General (Page 1,375)

തിരുവനന്തപുരം: വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്ന വിഷയത്തിൽ പ്രതികരണവുമായി ശശി തരൂർ. വിമാനത്താവളം പ്രഫഷനൽ ആകേണ്ടത് എല്ലാവരുടെയും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ അഭിപ്രായത്തിൽ നിന്ന് വ്യത്യസ്തമാണ് തന്റെ അഭിപ്രായമെന്നും ചർച്ചകൾ നടത്താതെയാണ് പാർട്ടി അഭിപ്രായ രൂപീകരണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുക്കുന്നതിൽ ഏറെ പ്രതീക്ഷയുണ്ട്. വിമാനത്താവളം കൈമാറ്റം ചെയ്യുന്നതിന് എല്ലാവരും സഹകരിക്കണം. നമ്മുടെ തലസ്ഥാനത്ത് നല്ല ഒരു ആധുനിക വിമാനത്താവളം പ്രവർത്തിക്കുന്നത് കണ്ടാൽ, ഇനിയും കൂടുതൽ വിമാനങ്ങൾ വരാൻ ആരംഭിച്ചാൽ, ഇവിടുത്തെ കണക്ടിവിറ്റി കണ്ട് പുതിയ കമ്പനികൾ വരാൻ തുടങ്ങിയാൽ എല്ലാവർക്കും അത് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വ്യവസായ പാർക്കുകളിൽ ഭൂമി അനുവദിക്കൽ നയം ഉടൻ പ്രഖ്യാപിക്കും. മന്ത്രി പി രാജീവ് നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. നയത്തിന്റെ അവസാന രൂപമായെന്നും അദ്ദേഹം അറിയിച്ചു.

സംരംഭത്തിന്റെ സ്വഭാവം മാറ്റൽ, പദ്ധതി അവസാനിപ്പിക്കൽ, ഉടമസ്ഥാവകാശം മാറ്റൽ എന്നിവയ്ക്കുള്ള നടപടികൾ ലഘൂകരിക്കുന്നതാണ് പുതിയ നയം. ഇക്കാര്യങ്ങൾക്ക് നിലവിൽ 20 വർഷമെങ്കിലും കുറഞ്ഞതു വേണ്ടി വേണ്ടിവരുന്നു. ഇത് ഒഴിവാക്കാനാണ് പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ നിയോജക മണ്ഡലങ്ങളിലും സ്ഥലം കണ്ടെത്തി വ്യവസായ എസ്റ്റേറ്റുകൾ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി അറിയിച്ചു.

സ്വകാര്യ വ്യവസായ പാർക്കുകൾ അനുവദിക്കുന്നതിന് ഗ്രാമങ്ങളിൽ 25 ഏക്കറും നഗരങ്ങളിൽ 15 ഏക്കറുമെന്നതായിരുന്നു നിബന്ധന. സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഇതു പ്രായോഗികമായിരുന്നില്ല. ഇക്കാര്യത്തിൽ മാറ്റം വരുത്തിയാകും പുതിയ വ്യവസായ എസ്റ്റേറ്റുകൾ ആരംഭിക്കുകയെന്നും പുതിയ വ്യവസായ പാർക്കുകൾ ആരംഭിക്കുമ്പോൾ സർക്കാർ നേരിട്ട് സാധ്യതാ പഠനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടര കോടിയലധികം പേർക്ക് ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 93.64 ശതമാനം പേർക്ക് (2,50,11,209) ആദ്യ ഡോസും 44.50 ശതമാനം പേർക്ക് (1,18,84,300) രണ്ടാം ഡോസും നൽകിയെന്ന് മന്ത്രി വ്യക്തമാക്കി. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 3,68,95,509 ഡോസ് വാക്സിനാണ് ഇതുവരെ നൽകിയത്. കോവിഡ് ബാധിച്ചവരായ 10 ലക്ഷത്തോളം പേർക്ക് 3 മാസം കഴിഞ്ഞ് വാക്സിൻ എടുത്താൽ മതിയെന്ന് മന്ത്രി അറിയിച്ചു.

