General (Page 1,382)

ന്യൂഡൽഹി: ബിജെപി ദേശീയ നിർവാഹക സമിതി പുനഃസംഘടിപ്പിച്ചു.35 ഭാരവാഹികളെയും 50 പ്രത്യേക ക്ഷണിതാക്കളെയും 179 സ്ഥിരം ക്ഷണിതാക്കളെയും ഉൾപ്പെടുത്തിയാണ് ദേശീയ സമിതി പുന:സംഘടിപ്പിച്ചത്. കേരളത്തിൽ നിന്നും കുമ്മനം രാജശേഖരനും കേന്ദ്രമന്ത്രി വി മുരളീധരനും സമിതിയിൽ തുടരും. മെട്രോമാൻ ഇ ശ്രീധരനെ പ്രത്യേക ക്ഷണിതാവായി ദേശീയ നിർവ്വാഹക സമിതിയിൽ ഉൾപ്പെടുത്തി. പികെ കൃഷ്ണദാസും പ്രത്യേക ക്ഷണിതാവായി സമിതിയിലുണ്ട്.

അതേസമയം അൽഫോൺസ് കണ്ണന്താനത്തെയും ശോഭാ സുരേന്ദ്രനേയും ഒ രാജഗോപാലിനെയും നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കി. പ്രായാധിക്യം മൂലമാണ് രാജഗോപാലിനെ ഒഴിവാക്കിയതെന്നാണ് വിവരം. എ പി അബ്ദുള്ള കുട്ടി വൈസ് പ്രസിഡന്റായി തുടരും. ടോം വടക്കനെ ദേശീയ വക്താവായും പുന:സംഘടനയിൽ ഉൾപ്പെടുത്തി. മലയാളിയായ അരവിന്ദ് മേനോൻ ബിജെപി ദേശീയ സെക്രട്ടറിയാകും.

80 അംഗങ്ങളാണ് ബിജെപി ദേശീയ നിർവാഹക സമിതിയിൽ ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിർന്ന നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, പീയുഷ് ഗോയൽ തുടങ്ങിയവർ നിർവാഹക സമിതിയിൽ അംഗങ്ങളാണ്.

തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷാ ഫാറങ്ങള്‍ ലളിതമാക്കാനും അവ ഒരു പേജില്‍ പരിമിതപ്പെടുത്താനും നിര്‍ദ്ദേശിക്കും. ബിസിനസ്സ്, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷാഫീസ് തുടരും.

പൗരന്മാര്‍ക്ക് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ / സേവനങ്ങള്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കും. അപേക്ഷകളില്‍ അനുമതിനല്‍കുന്നതിനുള്ള നടപടിക്രമങ്ങളും സുഗമമാക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ പരമാവധി ഓണ്‍ലൈനാക്കാനുള്ള നടപടികള്‍ക്കു പുറമെയാണ് ഇത്.

ഒരിക്കല്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ മറ്റു സര്‍ക്കാര്‍ ഓഫീസുകളിലെ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. കാലയളവ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിഷ്‌കര്‍ഷിക്കാം. എന്നാല്‍ ഇവ ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷക്കാലമായിരിക്കണം. ഒരു പ്രത്യേക ഉദ്ദേശ്യത്തിന് / ഉപയോഗത്തിന് മാത്രമാണ് പ്രസ്തുത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് സര്‍ട്ടിഫിക്കറ്റില്‍ ഇനി മുതല്‍ രേഖപ്പെടുത്തുകയില്ല.

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് രേഖകള്‍/സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ / നോട്ടറി സാക്ഷ്യപ്പെടുത്തണം എന്ന രീതി ഒഴിവാക്കി രേഖകളുടെ / സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും.

ഇ.ഡബ്ല്യൂ.എസ്. സാക്ഷ്യപ്പെടുത്തല്‍ സര്‍ട്ടിഫിക്കറ്റ്, എസ്.സി – എസ്.ടി. വിഭാഗങ്ങള്‍ക്ക് നിയമപ്രകാരം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ നിലവിലുള്ള രീതി തുടരും. സേവനങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി നിയമങ്ങളിലോ ചട്ടങ്ങളിലോ ആവശ്യമെങ്കില്‍ ഭേദഗതി വരുത്തും.  

