General (Page 1,374)

തിരുവനന്തപുരം: ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. വ്യാഴാഴ്ച ജന്മനാടായ കൊല്ലം ഓടനാവടത്തെ കുടവട്ടൂരിൽ വൈശാഖിന്റെ മൃതദേഹം സംസ്‌കരിക്കും. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് വൈശാഖിന്റെ മൃതദേഹം കശ്മീരിൽ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്. ധനമന്ത്രി കെ.എൻ. ബാലഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ കേരള സർക്കാരിനു വേണ്ടി വൈശാഖിന്റെ മൃതദേഹത്തിൽ പുഷ്പചക്രം സമർപ്പിച്ചു. മാതൃരാജ്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ രക്തസാക്ഷിയായ വൈശാഖിന്റെ ധീരതയ്ക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നുവെന്ന് ബാലഗോപാൽ വ്യക്തമാക്കി.

വ്യാഴാഴ്ച രാവിലെ വൈശാഖിന്റെ മൃതദേഹം ജന്മനാടായ കുടവട്ടൂരിലേക്ക് കൊണ്ടുപോകും. പൊതുദർശനത്തിന് ശേഷം കുടവട്ടൂരിലെ വീട്ടുവളപ്പിൽ ഔദ്യോഗിക -സൈനിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കും. കൊല്ലം കുടവട്ടൂർ ശിൽപാലയത്തിൽ ഹരികുമാറിന്റെയും ബീനാകുമാരിയുടെയും മകനാണ് എച്ച്. വൈശാഖ്. നാല് വർഷം മുൻപാണ് വൈശാഖ് കരസേനയിൽ ചേർന്നത്. കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള സുരാൻഘോട്ട് പ്രവിശ്യയിലെ ധേരാ കി ഗലിയോട് ചേർന്നുള്ള ഗ്രാമങ്ങളിൽ തിങ്കളാഴ്ച പുലർച്ചെ നടന്ന ഏറ്റുമുട്ടലിലാണ് വൈശാഖ് വീരമൃത്യു വരിച്ചത്. വൈശാഖ് ഉൾപ്പെടെ അഞ്ച് സൈനികരാണ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്.

അതിർത്തിയിൽ ഭീകരവാദികൾ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ തെരച്ചിലിനെത്തിയതായിരുന്നു സൈനികർ. പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെ സൈനികർക്ക് നേരെ ഭീകരവാദികൾ വെടിയുതിർത്തു. ഏറ്റുമുട്ടലിൽ വൈശാഖ് ഉൾപ്പെടെ അഞ്ച് സൈനികർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

ന്യൂഡൽഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അരുണാചൽ പ്രദേശ് സന്ദർശനത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയ ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ. അതിർത്തി വിഷയത്തിൽ എത്രയും പെട്ടെന്ന് ചൈനയുടെ ഭാഗത്തുനിന്ന് തീരുമാനം ഉണ്ടാകണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തിനകത്തുള്ള സംസ്ഥാനത്ത് ഇന്ത്യൻ നേതാവിന്റെ സന്ദർശനത്തെ ചൈന എതിർക്കുന്നതിന്റെ കാരണം ജനങ്ങൾക്ക് മനസ്സിലാകുന്നില്ലെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

അരുണാചൽപ്രദേശ് മുഴുവനും ഇന്ത്യയുടെ ഭാഗമാണ്. അത് അന്യരുടെ അധീനതയിൽ പെടുത്താൻ സാധിക്കില്ല. രാജ്യത്തിനകത്തുള്ള മറ്റുള്ള എല്ലാ സംസ്ഥാനങ്ങളിലേക്കും പോകുന്നത് പോലെയാണ് അരുണാചൽപ്രദേശിലേക്കും ഉപരാഷ്ട്രപതി പോകുന്നത്. ഇതിനെ ചൈന എതിർക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ബാഗ്ചി കുറ്റപ്പെടുത്തി. ഇന്ത്യയ്‌ക്കെതിരെ ചൈനയുടെ ഔദ്യോഗിക വക്താവിന്റെ ഭാഗത്തുനിന്നുണ്ടായ പരാമർശങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള പരാമർശങ്ങളെ രാജ്യം ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം വിശദമാക്കി.

