ഒറ്റയ്ക്കു കഴിയുന്ന 80 വയസ് കഴിഞ്ഞവർക്ക് റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകും; പദ്ധതിയുമായി സിവിൽ സപ്ലൈസ്

തിരുവനന്തപുരം: ഒറ്റയ്ക്കു കഴിയുന്ന, റേഷൻ കടയിലെത്താൻ ബുദ്ധിമുട്ടുള്ള 80 വയസ് കഴിഞ്ഞവർക്ക് റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകാനൊരുങ്ങി സിവിൽ സപ്ലൈസ്. കുടുംബശ്രീ അംഗങ്ങളെയോ സന്നദ്ധ സംഘടനാ പ്രവർത്തകരെയോ ഉപയോഗിച്ച് അടുത്ത മാസം മുതൽ സിവിൽ സപ്ലൈസ് ഇത്തരക്കാരുടെ വീടുകളിൽ റേഷൻ എത്തിക്കും. ഭക്ഷ്യ, സാമൂഹ്യനീതി വകുപ്പ് ഉന്നതോദ്യോഗസ്ഥർ ചർച്ച നടത്തി തീയതി തീരുമാനിക്കുമെന്ന് അധികൃതർ അറിയിച്ചു.

മന്ത്രി ജി.ആർ. അനിലിന്റെ നിർദ്ദേശ പ്രകാരമാണ് ഒറ്റയ്ക്ക് കഴിയുന്ന 80 വയസു കഴിഞ്ഞവർക്ക് വീടുകളിൽ റേഷൻ എത്തിക്കാൻ തീരുമാനിച്ചത്. ഇത്തരക്കാരുടെ റേഷൻ സാധനങ്ങൾ മറ്റുള്ളവർ വാങ്ങുന്നെന്ന പരാതികൾ സിവിൽ സപ്ലൈസ് വകുപ്പിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം.

അതേസമയം കിടപ്പ് രോഗികളുള്ള കുടുംബങ്ങളിൽ റേഷൻ എത്തിക്കാൻ മൊബൈൽ കടകളും ഉടൻ ആരംഭിക്കും. കെ.എസ്.ആർ.ടി.സിയുടെ പഴയ ബസുകൾ രൂപമാറ്റം വരുത്തി ഇതിന് വേണ്ടി ഉപയോഗിക്കും. ഒറ്റയ്ക്കു കഴിയുന്ന 80 കഴിഞ്ഞവരുടെ പട്ടിക നഗരസഭ, ഗ്രാമപഞ്ചായത്ത് വാർഡ് അടിസ്ഥാനത്തിൽ അംഗങ്ങളുടെ സഹായത്തോടെയിരിക്കും തയ്യാറാക്കുക. ഏത് റേഷൻ കടയിലാണോ കാർഡ് അവിടെ നിന്നും സാധനങ്ങൾ വീട്ടിൽ എത്തിക്കാനാണ് തീരുമാനം.

വാടാക വീട്ടുകളിൽ താമസിക്കുന്നവർക്ക് റേഷൻ കാർഡിനുള്ള നിബന്ധനകളിലും ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. വാടക വീടുകളിൽ കഴിയുന്നവർ റേഷൻ കാർഡിന് അപേക്ഷിക്കുമ്പോൾ സാധുവായ വാടക കരാറും കെട്ടിട ഉടമയുടെ സമ്മതപത്രവും വേണമെന്ന നിബന്ധന സർക്കാർ ഒഴിവാക്കി. ഇത്തരക്കാർക്ക് റേഷൻ കാർഡിന് അപേക്ഷിക്കാൻ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും അപേക്ഷകന്റെയും മറ്റ് കുടുംബാംഗങ്ങളുടെയു ം ആധാർ വിവരങ്ങളും മതിയാകും. ഇത്തരത്തിൽ ലഭിക്കുന്ന റേഷൻ കാർഡുകൾ റേഷൻ ആനുകൂല്യങ്ങൾക്കല്ലാതെ തരിച്ചറിയൽ രേഖയായോ മറ്റ് ആനുകൂല്യങ്ങൾക്കുള്ള രേഖയായോ ഉപയോഗിക്കാൻ പാടില്ലെന്നാണ് നിർദ്ദേശം.