ഇനി ഏഴ് ലക്ഷത്തോളം പേർ മാത്രമാണ് ഒന്നാം ഡോസ് വാക്സിനെടുക്കാനുള്ളത്. ഇനിയും ആദ്യ ഡോസ് വാക്സിൻ എടുക്കാനുള്ളവർ ഉടൻ തന്നെ തൊട്ടടുത്ത വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവരും കാലതാമസം വരുത്തരുത്. കോവിഷീൽഡ് വാക്സിൻ 84 ദിവസം കഴിഞ്ഞും കോവാക്സിൻ 28 ദിവസം കഴിഞ്ഞും ഉടൻ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. എന്നാൽ ചിലയാളുകൾ 84 ദിവസം കഴിഞ്ഞും വാക്സിനേഷൻ കേന്ദ്രത്തിലെത്തുന്നില്ല. രണ്ട് ഡോസ് വാക്സിനും കൃത്യമായ ഇടവേളകളിൽ സ്വീകരിച്ചാൽ മാത്രമേ പൂർണമായ ഫലം ലഭിക്കൂ. രണ്ടാം ഡോസ് വാക്സിൻ കൃത്യസമയത്ത് തന്നെ സ്വീകരിക്കേണ്ടതാണെന്ന് ആരോഗ്യ മന്ത്രി നിർദ്ദേശിച്ചു.

ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്സിൻ എടുത്തു. ആരോഗ്യ പ്രവർത്തകരിൽ 88 ശതമാനം പേരും കോവിഡ് മുന്നണി പോരാളികളിൽ 90 ശതമാനം പേരും രണ്ടാം ഡോസ് എടുത്തിട്ടുണ്ട്. സ്ത്രീകളാണ് പുരുഷൻമാരേക്കാൾ കൂടുതൽ വാക്സിനെടുത്തത്. സ്ത്രീകൾ 1,91,10,142 ഡോസ് വാക്സിനും പുരുഷൻമാർ 1,77,76,443 ഡോസ് വാക്സിനുമാണെടുത്തത്. ചൊവ്വാഴ്ച്ച 1642 വാക്സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. അതിൽ 1355 സർക്കാർ കേന്ദ്രങ്ങളും 287 സ്വകാര്യ കേന്ദ്രങ്ങളുമാണുണ്ടായിരുന്നതെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

കൊല്ലം: ഉത്ര വധക്കേസിലെ പ്രതി സൂരജിന് ശിക്ഷ വിധിച്ച് കോടതി. ഇരട്ടജീവപര്യന്തമാണ് കോടതി സൂരജിന് ശിക്ഷയായി വിധിച്ചത്. പ്രായം പരിഗണിച്ചാണ് സൂരജിന് തൂക്കുകയർ ഒഴിവാക്കിയത്. ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം.. എന്നിങ്ങനെ നാല് ശിക്ഷകൾ ആണ് കോടതി വിധിച്ചത്.

ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെങ്കിലും പത്തും, ഏഴും ആകെ 17 വർഷം തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയെന്ന് വിധിയിൽ കോടതി വ്യക്തമാക്കിയിരിക്കുന്നത്. പ്രതിയുടെ പ്രായവും ഇതിനു മുൻപ് കുറ്റകൃത്യങ്ങളിൽ ഇടപെട്ടിട്ടില്ല എന്നതുമാണ് വധശിക്ഷയിൽ നിന്നൊഴിവാക്കാൻ കോടതി പരിഗണിച്ച കാര്യങ്ങൾ. നഷ്ടപരിഹാരമായി നൽകുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും കോടതി അറിയിച്ചു.

ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്നാണ് ഉത്ര കേസ് വിലയിരുത്തപ്പെട്ടിരിക്കുന്നത്. വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണമെന്നാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജ് കോടതിയിൽ വാദിച്ചിരുന്നത്.