കേരളത്തില്‍ ജനിച്ചവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റോ അഞ്ചു വര്‍ഷം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചതിന്റെ രേഖയോ സത്യപ്രസ്താവനയോ ഉണ്ടെങ്കില്‍ അവരെ നേറ്റീവായി പരിഗണിക്കും. കേരളത്തിനു പുറത്തു ജനിച്ചവര്‍ക്ക് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസര്‍ തന്നെ നല്‍കും. എന്നാല്‍, ഓണ്‍ലൈനായി സ്വീകരിക്കുന്ന അപേക്ഷയില്‍ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണം.

ഇനി മുതല്‍ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരമായി ആധാര്‍ കാര്‍ഡ്, ഏറ്റവും പുതിയ ഇലക്ട്രിസിറ്റി ബില്‍, കുടിവെള്ള ബില്‍, ടെലിഫോണ്‍ ബില്‍, കെട്ടിട നികുതി രസീത് എന്നിവയിലേതെങ്കിലും ഹാജരാക്കിയാല്‍ മതി. ഇവ ഇല്ലാത്തവര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാവുന്നതാണ്.

അപേക്ഷകന്റെ എസ്എസ്എൽസി ബുക്ക്/ വിദ്യാഭ്യാസ രേഖയിൽ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റ് ആവശ്യമില്ല. അല്ലാത്തപക്ഷം വില്ലേജ് ഓഫീസർ / തഹസിൽദാർ ഓൺലൈനായോ അല്ലാതെയോ ലഭിക്കുന്ന അപേക്ഷയിൽ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം. അപേക്ഷകൻ സത്യവാങ്മൂലം കൂടി സമർപ്പിക്കണം.

ലൈഫ് സര്‍ട്ടിഫിക്കറ്റിന് കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ‘ജീവന്‍ പ്രമാണ്‍’ എന്ന ബയോമെട്രിക് ഡിജിറ്റല്‍ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഈ സംവിധാനം കേരള ട്രഷറിയിലും ബാങ്കുകളിലും ലഭ്യമാണ്.

വണ്‍ ആന്റ് സെയിം സര്‍ട്ടിഫിക്കറ്റിന് വ്യക്തിയുടെ സത്യപ്രസ്താവന ഗസറ്റഡ് പദവിയിലുള്ള ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും.

റേഷന്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, ആധാര്‍, ജനനസര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളില്‍ ഏതിലെങ്കിലും ബന്ധുത്വം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ വില്ലേജ് ഓഫീസറോ തഹസില്‍ദാറോ നല്‍കുന്ന ബന്ധുത്വ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

അപേക്ഷകന്റെ റേഷന്‍ കാര്‍ഡില്‍ കുടുംബാംഗങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ റേഷന്‍ കാര്‍ഡ് തന്നെ കുടുംബാംഗത്വ സര്‍ട്ടിഫിക്കറ്റിന് പകരം സ്വീകരിക്കാം. അല്ലാത്ത പക്ഷം മാത്രം വില്ലേജ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.

തിരിച്ചറിയല്‍ രേഖയില്ലാത്ത പൗരന്മാര്‍ക്ക് ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന അപേക്ഷകന്റെ ഫോട്ടോ പതിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
 
അപേക്ഷകന്റെ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് / വിദ്യാഭ്യാസ രേഖയില്‍ ജാതി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് വില്ലേജ് ഓഫീസര്‍ / തഹസില്‍ദാര്‍ നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റിന് പകരം അടിസ്ഥാനരേഖയായി പരിഗണിക്കാം. അച്ഛനമ്മമാര്‍ വ്യത്യസ്ത ജാതിയില്‍പ്പെട്ടവരാണെങ്കില്‍ അവരുടെ / അവരിലൊരാളുടെ എസ്.എസ്.എല്‍.സി. ബുക്ക് / വിദ്യാഭ്യാസ രേഖയില്‍ രേഖപ്പെടുത്തിയിട്ടുള്ള ജാതി തെളിവായി പരിഗണിക്കാം.

