വ്യവസായ പാർക്കുകളിൽ ഭൂമി അനുവദിക്കൽ നയം ഉടൻ പ്രഖ്യാപിക്കും; മന്ത്രി പി രാജീവ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വ്യവസായ പാർക്കുകളിൽ ഭൂമി അനുവദിക്കൽ നയം ഉടൻ പ്രഖ്യാപിക്കും. മന്ത്രി പി രാജീവ് നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. നയത്തിന്റെ അവസാന രൂപമായെന്നും അദ്ദേഹം അറിയിച്ചു.

സംരംഭത്തിന്റെ സ്വഭാവം മാറ്റൽ, പദ്ധതി അവസാനിപ്പിക്കൽ, ഉടമസ്ഥാവകാശം മാറ്റൽ എന്നിവയ്ക്കുള്ള നടപടികൾ ലഘൂകരിക്കുന്നതാണ് പുതിയ നയം. ഇക്കാര്യങ്ങൾക്ക് നിലവിൽ 20 വർഷമെങ്കിലും കുറഞ്ഞതു വേണ്ടി വേണ്ടിവരുന്നു. ഇത് ഒഴിവാക്കാനാണ് പുതിയ നയത്തിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ നിയോജക മണ്ഡലങ്ങളിലും സ്ഥലം കണ്ടെത്തി വ്യവസായ എസ്റ്റേറ്റുകൾ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി അറിയിച്ചു.

സ്വകാര്യ വ്യവസായ പാർക്കുകൾ അനുവദിക്കുന്നതിന് ഗ്രാമങ്ങളിൽ 25 ഏക്കറും നഗരങ്ങളിൽ 15 ഏക്കറുമെന്നതായിരുന്നു നിബന്ധന. സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഇതു പ്രായോഗികമായിരുന്നില്ല. ഇക്കാര്യത്തിൽ മാറ്റം വരുത്തിയാകും പുതിയ വ്യവസായ എസ്റ്റേറ്റുകൾ ആരംഭിക്കുകയെന്നും പുതിയ വ്യവസായ പാർക്കുകൾ ആരംഭിക്കുമ്പോൾ സർക്കാർ നേരിട്ട് സാധ്യതാ പഠനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.