മുൻ ആദായ നികുതി ചീഫ് കമ്മീഷണർക്കും ഐ ആർ എസ് ഉദ്യോഗസ്ഥനും കള്ളപ്പണ നിക്ഷേപം;കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്

ന്യൂഡൽഹി: പാൻഡോര പേപ്പറിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. രാജ്യത്തെ മുൻ ആദായ നികുതി ചീഫ് കമ്മീഷണർക്കും ഐ ആർ എസ് ഉദ്യോഗസ്ഥനും കള്ളപ്പണ നിക്ഷേപമുണ്ടെന്നാണ് പാൻഡോര പേപ്പറിൽ വെളിപ്പെടുത്തുന്നത്. നാഫെഡ് അഡീഷണൽ മാനേജിങ് ഡയറക്ടർ ആയിരുന്ന ഹോമി രാജ് വൻശിന്റെയും ആദായ നികുതി ചീഫ് കമ്മീഷണറായിരുന്ന സുശീൽ ഗുപ്തയുടെയും നിക്ഷേപ വിവരങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.

ഇരുവർക്കും ബ്രിട്ടീഷ് വിർജിൻ ദ്വീപിൽ കമ്പനികൾ ഉണ്ടെന്നാണ് വിവരം. ഹോമിരാജ് വൻശിനെ അനധികൃത ഇടപാടുകളെ തുടർന്ന് നേരത്തെ സിബിഐയും ഇഡിയും അറസ്റ്റ് ചെയ്യുകയും സർവീസിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തിരുന്നു. മുംബൈ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ നിരഞ്ജൻ ഹിരണൻദാനിക്കും വിദേശത്ത് കള്ളപ്പണ നിക്ഷേപമുണ്ട്. നിരഞ്ജൻ ബ്രിട്ടീഷ് വിർജിൻ ദ്വീപിലെ മൂന്ന് കമ്പനികളിൽ റിസർവ് ഡയറക്ടർ ആണ്. മകൻ ദർശൻ ഹിരൺദാനി 25 കമ്പനികളിൽ ഡയറക്ടറാണെന്നാണ് വിവരം.

പ്രമുഖ അഭിഭാഷകനും ബിസിനസ് ഇന്ത്യ മാഗസിൻ സഹസ്ഥാപകനുമായ ഹിരൂ അദ്വാനിക്കും ഭാര്യക്കും സെഷൽസിലും ബ്രിട്ടീഷ് വിർജിൻ ദ്വീപിലും കമ്പനികൾ ഉണ്ട്. ആൻട്രിക്‌സ് ഡയമണ്ട്‌സ് ഉടമകൾക്ക് വിദേശത്ത് കള്ളപ്പണം നിക്ഷേപത്തിനായി കമ്പനി ശൃംഖലയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.