മോൻസൻ മാവുങ്കലിന്റെ കൈവശമുള്ള വ്യാജ ചെമ്പോലയെക്കുറിച്ചു അന്വേഷണം നടത്തണം; ഡോ എം ജി ശശിഭൂഷൺ

തിരുവനന്തപുരം: തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ കൈവശമുള്ള വ്യാജ ചെമ്പോലയെക്കുറിച്ചു അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ചരിത്ര ഗവേഷകനും പുരാരേഖാ വിദഗ്ധനുമായ ഡോ.എം ജി ശശിഭൂഷൺ. വ്യാജ ചെമ്പോല തയ്യാറാക്കിയ ആളെ അറിയാമെന്ന് അദ്ദേഹം വ്യക്തമാക്കി. ശബരിമല ക്ഷേത്രത്തിൽ ആചാരങ്ങൾ നടത്താനുള്ള ചുമതല ചീരപ്പഞ്ചിറ കുടുംബത്തിനാണെന്നു രേഖപ്പെടുത്തിയിരിക്കുന്ന വ്യാജ ചെമ്പോലയെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

ശബരിമല കേസ് ഹൈക്കോടതി പരിഗണിച്ചപ്പോൾ ചെമ്പോല തെളിവായി ഹാജരാക്കിയിരുന്നു. ചൊമ്പോലയെ കുറിച്ച് അഭിഭാഷകർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ചരിത്രഗവേഷകൻ പ്രഫ.എ.ശ്രീധരമേനോനെ പരിശോധനയ്ക്കായി ചുമതലപ്പെടുത്തി. ലിപി പരിശോധിക്കേണ്ടതിനാൽ പരമേശ്വരൻ പിള്ളയെ ഏൽപിക്കാൻ അദ്ദേഹം നിർദേശിച്ചു. ഒടുവിൽ ശ്രീധര മേനോനും പരമേശ്വരൻ പിള്ളയും ചേർന്നു പഠനം നടത്തട്ടെയെന്ന് കോടതി നിർദേശിച്ചു. വ്യാജ ചെമ്പോല തയാറാക്കിയ ആളെക്കുറിച്ചു പരമേശ്വരൻ പിള്ള തന്നോടു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ പുറത്തു പറയുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി വിധിക്കുശേഷം മോൻസന്റെ ചെമ്പോലയ്ക്കു സ്ഥിരീകരണം നൽകിയതു ചരിത്രകാരൻ എം.ആർ.രാഘവ വാരിയരാണ്. പിന്നീട് അദ്ദേഹത്തെ നേരിൽ കണ്ടു താൻ വ്യാജ ചെമ്പോലയാണെന്ന് പറഞ്ഞു. എന്നാൽ ഇതുകേട്ട അദ്ദേഹം ചിരിച്ചതേയുള്ളു. ശബരിമല വിഷയം കത്തിനിൽക്കുന്ന സമയത്തു മുഖ്യമന്ത്രി പിണറായി വിജയന്റെ ചാനൽ പരിപാടിയായ നാം മുന്നോട്ടിലും ചെമ്പോലയെക്കുറിച്ചു സഗൗരവം ചർച്ച ചെയ്യുന്നതു കണ്ടു. ആ പരിപാടിയിൽ എല്ലാം തലകുലുക്കി സമ്മതിക്കുന്ന രാഘവ വാരിയരെയും രാജൻ ഗുരുക്കളെയും കണ്ടപ്പോൾ സങ്കടം തോന്നിയതെന്നും ശശിഭൂഷൺ കൂട്ടിച്ചേർത്തു.