ന്യൂഡൽഹി: ഉപയോഗിക്കാതെ സൂക്ഷിക്കുന്ന വൈദ്യുതി ഉപഭോക്താക്കൾക്ക് വിതരണം ചെയ്യണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ ഉപയോഗിക്കാതെ സൂക്ഷിക്കുന്ന വൈദ്യുതി (അൺ അലോക്കേറ്റഡ് പവർ) സ്വന്തം ഉപഭോക്താക്കളുടെ ആവശ്യകത നിറവേറ്റുന്നതിന് മാത്രം ഉപയോഗിക്കാനാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന നിർദേശം.
കേന്ദ്ര വൈദ്യുതി നിലയങ്ങളിലെ (CGS) 15% വൈദ്യുതി ‘അൺ അലോക്കേറ്റഡ് പവർ’ ആയി സൂക്ഷിക്കുന്നുണ്ട്. വൈദ്യുതി വിതരണത്തിനുള്ള മാർഗനിർദേശങ്ങളനുസരിച്ചാണ് ഇത്തരത്തിൽ അൺ അലോക്കേറ്റഡ് പവർ സൂക്ഷിക്കുന്നത്. ഇങ്ങനെ സൂക്ഷിക്കുന്ന വൈദ്യുതി ആവശ്യമുള്ള സംസ്ഥാനങ്ങളിലെ ഉപഭോക്താക്കളുടെ വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി കേന്ദ്ര സർക്കാർ അനുവദിക്കും.
വിതരണ കമ്പനികൾക്കാണ് ഉപഭോക്താക്കൾക്ക് വൈദ്യുതിയെത്തിക്കാനുള്ള ഉത്തരവാദിത്തം. വിതരണ കമ്പനികൾ സ്വന്തം ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം ചെയ്യാതിരിക്കുകയും പവർ എക്സ്ചേഞ്ച് വഴി ഉയർന്ന വിലയ്ക്ക് വൈദ്യുതി വിൽക്കുകയും ചെയ്യരുതെന്നാണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങൾ ‘അൺ അലോക്കേറ്റഡ് പവർ’ ഉപയോഗിക്കണമെന്നും അധിക വൈദ്യുതി ഉണ്ടെങ്കിൽ, ആവശ്യമുള്ള സംസ്ഥാനങ്ങളിലേക്ക് പുനർവിന്യസിക്കാൻ കഴിയുന്ന തരത്തിൽ വിവരം നൽകണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി.
സംസ്ഥാനങ്ങൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് സേവനം നൽകാതെ ഉയർന്ന നിരക്കിൽ പവർ എക്സ്ചേഞ്ചുകളിൽ വൈദ്യുതി വിൽക്കുന്നുവെന്ന് കണ്ടെത്തിയാൽ, അത്തരം സംസ്ഥാനങ്ങളുടെ ‘അൺ അലോക്കേറ്റഡ് പവർ’ പിൻവലിക്കുകയും മറ്റ് ആവശ്യമുള്ള സംസ്ഥാനങ്ങൾക്ക് അനുവദിക്കുകയും ചെയ്യുമെന്നാണ് കേന്ദ്ര സർക്കാർ അറിയിക്കുന്നത്.