അതിർത്തി പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അരുണാൽ പ്രദേശ് സന്ദർശിച്ചത് ശരിയായില്ലെന്നായിരുന്നു ചൈന പറഞ്ഞിരുന്നത്. ചൈനീസ് വിദേശകാര്യ വക്താവ് സാഹോ ലിജിയാനാണ് ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡുവിന്റെ അരുണാചൽപ്രദേശ് സന്ദർശനത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോണും കഞ്ചാവും പിടികൂടി. ജയിലിനുള്ളിൽ ഇന്ന് നടത്തിയ പരിശോധനയിലാണ് മൊബൈൽ ഫോണും കഞ്ചാവും പിടികൂടിയത്. കെവിൻ വധക്കേസ് പ്രതിയുടെ ബ്ലോക്കിൽ നടത്തിയ പരിശോധനയിലാണ് ഇവ ലഭിച്ചതെന്നാണ് വിവരം.

നേരത്തെയും വിയ്യൂർ ജയിലിൽ നിന്നും ഫോണുകൾ പിടിച്ചെടുത്തിരുന്നു. ഈ ഫോണുകളിൽ നിന്ന് ആയിരക്കണക്കിന് കോളുകൾ ചെയ്തിട്ടുണ്ടെന്നായിരുന്നു കണ്ടെത്തൽ. തുടർന്ന് ജയിൽ സൂപ്രണ്ട് എ.ജി സുരേഷിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ടി.പി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി കൊടി സുനി, ഫ്‌ളാറ്റ് കൊലക്കേസ് പ്രതി റഷീദ് എന്നിവരിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളിലാണ് ഇത്രയധികം കോളുകൾ ചെയ്തതായി കണ്ടെത്തിയിട്ടുള്ളത്.

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്കായി സ്ഥലമേറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം നൽകുന്നതിൽ ഉദാരമായ സമീപനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കെ റെയിലിനായി സ്ഥലമേറ്റെടുക്കുമ്പോൾ ഗ്രാമീണമേഖലകളിൽ ഭൂമിവിലയുടെ നാലിരട്ടി വരേയും നഗരമേഖലകളിൽ രണ്ടിരട്ടി വരേയും നഷ്ടപരിഹാരം നൽകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. കെ റെയിൽ പദ്ധതി നടപ്പാക്കുന്നതിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കിയത്.