ഭാര്യയുടെയും ഭര്‍ത്താവിന്റെയും എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ / വിദ്യാഭ്യാസ രേഖയില്‍ ജാതി കൃത്യമായി രേഖപ്പെടുത്തിയിരിക്കുകയും സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നല്‍കിയിട്ടുള്ള വിവാഹ സര്‍ട്ടിഫിക്കറ്റും ഉണ്ടെങ്കില്‍ അത് മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റിന് പകരമുള്ള രേഖയായി സ്വീകരിക്കും. ഇതോടൊപ്പം സത്യവാങ്മൂലവും നിഷ്‌കര്‍ഷിക്കും. വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കും.

ആഭ്യന്തരവകുപ്പിന്റെ സാക്ഷ്യപ്പെടുത്തലിന് ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം വിദേശത്ത് പോകുന്ന തൊഴിലന്വേഷകര്‍ക്ക് നല്‍കും. ഇതിനായി സര്‍വകലാശാലകള്‍, പരീക്ഷാഭവന്‍, ഹയര്‍ സെക്കന്ററി വിഭാഗം, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവര്‍ക്ക് ലോഗിന്‍ സൗകര്യം നല്‍കും. ഇതുവഴി ബന്ധപ്പെട്ടവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഓണ്‍ലൈനായി പരിശോധിക്കാന്‍ കഴിയും. ജില്ലകളില്‍ ഡെപ്യൂട്ടി കളക്ടര്‍ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ ഇതിനായി ചുമതലപ്പെടുത്തും. പരിശോധിച്ച ശേഷം അറ്റസ്റ്റേഷന്‍ പൂര്‍ത്തീകരിച്ച്, സേവനം ലഭ്യമാകേണ്ട വ്യക്തിയെ മുന്‍കൂട്ടി അറിയിച്ച് സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.

തിരുവനന്തപുരം: കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ പ്രതിസന്ധി പരിഹരിക്കും. വ്യവസായ മന്ത്രി പി.രാജീവാണ് ഇക്കാര്യം അറിയിച്ചത്. കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന് 10 കോടി രൂപ അധിക സഹായമായി അനുവദിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. പുനഃസംഘടന സംബന്ധിച്ച് റിയാബ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. അതനുസരിച്ച് നടപടി സ്വീകരിക്കുംമെന്നും അദ്ദേഹം അറിയിച്ചു. കെ ആൻസലന്റെ സബ്മിഷന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഇ ഓട്ടോക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം വിശദമാക്കി. ഓട്ടോ മൊബൈൽസ് ലിമിറ്റഡിന്റെ പ്രതിസന്ധികളെ കുറിച്ച് നേരത്തെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡിൽ വ്യവസായ മന്ത്രി പി രാജീവ് മിന്നൽ സന്ദർശനം നടത്തിയിരുന്നു. ഇലക്ട്രിക് ഓട്ടോയിൽ കയറി കാര്യക്ഷമത പരിശോധിച്ച മന്ത്രി സ്ഥാപനത്തെ കുറിച്ച് ഉയർന്ന ആരോപണങ്ങളിൽ റിയാബിനോട് അടിയന്തര റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.

എംഡി അറിയാതെ മന്ത്രി നെയ്യാറ്റിൻകരയിലെ കെഎഎൽ വ്യവസായശാലയിൽ നേരിട്ടെത്തി. ഓട്ടോയിൽ കയറി പരിശോധന നടത്തി. ജീവനക്കാരോടും, ഉദ്യോഗസ്ഥരോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഡീലർമാരിൽ നിന്നും പ്രതികരണം തേടി. കുറഞ്ഞ മൈലേജ് അടക്കമുള്ള പ്രശ്‌നങ്ങൾ ഡീലർമാർ മന്ത്രിയെ അറിയിച്ചിരുന്നു.

