അഫ്ഗാനിൽ ഉചിതമായ മാറ്റങ്ങളുണ്ടാകാൻ ലോകരാജ്യങ്ങളുടെ യോജിച്ചുള്ള പ്രതികരണം വേണം; പ്രധാനമന്ത്രി

modi

ന്യൂഡൽഹി: അഫ്ഗാനിൽ ഉചിതമായ മാറ്റങ്ങളുണ്ടാകാൻ ലോകരാജ്യങ്ങളുടെ യോജിച്ചുള്ള പ്രതികരണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാന്റെ മണ്ണ് ഭീകരവാദത്തിനും മൗലികവാദത്തിനും ഉറവിടമാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. അഫ്ഗാൻ വിഷയത്തിന്മേലുള്ള അസാധാരണ ജി-20 ഉച്ചകോടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വെർച്വലായാണ് ഉച്ചകോടി സംഘടിപ്പിച്ചത്.

അഫ്ഗാന്റെ മണ്ണ് മൗലികവാദത്തിന്റെയും ഭീകരവാദത്തിന്റെയും ഉറവിടമാകുന്നത് തടയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം ഉച്ചകോടിയിൽ സംസാരിച്ചു. അഫ്ഗാൻ പൗരന്മാർക്ക് അടിയന്തരവും തടസ്സങ്ങളില്ലാത്തതുമായ മനുഷ്യത്വപരമായ സഹായം നൽകണം. അഫ്ഗാനിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഭരണകൂടം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. അഫ്ഗാനിസ്താനിലെ സ്ഥിതി മെച്ചപ്പെടുത്താൻ ഐക്യരാഷ്ട്ര സംഘടനാ സുരക്ഷാ സമിതിയുടെ 2593-ാം പ്രമേയം അടിസ്ഥാനമാക്കിയ യോജിച്ചുള്ള അന്താരാഷ്ട്ര പ്രതികരണം വേണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടു.

അഫ്ഗാന്റെ മണ്ണ് ഭീകരവാദത്തിന് ഉപയോഗിക്കരുതെന്നും പ്രതിസന്ധി പരിഹരിക്കാൻ രാഷ്ട്രീയമായ ഒത്തുതീർപ്പിലെത്തിച്ചേരണമെന്നും ഇന്ത്യയുടെ അധ്യക്ഷതയിൽ യു.എൻ. സുരക്ഷാസമിതി ഓഗസ്റ്റ് 30-ന് പാസാക്കിയ പ്രമേയത്തിലും ആവശ്യപ്പെട്ടിരുന്നു. അഫ്ഗാനിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പ്രമേയത്തിൽ വ്യക്തമാക്കിയിരുന്നു.