സംസ്ഥാനത്തെ ദേശീയ-സംസ്ഥാന പാതകളിലെ തിരക്കും അപകടങ്ങളും കുറക്കാനും യാത്രാ സമയം കുറക്കാനും കെ- റെയിൽ ഉപകരിക്കും. പശ്ചാത്തല വികസന മേഖലയിൽ വലിയ മാറ്റമായിരിക്കും പദ്ധതിയിലൂടെ ഉണ്ടാകുന്നത്. രാജ്യത്തെ എട്ട് സംസ്ഥാനങ്ങൾ ഇത്തരം സംരഭങ്ങൾ രൂപികരിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിൽ സുതാര്യമായ സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ഭൂമിയേറ്റെടുക്കാൻ ആധുനിക സംവിധാനമാണ് ഏർപ്പെടുത്തുന്നതെന്നും എല്ലാ ചട്ടങ്ങളും മാർഗ്ഗനിർദേശങ്ങളും ഇക്കാര്യത്തിൽ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നഷ്ടപരിഹാരം സമയബന്ധിതമായി നൽകും. പദ്ധതിക്കായി 9314 കെട്ടിടങ്ങൾ ഒഴിപ്പിക്കേണ്ടി വരും. സ്ഥലമേറ്റെടുപ്പിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം കിട്ടിയിട്ടുണ്ട്. പദ്ധതിക്ക് റെയിൽവേയുടെ തത്വത്തിലുള്ള അനുമതിയുമുണ്ട്. വിദേശ വായ്പ ലഭ്യമാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകർക്കുമെന്ന വാദം അടിസ്ഥാന രഹിതമാണ്. പശ്ചാത്തല സൗകര്യ വികസനം വരുമാനം വർദ്ധിപ്പിക്കും. ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് കെ-റെയിൽ പദ്ധതിയുടെ ഭൂരിഭാഗം അലൈൻമെന്റും കടന്നു പോകുന്നത്. ഭൂമിയേറ്റെടുക്കുമ്പോൾ ഹെക്ടറിന് 9 കോടി നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. 115 കിലോ മീറ്റർ പാടങ്ങളിലൂടെ പദ്ധതി കടന്നു പോകന്നുണ്ട് ഇതിൽ 88 കിലോമീറ്ററും എലിവേറ്റഡ് പാതയായിട്ടാവും നിർമ്മിക്കുക. കെ റെയിൽ പദ്ധതിക്ക് പരിസ്ഥിതി ആഘാത പഠനം അനിവാര്യമല്ല. എങ്കിലും സെന്റർ ഫോർ എൻവയർമെറ്റൽ സ്റ്റഡീസ് പാരിസ്ഥിതിക ആഘാതപഠനം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം നിയമസഭയിൽ വിശദീകരിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കും. പബ്ലിക് ഹിയറിംഗ് നടത്തും. കെ റെയിലിനെക്കുറിച്ച് അനാവശ്യ ആശങ്ക പരത്തുന്ന പ്രചാരണം ഒഴിവാക്കണം. പദ്ധതിയെ അട്ടിമറിക്കാനുള്ള പ്രചാരണം വികസനത്തെ പിന്നോട്ട് നയിക്കും. സെമി ഹൈസ്പീഡ് അതിവേഗ റെയിലിനേക്കാൾ ലാഭകരമാണ്. നിർമാണ ചെലവും യാത്രാ നിരക്കും പകുതി മാത്രം മതിയാവും. ഹൈസ്പീഡ് റെയിൽ ഒരു കിലോമീറ്റർ പണിയണമെങ്കിൽ 280 കോടി രൂപ വേണം എന്നാൽ സെമി ഹൈസ്പീഡ് നിർമ്മാണത്തിന് കിലോമീറ്ററിന് 120 കോടി രൂപ മതി. ഇക്കാര്യം കണക്കിലെടുത്താണ് സെമി ഹൈസ്പീഡ് മതിയെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു.

ഭൂമിയുടെ പേരിൽ വികാരപരമായ ഇടപെടലുണ്ടാകും. ആരുടേയും ഭൂമി കവർന്നെടുക്കില്ല. 63,940 കോടി രൂപയാണ് കെ റെയിൽ പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചിലവ്. കെ റെയിൽ പദ്ധതിക്ക് റെയിൽവേ തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. അന്തിമ അനുമതിയും വൈകാതെ കിട്ടും. പദ്ധതിയെക്കുറിച്ച് യാതൊരു ആശങ്കയും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കെ റെയിൽ കേരളത്തിലാണ്ടാക്കുന്ന പാരിസിത്ഥിക നാശം കൃത്യമായി പഠിക്കാതെയാണ് സർക്കാർ പദ്ധതി നടപ്പാക്കാനൊരുങ്ങന്നതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിക്കുന്നത്. ഇരുപതിനായിരത്തോളം കുടുംബങ്ങൾ കെ റെയിൽ പദ്ധതിക്കായി വീടൊഴിയണം. നിലവിലെ പദ്ധതി പ്രകാരം കെറെയിൽ നടപ്പാക്കിയാൽ അടുത്ത പ്രളയത്തിൽ വെള്ളം ഒലിച്ചു പോകാത്ത അവസ്ഥയാവും ഉണ്ടാവുകയെന്നും പദ്ധതിയെ എതിർക്കുന്നവരെ വികസന വിരോധികളായും ദേശവിരുദ്ധരുടെ അനുയായികളായുമാണ് മുഖ്യമന്ത്രി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ റെയിലിന് ബന്ദൽ സാധ്യത ചർച്ച ചെയ്യാൻ പോലും പറ്റില്ലെന്ന സർക്കാർ നിലപാട് ബാലിശമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ റെയിൽ പദ്ധതിയിൽ ജനങ്ങൾക്ക് വലിയ ആശങ്കയുണ്ടെന്നും ആ ആശങ്കയാണ് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കുന്നതെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ എം.കെ.മുനീർ വ്യക്തമാക്കി. ബംഗാളിലേത് പോലെ ഭൂമിയേറ്റെടുക്കാൻ നടത്തുന്ന സമരം കേരളത്തിൽ സിപിഎമ്മിന് തിരിച്ചടിയാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: കേന്ദ്രസഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്. ലഖിംപുർ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. രാഹുൽ ഗാന്ധി, മല്ലികാർജുന ഖാർഗെ, എ.കെ. ആന്റണി, ഗുലാം നബി ആസാദ്, പ്രിയങ്കാ ഗാന്ധി എന്നിവരുൾപ്പെടുന്ന സംഘമാണ് രാഷ്ട്രപതിയെ കണ്ടത്. ഖേരിയിൽ കർഷകർ നിഷ്‌കരുണം കൊല്ലപ്പെട്ടത് ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവാണെന്ന് നേതാക്കൾ രാഷ്ട്രപതിയോട് വ്യക്തമാക്കി.