ന്യൂഡൽഹി: ലഖിംപുർ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയുടെ മകൻ ആശിഷ് മിശ്രയ്ക്ക് സമൻസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് ആശിഷ് മിശ്രയ്ക്ക് സമൻസ് ലഭിച്ചിരിക്കുന്നത്. സുപ്രീം കോടതി വിഷയത്തിൽ ഇടപെട്ടതോടെയാണ് ഉത്തർപ്രദേശ് പോലീസിന്റെ നടപടി. എത്രയും വേഗം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പോലീസ് ആശിഷിന് നൽകിയിരിക്കുന്ന നിർദ്ദേശം.

സംഭവത്തിൽ തിങ്കളാഴ്ചയാണ് ആഷിഷിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പോലീസ് പ്രതിയെ സംരക്ഷിക്കുകയാണെന്ന ആരോപണം ഉയർന്നിരുന്നു. അതേസമയം തങ്ങൾ ആരെയും സംരക്ഷിക്കുന്നില്ലെന്നും നിയമം എല്ലാവർക്കും തുല്യമാണെന്നും ലക്‌നൗ മേഖല ഐജി ലക്ഷ്മി സിംഗ് വ്യക്തമാക്കിയിരുന്നു. കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകുന്നുവെന്നും അദ്ദേഹം അറിയിച്ചിരുന്നു.

കൊലക്കുറ്റം ചുമത്തിയാണ് ആശിഷ് മിശ്രക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ആശിഷ് മിശ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഒക്ടോബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കർഷകർക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി 8 പേരാണ് കൊല്ലപ്പെട്ടത്.

ന്യൂഡൽഹി: പാരിസ്ഥിതിക വിഷയങ്ങളിൽ ദേശീയ ഹരിത ട്രൈബ്യൂണലിന് സ്വമേധയാ കേസ് എടുക്കാനുള്ള അധികാരമുണ്ടെന്ന് സുപ്രീം കോടതി. മുംബൈ കോർപ്പറേഷനും ദേശീയ ഹരിത ട്രൈബ്യൂലുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ പരാമർശം. ക്വാറി കേസിൽ സംസ്ഥാന സർക്കാരിനും ഉടമകൾക്കും തിരിച്ചടിയാകുന്ന നിർണായക ഉത്തരവ് കൂടിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.

മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ മാലിന്യ സംസ്‌കരണത്തിനെതിരെ മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ എടുത്ത കേസിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. കത്തുകൾ, മാദ്ധ്യമ വാർത്തകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ട്രൈബ്യൂണലിന് സ്വമേധയാ കേസുമായി മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, ഹൃഷികേശ് റോയ്, സി.ടി. രവികുമാർ എന്നിവർ അടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

NGT നിയമപ്രകാരം ദേശീയ ഹരിത ട്രൈബ്യൂണലിന് സ്വമേധയാ കേസെടുക്കാൻ അധികാരമില്ലെന്നാണ് ക്വാറി ഉടമകൾ വാദിച്ചിരുന്നത്. ഇക്കാര്യത്തിലാണ് സുപ്രീംകോടതി വ്യക്തത വരുത്തിയത്. ഖനനത്തിനായി സ്ഫോടനം നടത്തുന്ന ക്വാറികൾ ജനവാസകേന്ദ്രത്തിൽ നിന്ന് ഇരുനൂറ് മീറ്ററും, അല്ലാത്തവ നൂറ് മീറ്ററും ദൂരപരിധി പാലിക്കണമെന്നാണ് ഹരിത ട്രൈബ്യൂണൽ ഉത്തരവ്. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും, അദാനി ഗ്രൂപ്പും, ക്വാറി ഉടമകളും സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ പരാമർശം ബാധകമാകുക.

സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കാൻ ദേശീയ ഹരിത ട്രൈബ്യുണലിന് അധികാരമില്ലെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ തവണ സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചിരുന്നു. എന്നാൽ കത്തുകൾ, നിവേദനം എന്നിവയുടെ അടിസ്ഥാനത്തിൽ പരിസ്ഥിതി വിഷയങ്ങളിൽ ഇടപെടാൻ ഹരിത ട്രൈബ്യുണലിന് കഴിയുമെന്നും സർക്കാർ അറിയിച്ചിരുന്നു. പരിസ്ഥിതി വിഷയങ്ങളിൽ ഹരിത ട്രൈബ്യുണലിന് വിശാലമായ അധികാരമുണ്ടെന്നായിരുന്നു വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്.

കൊച്ചി : പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ പ്രതി മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. മോൻസന്റെ പക്കലുള്ള മൂന്ന് ആഡംബര കാറുകളിലൊന്നു മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ മകന്റെ പേരിലുള്ളതെന്നാണ് റിപ്പോർട്ട്. മോൻസൺ അറസ്റ്റിലാകുന്നതിന് മുൻപ് ചേർത്തല കളവംകോടത്തെ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണികൾക്കായി നൽകിയിരുന്ന മൂന്ന് ആഡംബരകാറുകൾ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. അതിൽ പഞ്ചാബ് രജിസ്‌ട്രേഷനിലുള്ള ബെൻസ് കാർ മൻമോഹൻ സിംഗിന്റെ മകന്റെ പേരിലുള്ളതാണെന്നാണ് വിവരം. ഈ രജിസ്ട്രേഷൻ കളവാണോയെന്ന് പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇക്കാര്യം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

കർണാടക രജിസ്‌ട്രേഷനിലുള്ള പ്രാഡോ, ഛത്തിസ്ഗഡ് രജിസ്‌ട്രേഷനിലുള്ള ബി.എം.ഡബ്ല്യൂ, പഞ്ചാബ് രജിസ്‌ട്രേഷനിലുള്ള ബെൻസ് കാർ എന്നിവയാണ് വർക്ക്‌ഷോപ്പിൽ നിന്നും പിടിച്ചെടുത്തത്. കാറുകളുമായി ബന്ധപ്പെട്ട് വർക്ക് ഷോപ്പ് ഉടമയിൽ നിന്നും ക്രൈബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. രജിസ്‌ട്രേഷൻ ഒർജിനലാണെങ്കിൽ ഈ കാർ എങ്ങനെ മോൻസന്റെ പക്കലെത്തിയെന്നുള്ളത് കണ്ടെത്തേണ്ടതുണ്ട്. ഡൽഹിയിലടക്കം വലിയ ബന്ധങ്ങൾ ഉണ്ടെന്ന് മോൻസൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഉഈ സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

സംഭവത്തിൽ എൻഐഎയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാനുള്ള അന്താരാഷ്ട്ര കള്ളക്കടത്തു സംഘത്തിന്റെ ബിനാമിയാണോ മോൻസൻ എന്നാണ് എൻഐഎ അന്വേഷിക്കുന്നത്.

കോഴിക്കോട്: സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ വാർഡ് തല ജാഗ്രതാ സമിതികൾ ശക്തമാക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. വാർഡ് തലത്തിലുള്ള ജാഗ്രതാ സമിതികളിലൂടെ താഴെത്തട്ടിൽ നിന്നു തന്നെ സ്ത്രീകളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്ന് സതീദേവി പറഞ്ഞു. കോഴിക്കോട് സിവിൽ സ്റ്റേഷനിലെ വനിതാ കമ്മീഷൻ മേഖലാ ഓഫീസ് സന്ദർശിക്കവെയാണ് സതീദേവി ഇക്കാര്യം വ്യക്തമാക്കിയത്.

ജാഗ്രതാ സമിതികൾ സംബന്ധിച്ച് വാർഡുകൾ തോറും പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ അറിയിച്ചു. ഇതുവഴി സ്ത്രീകളുടേയും കുട്ടികളുടേയും വയോജനങ്ങളുടേയും പ്രശ്‌നങ്ങൾ കുറയ്ക്കാൻ സാധിക്കും. പഞ്ചായത്ത് തലത്തിൽ കൗൺസലിങ് കൂടുതൽ ഊർജ്ജിതപ്പെടുത്തുമെന്നും ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പുവരുത്തുമെന്നും സതീദേവി കൂട്ടിച്ചേർത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അഡ്വ. പി സതീദേവിയെ പൊന്നാടയണിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ, സെക്രട്ടറി അഹമ്മദ് കബീർ, ജില്ലാ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവരാണ് ചടങ്ങിൽ പങ്കെടുത്തത്.

