പോലീസ് സേനയുടെ അന്തസ്സിന് കളങ്കമേൽപ്പിച്ചു; പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ പട്ടികജാതി-പട്ടികവർഗ കമ്മീഷൻ

തിരുവനന്തപുരം: അച്ഛനെയും മകളെയും മോഷ്ടാക്കളെന്ന് ആരോപിച്ച് പരസ്യമായി അപമാനിച്ച സംഭവത്തിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ പട്ടികജാതി-പട്ടികവർഗ കമ്മീഷൻ. പിങ്ക് പോലീസ് ഉദ്യോഗസ്ഥയുടെ പ്രവൃത്തി പോലീസ് സേനയുടെ അന്തസ്സിന് കളങ്കമേൽപ്പിച്ചെന്ന് കമ്മീഷൻ വ്യക്തമാക്കി. പിങ്ക് പോലീസ് ഉദ്യോഗസ്ഥയായ രജിതയെ യൂണിഫോമിലുള്ള ജോലിയിൽ നിന്ന് ഒഴിവാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലികളിൽ നിന്ന് ഉദ്യോഗസ്ഥയെ മാറ്റിനിർത്തണമെന്നും പട്ടികജാതി പട്ടിക വർഗ കമ്മീഷൻ ആവശ്യപ്പെട്ടു. തോന്നയ്ക്കൽ സ്വദേശിയായ ജയചന്ദ്രനെയും മകളെയും മൊബൈൽ മോഷ്ടാക്കളാക്കി ചിത്രീകരിച്ച് അപമാനിക്കാനായിരുന്നു രജിതയുടെ ശ്രമം.

ഓഗസ്റ്റ് മാസം 27 നായിരുന്നു സംഭവം. ഐ.എസ്.ആർ.ഒ.യിലേക്ക് കൂറ്റൻ ചേംബറുകളുമായി പോകുന്ന വാഹനങ്ങൾ കാണാൻ എത്തിയ മൂന്നാം ക്ലാസുകാരിയേയും പിതാവിനെയും പോലീസ് വാഹനത്തിലെ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് സിവിൽ പോലീസ് ഓഫീസർ രജിത പരസ്യമായി വിചാരണ ചെയ്യുകയും അപമാനിക്കുകയുമായിരുന്നു. കാറിന്റെ പിൻസീറ്റിൽ ബാഗിൽ മൊബൈൽ ഫോൺ ഉണ്ടായിരിക്കേയാണ് കുട്ടിയുടെ മേൽ മോഷണക്കുറ്റം ചുമത്തി അപമാനിച്ചത്.