ലഖിംപുർ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഇതിനായി സുപ്രീം കോടതിയിലെ രണ്ട് സിറ്റിങ് ജഡ്ജിമാരെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷൻ രൂപവത്കരിക്കണമെന്നുമാണ് കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിയ്ക്ക് കത്ത് നൽകി.

പകൽ വെളിച്ചത്തിൽ നടന്ന ഈ ബോധപൂർവമായ കൊലപാതകങ്ങളിൽ സംസ്ഥാന-കേന്ദ്ര സർക്കാർ പ്രതിനിധികൾ നടത്തിയ നിരുത്തരവാദപരമായ പ്രതികരണങ്ങൾ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ചുമതലപ്പെട്ടവരിൽ ജനങ്ങളുടെ വിശ്വാസം പൂർണ്ണമായും ഇല്ലാതാക്കുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷോധിക്കുന്ന കർഷകർക്കെതിരേ കേന്ദ്രമന്ത്രി അജയ് മിശ്ര ഭീഷണി മുഴക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. പിന്നീട് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിഷേധിക്കുന്ന കർഷകർക്കിടയിലേക്ക് വാഹനമോടിച്ച് കയറ്റി കൊലപ്പെടുത്തുന്ന ദാരുണമായ സംഭവം നടന്നത്. കർഷകർക്കിടയിലേക്ക് പാഞ്ഞുകയറിയ വാഹനത്തിൽ കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രയും ഉണ്ടായിരുന്നുവെന്നതിന് സാക്ഷികളുണ്ടെങ്കിലും ഇവർക്കെതിരേ കേസെടുക്കാനോ എഫ്ഐആർ രജിസ്റ്റർ ചെയ്യാനോ ഉത്തർപ്രദേശ് പോലീസ് ആദ്യഘട്ടത്തിൽ തയ്യാറായില്ലെന്നും കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിയോട് പറഞ്ഞു.

ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാരുടെ ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്താൻ പുതിയ നടപടികളുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് മെഡിക്കൽ പരിരക്ഷ ഇല്ലാത്ത 40 കോടി ആളുകൾക്ക് പ്രയോജനപ്രദമാകുന്ന പദ്ധതിയാണ് കേന്ദ്ര സർക്കാർ രൂപീകരിക്കാനൊരുങ്ങുന്നത്. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനക്ക് സമാനമായ രീതിയിലായിരിക്കും പുതിയ പദ്ധതി. നിലവിൽ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഒന്നുമില്ലാത്ത മുഴുവൻ ഇടത്തരം കുടുംബങ്ങളെയും ഉൾപ്പെടുത്തുക എന്നതാണ് പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

