അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുക്കുന്നതിൽ ഏറെ പ്രതീക്ഷയുണ്ടെന്ന് ശശി തരൂർ

തിരുവനന്തപുരം: വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്ന വിഷയത്തിൽ പ്രതികരണവുമായി ശശി തരൂർ. വിമാനത്താവളം പ്രഫഷനൽ ആകേണ്ടത് എല്ലാവരുടെയും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ അഭിപ്രായത്തിൽ നിന്ന് വ്യത്യസ്തമാണ് തന്റെ അഭിപ്രായമെന്നും ചർച്ചകൾ നടത്താതെയാണ് പാർട്ടി അഭിപ്രായ രൂപീകരണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുക്കുന്നതിൽ ഏറെ പ്രതീക്ഷയുണ്ട്. വിമാനത്താവളം കൈമാറ്റം ചെയ്യുന്നതിന് എല്ലാവരും സഹകരിക്കണം. നമ്മുടെ തലസ്ഥാനത്ത് നല്ല ഒരു ആധുനിക വിമാനത്താവളം പ്രവർത്തിക്കുന്നത് കണ്ടാൽ, ഇനിയും കൂടുതൽ വിമാനങ്ങൾ വരാൻ ആരംഭിച്ചാൽ, ഇവിടുത്തെ കണക്ടിവിറ്റി കണ്ട് പുതിയ കമ്പനികൾ വരാൻ തുടങ്ങിയാൽ എല്ലാവർക്കും അത് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.