തിരുവനന്തപുരം: കോർപ്പറേഷനിലെ നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക ഉയരുന്നു. കോർപ്പറേഷന്റെ അദാലത്തിൽ നേരിട്ട് നികുതി അടച്ചതിന്റെ വിവരങ്ങൾ പോലും രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് ജനങ്ങളുടെ ആശങ്ക ഉയരാൻ കാരണം.
നഗരസഭയിലെ പല സോണൽ ഓഫീസുകളിലും ഉദ്യോഗസ്ഥർ നികുതിപ്പണം തട്ടിയെടുത്തെന്ന് മേയർ ആര്യ രാജേന്ദ്രൻ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. കൗൺസിൽ യോഗത്തിലാണ് ആര്യാ രാജേന്ദ്രൻ ഇക്കാര്യം സ്ഥിരീകരിച്ചത്. അഞ്ച് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും മേയർ അറിയിച്ചിട്ടുണ്ട്.
കാഷ്യർ അനിൽ കുമാർ, ഓഫീസ് അസിസ്റ്റന്റ് ബിജു, കാഷ്യർ എസ്.സ്മിത, സുപ്രണ്ട് ശാന്തി, ജോർജുകുട്ടി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ശ്രീകാര്യം സോണിലെ അന്നത്തെ ചാർജ് ഓഫീസറും ഇപ്പോൾ കൊല്ലം നഗരസഭയിലെ ജീവനക്കാരിയുമായ ലളിതാംബികയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മേയർ അറിയിച്ചിരുന്നു.