ഇതിനായി 21 ഇൻഷുറൻസ് കമ്പനികളുടെ ചുരുക്കപ്പട്ടിക തയാറാക്കിയിട്ടുണ്ട്. സ്വമേധയാ ഉള്ള ഈ പ്രാരംഭ പദ്ധതി നടപടിയുടെ ഭാഗമായി ദേശീയ ആരോഗ്യ അതോറിറ്റിയും ഇൻഷുറൻസ് കമ്പനികളും തമ്മിൽ ധാരണാ പത്രം ഒപ്പിടുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ട്.

നിലവിൽ രാജ്യത്തെ 50 കോടി പാവപ്പെട്ട കുടുംബങ്ങൾക്കാണ് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതി വഴി സൗജന്യമായി ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഒരു വർഷത്തേക്ക് അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ ലഭിക്കുന്നതാണ് ജൻധൻ ആരോഗ്യ യോജന പദ്ധതി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ ഒരു വ്യക്തിക്കോ ഒന്നിൽ കൂടുതൽ വ്യക്തികൾക്കോ ചികിത്സാ ചിലവിനായി ഈ ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യം ഉപയോഗപ്പെടുത്താം. ആശുപത്രി വാസത്തിനു മുൻപും ശേഷവും ആവശ്യമായിവരുന്ന ചികിത്സാ ചിലവുകൾ, തുടർ ചികിത്സകൾ, ശസ്ത്രക്രിയകൾ തുടങ്ങിയ കാര്യങ്ങളെല്ലാം പദ്ധതിയുടെ പരിധിയിലുണ്ട്.

തിരുവനന്തപുരം: ശബരിമല വെർച്വൽ ക്യു ആരുടേയും വ്യക്തിപരമായ കാര്യങ്ങൾ ചോർത്താനല്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്തിയത് ജനസംരക്ഷണത്തിന് വേണ്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് കുറയുന്നത് അനുസരിച്ച് വെർച്വൽ ക്യു ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും എല്ലാ വിശ്വാസത്തെക്കാളും വലുതാണ് ശ്വാസമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. മണ്ഡല മകര വിളക്ക് തീർത്ഥാടനം ആരംഭിക്കാനിരിക്കെ ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് പോലും കഴിയാത്ത പ്രതിസന്ധിയാണ് ബോർഡ് നേരിടുന്നത്. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ബോർഡ് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിനോട് 100 കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബജറ്റിൽ പ്രഖ്യാപിച്ച ഗ്രാന്റിൽ നിന്ന് 100 കോടിയും, 10 കോടി ആന്വൽറ്റിയും നൽകണമെന്നാണ് ദേവസ്വം ബോർഡിന്റെ ആവശ്യം. ഈ മാസം ശബരിമല നട തുറക്കാനിരിക്കെ മുന്നൊരുക്കങ്ങൾ നടത്താൻ പണമില്ലെന്ന് കത്തിൽ പറയുന്നു. 2021 ഫെബ്രുവരി മുതൽ വിരമിച്ചവർക്ക് അനൂകുല്യങ്ങൾ നൽകിയിട്ടില്ല. ജീവനക്കാർക്ക് അടുത്ത മാസങ്ങളിൽ ശമ്പളം നൽകാൻ പണമില്ലാത്ത അവസ്ഥയാണെന്നും കത്തിൽ വിശദമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസിൽ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ ആറ് പ്രതികളുടെ വിടുതൽ ഹർജി തള്ളി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. നവംബർ 22 ന് പ്രതികളെല്ലാം കോടതിയിൽ ഹാജരാകണമെന്നാണ് കോടതി നൽകിയ നിർദ്ദേശം.

കേസിൽ വിചാരണ നേരിടണമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതിയുടെ നടപടി. നവംബർ 22 ന് കുറ്റപത്രം പ്രതികളെ വായിച്ചുകേൾപ്പിക്കും. മുൻമന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ മുൻ എംഎൽഎമാരായ കെ.കുഞ്ഞമ്മദ്, സി.കെ.സദാശിവൻ, കെ.അജിത് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.