അടൂരിലെ സൂരജിന്റെ വീട്ടിൽ വച്ച് ആദ്യത്തെ തവണ അണലിയുടെ കടിയേറ്റ ഉത്ര ആശുപത്രിയിലായി വേദന കൊണ്ട് പുളയുമ്പോൾ മറ്റൊരു കൊലപാതകത്തിന് ആസൂത്രണം നടത്തിയ ക്രൂരനാണ് സൂരജെന്ന് പ്രോസിക്യൂട്ടർ വാദിച്ചു. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നും വധശിക്ഷ നൽകാവുന്ന അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.

ന്യൂഡൽഹി: ഉപയോഗിക്കാതെ സൂക്ഷിക്കുന്ന വൈദ്യുതി ഉപഭോക്താക്കൾക്ക് വിതരണം ചെയ്യണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ ഉപയോഗിക്കാതെ സൂക്ഷിക്കുന്ന വൈദ്യുതി (അൺ അലോക്കേറ്റഡ് പവർ) സ്വന്തം ഉപഭോക്താക്കളുടെ ആവശ്യകത നിറവേറ്റുന്നതിന് മാത്രം ഉപയോഗിക്കാനാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന നിർദേശം.

കേന്ദ്ര വൈദ്യുതി നിലയങ്ങളിലെ (CGS) 15% വൈദ്യുതി ‘അൺ അലോക്കേറ്റഡ് പവർ’ ആയി സൂക്ഷിക്കുന്നുണ്ട്. വൈദ്യുതി വിതരണത്തിനുള്ള മാർഗനിർദേശങ്ങളനുസരിച്ചാണ് ഇത്തരത്തിൽ അൺ അലോക്കേറ്റഡ് പവർ സൂക്ഷിക്കുന്നത്. ഇങ്ങനെ സൂക്ഷിക്കുന്ന വൈദ്യുതി ആവശ്യമുള്ള സംസ്ഥാനങ്ങളിലെ ഉപഭോക്താക്കളുടെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി കേന്ദ്ര സർക്കാർ അനുവദിക്കും.

വിതരണ കമ്പനികൾക്കാണ് ഉപഭോക്താക്കൾക്ക് വൈദ്യുതിയെത്തിക്കാനുള്ള ഉത്തരവാദിത്തം. വിതരണ കമ്പനികൾ സ്വന്തം ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം ചെയ്യാതിരിക്കുകയും പവർ എക്സ്ചേഞ്ച് വഴി ഉയർന്ന വിലയ്ക്ക് വൈദ്യുതി വിൽക്കുകയും ചെയ്യരുതെന്നാണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങൾ ‘അൺ അലോക്കേറ്റഡ് പവർ’ ഉപയോഗിക്കണമെന്നും അധിക വൈദ്യുതി ഉണ്ടെങ്കിൽ, ആവശ്യമുള്ള സംസ്ഥാനങ്ങളിലേക്ക് പുനർവിന്യസിക്കാൻ കഴിയുന്ന തരത്തിൽ വിവരം നൽകണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി.

സംസ്ഥാനങ്ങൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് സേവനം നൽകാതെ ഉയർന്ന നിരക്കിൽ പവർ എക്സ്ചേഞ്ചുകളിൽ വൈദ്യുതി വിൽക്കുന്നുവെന്ന് കണ്ടെത്തിയാൽ, അത്തരം സംസ്ഥാനങ്ങളുടെ ‘അൺ അലോക്കേറ്റഡ് പവർ’ പിൻവലിക്കുകയും മറ്റ് ആവശ്യമുള്ള സംസ്ഥാനങ്ങൾക്ക് അനുവദിക്കുകയും ചെയ്യുമെന്നാണ് കേന്ദ്ര സർക്കാർ അറിയിക്കുന്നത്.

