നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞു; 32 മരണം, നിരവധി പേർക്ക് പരിക്ക്

കാഠ്മണ്ഡു: നേപ്പാളിൽ അപകടം. ബസ് നദിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തിൽ 32 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

നേപ്പാളിലെ മുഗു ജില്ലയിലെ ഗംഗാദിയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൊണ്ടിരുന്ന ബസ് റോഡിൽ നിന്നും തെന്നിമാറി നദിയിലേക്ക് മറിയുകയായിരുന്നു. ചായനാഥ് രാര മുനിസിപ്പാലിറ്റിയിലെ പിനാ ജ്യാരി നദിയിലേക്കാണ് ബസ് മറിഞ്ഞത്.

വിജയദശമി ഉത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്നവരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്താനായി നേപ്പാൾ ആർമി ഹെലികോപ്റ്റർ അയച്ചിരുന്നു. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരിൽ തലയ്ക്ക് ആഴത്തിൽ പരിക്കേറ്റ പത്ത് പേരെ കോഹൽപൂർ മെഡിക്കൽ കോളേജിലും 5 പേരെ നേപ്പാളഞ്ചിലെ നഴ്‌സിംഗ് ഹോമിലും പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.