നിയമസഭയിലെ കൈയാങ്കളിയുമായി ബന്ധപ്പെട്ട് നൽകിയ ദൃശ്യങ്ങൾ കൃത്രിമമാണെന്നും ഇത് പരിഗണിക്കരുതെന്നുമുള്ള പ്രതികളുടെ വാദം കോടതി തള്ളി. ദൃശ്യങ്ങൾ തെളിവായി പരിഗണിക്കാമെന്നാണ് കോടതി വ്യക്തമാക്കുന്നത്. വിടുതൽ ഹർജി തള്ളിയതോടെ ഇനി വിചാരണ നടപടികളുമായി കോടതി മുന്നോട്ടുപോകും.

കൊച്ചി: തൃശ്ശൂർ ജില്ലാ ഭരണകൂടം പിടിച്ചെടുത്ത പാറമേക്കാവിന്റെ പൂരത്തിന് ഉപയോഗിക്കുന്ന അമിട്ട് വീണ്ടും പരിശോധിയ്ക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. അമിട്ടിൽ നിരോധിത വസ്തുവായ ബേരിയത്തിന്റെ അംശം കണ്ടെത്തിയെന്ന പേരിലായിരുന്നു തൃശ്ശൂർ ജില്ലാ ഭരണകൂടം അമിട്ട് പിടിച്ചെടുത്തത്.

അമിട്ട് പരിശോധിച്ചപ്പോൾ നിരോധിത രാസവസ്തുവായ ബേരിയത്തിന്റെ അംശമുണ്ടെന്നായിരുന്നു ലാബ് റിപ്പോർട്ട്. നിരോധിത രാസവസ്തുവിന്റെ സാന്നിധ്യമുള്ളതിനാൽ അമിട്ടുകൾ വിട്ടുതരാൻ കഴിയില്ലെന്നായിരുന്നു ജില്ലാഭരണകൂടത്തിന്റെ നിലപാട്. തുടർന്നാണ് പാറമേക്കാവ് വെടിക്കെട്ട് കരാറുകാരൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്.

അമിട്ടുകൾ വീണ്ടും ലാബിൽ പരിശോധിക്കണമെന്നായിരുന്നു പാറമേക്കാവ് വെടിക്കെട്ട് കരാറുകാരൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം. ഏഴ് ദിവസത്തിനകം വീണ്ടും പരിശോധന നടത്തി അറിയിക്കാനാണ് ഹൈക്കോടതി നൽകിയ നിർദ്ദേശം.

ഇംഫാൽ: മണിപ്പൂരിൽ ജനക്കൂട്ടത്തിനു നേരെ ഭീകരവാദികളുടെ ആക്രമണം. ഒരു കുട്ടി ഉൾപ്പെടെ അഞ്ച് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാങ്പോക്പി ജില്ലയിലെ ബി ഗമോമിൽ ചൊവ്വാഴ്ച്ചയാണ് ആക്രമണം ഉണ്ടായത്. അഞ്ച് പേർ കൊല്ലപ്പെട്ടുവെങ്കിലും മൂന്നു മൃതദേഹങ്ങൾ മാത്രമാണ് കണ്ടെടുത്തതെന്ന് ഐ.ജി ലുൻസെയ് കിപ്ഗെൻ അറിയിച്ചു.

കുകി തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് തീവ്രവാദികളുടെ സംസ്‌കാര ചടങ്ങിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണം ഉണ്ടായതിന് പിന്നാലെ ഗ്രാമീണർ നാടുവിട്ട് അയൽ നാടുകളിൽ അഭയം തേടിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.

ഭീകരവാദികളെ കണ്ടെത്താനായി സംയുക്ത പോലീസ് സേനയും സ്പെഷ്യൽ കമാൻഡോയും അസം റൈഫിൾസും മേഖലയിൽ തിരച്ചിൽ തുടരുകയാണ്.