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരമുയർത്താൻ സർക്കാർ കഠിനമായി പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ 28-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശലംഘനം ചൂണ്ടിക്കാണിക്കുന്നതിൽ വിവേചനം കാണിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വർഷങ്ങളായി സ്ത്രീകൾ അനുഭവിച്ചു വരുന്ന അനീതികൾ ഇല്ലായ്മ ചെയ്യുന്നതിലും സർക്കാർ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. അതിനുള്ള ഉദാഹരണത്തിന് ഒന്നു മാത്രമാണ് മുത്തലാഖ് നിരോധന നിയമം. കാലങ്ങളായി മുസ്ലീം സ്ത്രീകൾ അനുഭവിച്ച മനുഷ്യാവകാശലംഘനത്തിനാണ് അറുതി വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ ചില വ്യക്തികൾ അവർക്ക് താൽപര്യമുള്ളത് മാത്രമേ കാണൂ. അതു മാത്രമേ ഉയർത്തിക്കാട്ടുകയുള്ളൂ. മറ്റുള്ളവ അവഗണിക്കുന്നു. ഇത്തരം പ്രവർത്തിയിലൂടെ അവർ രാജ്യത്തിന്റെ ഖ്യാതി താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നു. ഈ പ്രവണത രാജ്യത്തിനും ജനാധിപത്യത്തിനും കോട്ടം വരുത്തുമെന്നും ഇത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു വ്യക്തിയുടെ അവകാശങ്ങൾ പോലെ തന്നെ പ്രധാനമാണ് അയാളുടെ കടമകളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പാവപ്പെട്ടവരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിനായി മോദി സർക്കാർ അക്ഷീണം പ്രവർത്തിക്കുന്നുണ്ടെന്നും അതിലൂടെ അവരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുയിടങ്ങൾ കൈയേറി കൊടിമരങ്ങൾ സ്ഥാപിക്കുന്നതിനെതിരെ വിമർശനവുമായി ഹൈക്കോടതി. മന്നം ഷുഗർ മില്ലിന്റെ കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം. കേരളത്തിന്റെ മുക്കിലും മൂലയിലും പൊതുയിടങ്ങളിലും കൊടിമരങ്ങളാണെന്നും ഇത് തടയണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

പൊതുസ്ഥലങ്ങൾ കൈയേറി സംസ്ഥാനത്തുടനീളം ഇത്തരത്തിൽ കൊടി മരങ്ങൾ സ്ഥാപിക്കുകയാണ്. ഇത് പലപ്പോഴും ക്രമസമാധാന പ്രശ്‌നങ്ങൾക്ക് വരെ കാരണമാകുന്നു. ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനമാണ് ഇത് വഴി നടക്കുന്നതെന്നും അത് കൊണ്ട് തന്നെ ഇക്കാര്യത്തിൽ ശക്തമായ നടപടി വേണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

കേസിൽ സംസ്ഥാന തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയെ കക്ഷി ചേർത്തിട്ടുണ്ട്. സർക്കാരിന്റെ നിലപാട് നവംബർ ഒന്നിന് അറിയിക്കണമെന്നാണ് കോടതി നൽകിയ നിർദ്ദേശം.

ന്യൂഡൽഹി: രാജ്യത്തെ വിമാന സർവ്വീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി കേന്ദ്ര സർക്കാർ. കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടർന്ന് വിമാന സർവ്വീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് കേന്ദ്ര സർക്കാർ നീക്കിയത്.

ഇതുവരെ 85 ശതമാനം യാത്രക്കാർക്കു മാത്രമാണ് ആഭ്യന്തരസർവീസുകളിൽ യാത്ര ചെയ്യാൻ അനുമതി നൽകിയിരുന്നത്. ഇനി മുതൽ ആഭ്യന്തര സർവീസുകളിൽ നൂറ് ശതമാനം യാത്രക്കാരെയും അനുവദിക്കും. പുതിയ തീരുമാനം ഈ മാസം 18 മുതൽ പ്രാബല്യത്തിൽ വരും.

