുദം നേടി. കേംബ്രിജ് സർവകലാശാലയിൽ നിന്നു തന്നെ പിഎച്ച്ഡിയും അദ്ദേഹം കരസ്ഥമാക്കി. തന്റെ ഗവേഷണ ജീവിതത്തിൽ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. കോർഡേ മോർഗൻ പ്രൈസ്, ടെട്രാഹീഡ്രൻ പ്രൈസ്, റോയൽ മെഡൽ തുടങ്ങിയ പുരസ്‌കാരങ്ങളാണ് അദ്ദേഹം കരസ്ഥമാക്കിയിട്ടുള്ളത്.