ന്യൂഡൽഹി: ലഖിംപൂരിൽ കർകർക്ക് മേൽ വാഹനം ഇടിച്ചു കയറ്റിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി എംപി വരുൺ ഗാന്ധി. കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്ര ന്യായീകരണം തുടരുന്നതിനിടെയാണ് വിമർശവുമായി വരുൺ ഗാന്ധി രംഗത്തെത്തിയത്. കർഷകർക്ക് മേൽ വാഹനംഇടിച്ചു കേറ്റുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പരാമർശം.

ക്രൂരവും അഹങ്കാരവും പ്രതിഫലിക്കുന്നതാണ് ദൃശ്യങ്ങളെന്ന് വരുൺ ഗാന്ധി ആരോപിച്ചു. നിരപരാധികളായ കർഷകരുടെ ചോര വീഴ്ത്തിയവർ ഉത്തരവാദിത്തം ഏൽക്കണമെന്നും നീതി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഖിംപൂർ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് നേരത്തെയും വരുൺ ഗാന്ധി വിമർശനം ഉന്നയിച്ചിരുന്നു. ലഖിംപൂർ ഖേരിയുടെ സമീപത്തുള്ള പിലിഭിത്തിലെ ബിജെപി എംപിയാണ് അദ്ദേഹം.

അതേസമയം ലഖിംപൂർ ഖേരി ആക്രമണം അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷനെ പ്രഖ്യാപിച്ചു. സംഭവത്തിൽ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണത്തിനായി ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത്. അലഹബാദ് ഹൈക്കോടതി റിട്ടയേർഡ് ജഡ്ജി പ്രദീപ് കുമാർ ശ്രീവാസ്തവയാണ് അന്വേഷണ കമ്മിഷൻ. രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.

തിരുവനന്തപുരം: വിശപ്പുരഹിത കേരളം എൽഡിഎഫ് സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ചുവടുവയ്പുകളിൽ ഒന്നാണ് പണമില്ലാത്തതു കാരണം വിശപ്പടക്കാൻ പ്രയാസപ്പെടുന്ന മനുഷ്യർക്ക് കൈത്താങ്ങാകുന്ന ജനകീയ ഹോട്ടലുകളെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ബഹുഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇന്ന് ജനകീയ ഹോട്ടലുകളുണ്ട്. ഇത്രയധികം ആളുകൾക്ക് ഗുണകരമായിത്തീർന്ന ഈ ബൃഹദ് പദ്ധതി വിജയകരമായി നടപ്പാക്കുക എന്നത് അതീവശ്രമകരമായ ദൗത്യമാണ്. അതേറ്റവും മികച്ച രീതിയിൽ നിർവഹിക്കാൻ തങ്ങളുടെ രാപ്പകലില്ലാത്ത അദ്ധ്വാനത്തിലൂടെ കുടുംബശ്രീ അംഗങ്ങൾക്കും അവർക്കു പിന്തുണ നൽകുന്ന അയൽക്കൂട്ടങ്ങൾക്കും സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

നിലവിൽ 4885 കുടുംബശ്രീ അംഗങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. വിശപ്പു രഹിത കേരളത്തിനായി അക്ഷീണം പ്രയത്‌നിക്കുന്ന അവരുടെ നേട്ടങ്ങൾക്ക് അഭിനന്ദനങ്ങൾ നേരുന്നു. ഈ പദ്ധതി കൂടുതൽ മികവുറ്റതാക്കാൻ പൊതുസമൂഹത്തിന്റെ ആത്മാർഥമായ പിന്തുണ അനിവാര്യമാണ്. അത് ഉറപ്പു വരുത്തണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

