കൊല്ലം: ഉത്ര വധക്കേസിലെ പ്രതി സൂരജിന് ശിക്ഷ വിധിച്ച് കോടതി. ഇരട്ടജീവപര്യന്തമാണ് കോടതി സൂരജിന് ശിക്ഷയായി വിധിച്ചത്. പ്രായം പരിഗണിച്ചാണ് സൂരജിന് തൂക്കുകയർ ഒഴിവാക്കിയത്. ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം.. എന്നിങ്ങനെ നാല് ശിക്ഷകൾ ആണ് കോടതി വിധിച്ചത്.
ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെങ്കിലും പത്തും, ഏഴും ആകെ 17 വർഷം തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയെന്ന് വിധിയിൽ കോടതി വ്യക്തമാക്കിയിരിക്കുന്നത്. പ്രതിയുടെ പ്രായവും ഇതിനു മുൻപ് കുറ്റകൃത്യങ്ങളിൽ ഇടപെട്ടിട്ടില്ല എന്നതുമാണ് വധശിക്ഷയിൽ നിന്നൊഴിവാക്കാൻ കോടതി പരിഗണിച്ച കാര്യങ്ങൾ. നഷ്ടപരിഹാരമായി നൽകുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും കോടതി അറിയിച്ചു.
ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്നാണ് ഉത്ര കേസ് വിലയിരുത്തപ്പെട്ടിരിക്കുന്നത്. വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണമെന്നാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജ് കോടതിയിൽ വാദിച്ചിരുന്നത്.
അടൂരിലെ സൂരജിന്റെ വീട്ടിൽ വച്ച് ആദ്യത്തെ തവണ അണലിയുടെ കടിയേറ്റ ഉത്ര ആശുപത്രിയിലായി വേദന കൊണ്ട് പുളയുമ്പോൾ മറ്റൊരു കൊലപാതകത്തിന് ആസൂത്രണം നടത്തിയ ക്രൂരനാണ് സൂരജെന്ന് പ്രോസിക്യൂട്ടർ വാദിച്ചു. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നും വധശിക്ഷ നൽകാവുന്ന അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.

