ആഭ്യന്തര വിമാന സർവ്വീസുകളിൽ 100 ശതമാനം യാത്രക്കാരെയും അനുവദിക്കും; നിയന്ത്രണങ്ങൾ നീക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്തെ വിമാന സർവ്വീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി കേന്ദ്ര സർക്കാർ. കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടർന്ന് വിമാന സർവ്വീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് കേന്ദ്ര സർക്കാർ നീക്കിയത്.

ഇതുവരെ 85 ശതമാനം യാത്രക്കാർക്കു മാത്രമാണ് ആഭ്യന്തരസർവീസുകളിൽ യാത്ര ചെയ്യാൻ അനുമതി നൽകിയിരുന്നത്. ഇനി മുതൽ ആഭ്യന്തര സർവീസുകളിൽ നൂറ് ശതമാനം യാത്രക്കാരെയും അനുവദിക്കും. പുതിയ തീരുമാനം ഈ മാസം 18 മുതൽ പ്രാബല്യത്തിൽ വരും.

രാജ്യത്ത് കോവിഡ് കേസുകളിൽ കുറവുണ്ടാകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനമെന്നാണ് വിലയിരുത്തൽ. രാജ്യത്ത് എട്ട് മാസത്തിന് ശേഷം കോവിഡ് പ്രതിദിന കണക്ക് പതിനയ്യായിരത്തിന് താഴെയെത്തിയിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 14313 പേർക്ക് മാത്രമാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തിൽ മാത്രമാണ് നിലവിൽ അയ്യായിരത്തിന് മുകളിൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്