2020-21 സാമ്പത്തിക വർഷത്തെ പൊതുബജറ്റിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ 1000 ജനകീയ ഹോട്ടലുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. അധികം വൈകാതെ ഉടലെടുത്ത കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഈ പദ്ധതി ദ്രുതഗതിയിൽ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. തുടർന്ന് 2021 മാർച്ച് 31-ന് ആ സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ 1007 ജനകീയ ഹോട്ടലുകൾ ആരംഭിക്കാൻ നമുക്കു സാധിച്ചു. ഇന്നത് 1095 ഹോട്ടലുകളിൽ എത്തി നിൽക്കുന്നു. അവയുടെ എണ്ണം ഇനിയും വർദ്ധിപ്പിക്കും. കോവിഡ് രണ്ടാം തരംഗത്തെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗണിനു മുൻപുള്ള സമയം വരെ ഒരു ദിവസം ഏകദേശം 1.50 ലക്ഷം ആളുകളാണ് ഈ ജനകീയ ഭക്ഷണശാലകളിൽ നിന്നും ആഹാരം കഴിച്ചിരുന്നത്. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ഭക്ഷണം പാർസൽ ചെയ്ത് വിതരണം ചെയ്യാനും സാധിച്ചു. 20 രൂപയ്ക്ക് നൽകുന്ന ഉച്ചഭക്ഷണം പണമില്ലാതെ വരുന്നവർക്ക് സൗജന്യമായി നൽകുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: ലക്ഷദ്വീപ് സമൂഹത്തിലെ മിനിക്കോയ് ദ്വീപിനടുത്ത് നിന്നും ആയുധങ്ങളും മയക്കു മരുന്നുമായി എത്തിയ ബോട്ട് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തൽ. സംഭവത്തിന് പിന്നിൽ തമിഴ് പുലികളാണെന്നാണ് നിഗമനം. കേസിലെ പ്രധാന പ്രതി എൻഐഎയുടെ പിടിയിലായി.

തമിഴ്നാട്ടിൽ താമസമാക്കിയ ശ്രീലങ്കൻ സ്വദേശി സത്കുനത്തെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഇയാൾ മുൻപ് തമിഴ് പുലികൾ എന്നറിയപ്പെടുന്ന എൽടിടിഇയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ അംഗമായിരുന്നുവെന്ന് എൻഐഎയുടെ കണ്ടെത്തൽ. എൽടിടിഇയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആയുധക്കടത്തെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

പാകിസ്താനിൽ നിന്ന് ആയുധങ്ങളും മറ്റും ശ്രീലങ്കയിലേക്ക് കടത്തുകയായിരുന്നുവെന്നും ഇന്ത്യയിൽ വിവിധയിടങ്ങളിൽ താമസിക്കുന്ന പഴയ എൽടിടിഇ പ്രവർത്തകരുടെയും അനുഭാവികളുടെയും യോഗം സത്കുനം വിളിച്ചുചേർത്തിട്ടുണ്ടെന്നും എൻഐഎയുടെ അന്വേഷണത്തിൽ വ്യക്തമാക്കി.

അഞ്ച് എകെ 47 തോക്കുകളും ആയിരം റൗണ്ട് ബുള്ളറ്റുമാണ് മിനിക്കോയ് ദ്വിപിനടുത്ത് നിന്നും പിടികൂടിയ ബോട്ടിൽ ഉണ്ടായിരുന്നത്. ആയുധങ്ങൾക്ക് പുറമെ 300 കിലോഗ്രാം ഹെറോയിനും ബോട്ടിലുണ്ടായിരുന്നു. രവിഹൻസി എന്ന പേരിലുള്ള ബോട്ടിൽ നിന്നാണ് ആയുധങ്ങളും ലഹരി മരുന്നും പിടിച്ചെടുത്തത്. ഇക്കഴിഞ്ഞ മാർച്ച് 18 ന് കോസ്റ്റ് ഗൗർഡാണ് ബോട്ട് പിടികൂടിയത്.