രാജ്യത്ത് കോവിഡ് കേസുകളിൽ കുറവുണ്ടാകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനമെന്നാണ് വിലയിരുത്തൽ. രാജ്യത്ത് എട്ട് മാസത്തിന് ശേഷം കോവിഡ് പ്രതിദിന കണക്ക് പതിനയ്യായിരത്തിന് താഴെയെത്തിയിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 14313 പേർക്ക് മാത്രമാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തിൽ മാത്രമാണ് നിലവിൽ അയ്യായിരത്തിന് മുകളിൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്

modi

ന്യൂഡൽഹി: അഫ്ഗാനിൽ ഉചിതമായ മാറ്റങ്ങളുണ്ടാകാൻ ലോകരാജ്യങ്ങളുടെ യോജിച്ചുള്ള പ്രതികരണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാന്റെ മണ്ണ് ഭീകരവാദത്തിനും മൗലികവാദത്തിനും ഉറവിടമാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. അഫ്ഗാൻ വിഷയത്തിന്മേലുള്ള അസാധാരണ ജി-20 ഉച്ചകോടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വെർച്വലായാണ് ഉച്ചകോടി സംഘടിപ്പിച്ചത്.

അഫ്ഗാന്റെ മണ്ണ് മൗലികവാദത്തിന്റെയും ഭീകരവാദത്തിന്റെയും ഉറവിടമാകുന്നത് തടയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം ഉച്ചകോടിയിൽ സംസാരിച്ചു. അഫ്ഗാൻ പൗരന്മാർക്ക് അടിയന്തരവും തടസ്സങ്ങളില്ലാത്തതുമായ മനുഷ്യത്വപരമായ സഹായം നൽകണം. അഫ്ഗാനിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഭരണകൂടം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. അഫ്ഗാനിസ്താനിലെ സ്ഥിതി മെച്ചപ്പെടുത്താൻ ഐക്യരാഷ്ട്ര സംഘടനാ സുരക്ഷാ സമിതിയുടെ 2593-ാം പ്രമേയം അടിസ്ഥാനമാക്കിയ യോജിച്ചുള്ള അന്താരാഷ്ട്ര പ്രതികരണം വേണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടു.

അഫ്ഗാന്റെ മണ്ണ് ഭീകരവാദത്തിന് ഉപയോഗിക്കരുതെന്നും പ്രതിസന്ധി പരിഹരിക്കാൻ രാഷ്ട്രീയമായ ഒത്തുതീർപ്പിലെത്തിച്ചേരണമെന്നും ഇന്ത്യയുടെ അധ്യക്ഷതയിൽ യു.എൻ. സുരക്ഷാസമിതി ഓഗസ്റ്റ് 30-ന് പാസാക്കിയ പ്രമേയത്തിലും ആവശ്യപ്പെട്ടിരുന്നു. അഫ്ഗാനിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പ്രമേയത്തിൽ വ്യക്തമാക്കിയിരുന്നു.

കാഠ്മണ്ഡു: നേപ്പാളിൽ അപകടം. ബസ് നദിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തിൽ 32 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

നേപ്പാളിലെ മുഗു ജില്ലയിലെ ഗംഗാദിയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൊണ്ടിരുന്ന ബസ് റോഡിൽ നിന്നും തെന്നിമാറി നദിയിലേക്ക് മറിയുകയായിരുന്നു. ചായനാഥ് രാര മുനിസിപ്പാലിറ്റിയിലെ പിനാ ജ്യാരി നദിയിലേക്കാണ് ബസ് മറിഞ്ഞത്.

വിജയദശമി ഉത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്നവരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്താനായി നേപ്പാൾ ആർമി ഹെലികോപ്റ്റർ അയച്ചിരുന്നു. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരിൽ തലയ്ക്ക് ആഴത്തിൽ പരിക്കേറ്റ പത്ത് പേരെ കോഹൽപൂർ മെഡിക്കൽ കോളേജിലും 5 പേരെ നേപ്പാളഞ്ചിലെ നഴ്‌സിംഗ് ഹോമിലും പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.