രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും; സാധ്യതാ പട്ടികയിൽ ഇന്ത്യൻ വംശജനും

സ്റ്റോക്കോം: രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. നിരവധി പേർക്ക് പുരസ്‌കാരത്തിന് അർഹത നേടാനുള്ള സാധ്യത കൽപ്പിക്കപ്പെടുന്നത്. അക്കൂട്ടത്തിൽ ഒരു ഇന്ത്യൻ വംശജനുമുണ്ട്. കേംബ്രിജ് സർവകലാശാലയിലെ ഗവേഷകനും നിരവധി അവാർഡുകളുടെ സ്വീകർത്താവുമായ സർ ശങ്കർ ബാലസുബ്രഹ്മണ്യനാണ് രസതന്ത്ര നൊബേൽ സമ്മാനം നേടാൻ സാധ്യതയുള്ള പട്ടികയിൽ ഇടംനേടിയ ഇന്ത്യൻ വംശജൻ.

ജനിതക രസതന്ത്രത്തെ കുറിച്ചാണ് സർ ശങ്കർ ഗവേഷണം നടത്തുന്നത്. അടുത്തിടെ ജീൻ എഡിറ്റിങ്ങിൽ അദ്ദേഹവും സംഘവും നടത്തിയ പുതിയ കണ്ടെത്തലിൽ ശാസ്ത്രലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ജീനോം സ്വീകൻസിങ്ങിലെ ഈ പുതിയ മുന്നേറ്റം ശൈശവ അവസ്ഥയിൽ തന്നെ ഒരാളുടെ ജനിതകത്തകരാറുകളും ബുദ്ധിപരവും ആരോഗ്യപരവുമായ കുഴപ്പങ്ങളും വളരെ കൃത്യതയോടെ ഡോക്ടർമാർക്കു മനസ്സിലാക്കാൻ അവസരം നൽകുന്നു. ഇതനുസരിച്ച് പരിഹാരമാർഗങ്ങൾ നേരത്തെ തന്നെ അവലംബിച്ചാൽ 120 വയസ്സ് വരെ മനുഷ്യർക്ക് ആരോഗ്യത്തോടെ ജീവിക്കാനാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഓരോ വ്യക്തിയുടെയും ജനിതകഘടനയ്ക്ക് അനുസൃതമായ ‘പേഴ്സണലൈസ്ഡ് മെഡിസിൻ’ വികസിപ്പിക്കാനും ശങ്കർ നേതൃത്വം നൽകുന്ന കേംബ്രിജ് എപിജെനിറ്റിക്സ് എന്ന കമ്പനിക്ക് ഉദ്ദേശമുണ്ട്.

ജനിതക സീക്വൻസിങ് ആദ്യമായി നടത്തിയത് 2000 ൽ ആണ്. ഒരു ബില്യൺ യുഎസ് ഡോളർ ചെലവിലായിരുന്നു അത് നിർവഹിച്ചത്. ശാസ്ത്ര മേഖല കൈവരിച്ച പുരോഗതികൾ മൂലം ഇന്ന് 1000 ഡോളർ ചെലവിൽ ഈ പ്രക്രിയ നിർവഹിക്കാം. 48 മണിക്കൂറുകൾ കൊണ്ട് 48 ജീനോമുകൾ സീക്വൻസ് ചെയ്യാനും ഇന്ന് സാധിക്കും. 1966 ൽ ചെന്നൈയിൽ ജനിച്ച ശങ്കർ ഒരു വയസ്സുള്ളപ്പോഴാണ് മാതാപിതാക്കൾക്കൊപ്പം ബ്രിട്ടനിലെത്തുന്നത്. പിന്നീട് സ്‌കൂൾ പഠനം പൂർത്തിയാക്കിയ അദ്ദേഹം കേംബ്രിജ് സർവകലാശാലയുടെ കീഴിലുള്ള ഫിറ്റ്സ്വില്യം കോളജിൽ നിന്നു ശാസ്ത്രബിരുദം നേടി. കേംബ്രിജ് സർവകലാശാലയിൽ നിന്നു തന്നെ പിഎച്ച്ഡിയും അദ്ദേഹം കരസ്ഥമാക്കി. തന്റെ ഗവേഷണ ജീവിതത്തിൽ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. കോർഡേ മോർഗൻ പ്രൈസ്, ടെട്രാഹീഡ്രൻ പ്രൈസ്, റോയൽ മെഡൽ തുടങ്ങിയ പുരസ്‌കാരങ്ങളാണ് അദ്ദേഹം കരസ്ഥമാക്കിയിട്ടുള്ളത്.