General (Page 1,371)

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. താൻ തിരിച്ചെത്തിയെന്ന് അറിയിച്ച് പി വി അൻവർ പങ്കുവെച്ച പോസ്റ്റാണ് ചർച്ചയാകുന്നത്. എംഎൽഎയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ഏറെ നാളുകളായി എംഎൽഎയെ മണ്ഡലത്തിൽ കാണാനില്ലെന്ന വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് താൻ തിരിച്ചെത്തിയെന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റ് പി വി അൻവർ പങ്കുവെച്ചത്.

തിരിച്ചെത്തിയെന്ന കുറിപ്പോടെ അണികൾക്കൊപ്പമുള്ള കാറിന്റെ ചിത്രമാണ് പി വി അൻവർ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിനെ പരിഹസിച്ച് കമന്റ് ചെയ്യുന്നവർക്ക് തക്ക മറുപടിയും എംഎൽഎ നൽകുന്നുണ്ട്. കാശുകൊടുത്താൽ ബംഗാളികളെ കിട്ടുമെന്ന് ചിത്രത്തോട് പ്രതികരിച്ചയാൾക്ക് ബംഗാളികൾക്കുള്ള വില പോലും നിനക്കൊന്നും 2 ടേമായി നിലമ്പൂരുകാർ തന്നിട്ടില്ലല്ലോയെന്നും ആദ്യം ആ വില ഉയർത്താൻ നോക്കെന്നും എംഎൽഎ മറുപടി നൽകി. ഓണം ആകുന്നതേയുള്ളൂ മാവേലി ആണല്ലോയെന്ന പരിഹാസത്തിനും അദ്ദേഹം മറുപടി നൽകിയിട്ടുണ്ട്. മാവേലി എന്ന് വന്നാലും ആ ഒരൊറ്റ ദിവസം മാത്രം മതി കുഞ്ഞേ മാവേലിക്ക് എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം വിമർശകന് മറുപടി നൽകിയത്.

അതേസമയം പി.വി അൻവർ നിയമസഭയിലെത്താത്തത് കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. എംഎൽഎയ്‌ക്കെതിരെ നടപടി വേണമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടത്. അവധി അപേക്ഷ പോലും നൽകാതെയാണ് പി വി അൻവർ സഭയിൽ നിന്ന് വിട്ടുനിന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ ശക്തമായ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം ശക്തമായ മഴ വൈകുന്നേരത്തോടെ വടക്കൻ ജില്ലകളിലും കനക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നദികളിൽ ജലനിരപ്പുയരാനും ചില അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്കൊഴുക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയും താമസിക്കുന്നവർ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണം. യാതൊരു കാരണവശാലും ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ല. മലയോര മേഖലകളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണം. മണ്ണിടിച്ചിൽ-ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ അധിവസിക്കുന്നവരും അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

വാഷിംഗ്ടൺ: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് നൽകി അമേരിക്ക. വിദേശ യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങളിലാണ് അമേരിക്ക ഇളവ് നൽകിയത്. രണ്ട് ഡോസ് വാക്‌സിനെടുത്ത യാത്രക്കാർക്ക് ഇനി രാജ്യത്ത് പ്രവേശനം അനുവദിക്കും. വൈറ്റ് ഹൗസാണ് ഇക്കാര്യം അറിയിച്ചത്. നവംബർ എട്ടു മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരിക.

യാത്ര ചെയ്യുന്നതിന് മൂന്ന് ദിവസത്തിന് മുൻപ് കോവിഡ് പരിശോധന നടത്തണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 മാർച്ചിലാണ് അമേരിക്ക വിദേശ യാത്രക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യ, ബ്രസീൽ, ചൈന, ബ്രിട്ടൻ, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങൾക്കെല്ലാം അമേരിക്ക വിലക്കേർപ്പെടുത്തിയിരുന്നു. കർശനമായ നിയന്ത്രണങ്ങൾ അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെ പോലും ബാധിച്ചിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

കൊച്ചി: അങ്കമാലി-എരുമേലി ശബരി റെയിൽപ്പാതയുടെ എസ്റ്റിമേറ്റ് പുതുക്കാനുള്ള ലിഡാർ സർവേ ഉടൻ നടത്തും. മഴ മാറിയാൽ ഉടൻ സർവ്വേ നടത്തുമെന്നു കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ (കെ-റെയിൽ) അറിയിച്ചു. സർവേയ്ക്കുള്ള ഗ്രൗണ്ട് കൺട്രോൾ പോയിന്റുകൾ സ്ഥാപിക്കുന്ന പണികൾ നടന്നു കൊണ്ടിരിക്കുകയാണ്. രാമപുരം മുതൽ എരുമേലി വരെയുള്ള 44 കി.മീ. ദൂരത്തിലാണു ഇനി സർവേ ചെയ്യാനുള്ളതെന്ന് കേരള റെയിൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ വ്യക്തമാക്കി. ചെറുവിമാനം ഉപയോഗിച്ചുള്ള ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിങ് (ലിഡാർ) സിസ്റ്റം ഉപയോഗിച്ചു ജന ജീവിതത്തിനു തടസ്സമുണ്ടാകാത്ത രീതിയിലാണു സർവേ നടത്തുന്നത്. സർവേ നടത്തുന്ന വിമാനത്തിനുള്ള റഫറൻസ് പോയിന്റുകൾ (സൂചകങ്ങൾ) എന്ന നിലയിലാണ് ഗ്രൗണ്ട് കൺട്രോൾ പോയിന്റുകൾ സ്ഥാപിക്കുന്നത്.

ഈ പോയിന്റുകൾ പാതയുടെ അലൈൻമെന്റിൽ അല്ലെന്നും ഇക്കാര്യത്തിൽ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും അധികൃതർ വ്യക്തമാക്കി. ശബരി പാതയ്ക്കു ദക്ഷിണ റെയിൽവേയും കോട്ടയം ജില്ലാ കലക്ടറും സംയുക്തമായി അംഗീകരിച്ച അലൈൻമെന്റിലാണു ലിഡാർ സർവേ നടത്തുക. അലൈൻെന്റുമായി ബന്ധപ്പെട്ടു പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി നേരത്തെ തീർപ്പു കൽപിച്ചതാണ്. തുടർന്നാണ് പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കാൻ കെ-റെയിലിനെ റെയിൽവേ ബോർഡ് ചുമതലപ്പെടുത്തിയത്.

കാലാവസ്ഥ അനുകൂലമാണെങ്കിൽ സർവേയ്ക്ക് ഒരു ദിവസം മതിയാകും. മരങ്ങൾ, തണ്ണീർതടങ്ങൾ, നദികൾ, റോഡുകൾ, കെട്ടിടങ്ങൾ എന്നിവ ലിഡാർ സർവേ വഴി കൃത്യമായി നിർണയിക്കാൻ കഴിയും. നേരത്തെ തിരുവനന്തപുരം-കാസർകോട് സെമി ഹൈസ്പീഡ് പദ്ധതിക്ക് വേണ്ടിയും ലിഡാർ സർവേ ഉപയോഗിച്ചിരുന്നു.

ലേസർ യൂണിറ്റ്, സ്‌കാനർ, ജിപിഎസ് റിസീവർ, ക്യാമറ തുടങ്ങിയവയാണ് ചെറു വിമാനത്തിലുള്ളത്. ലേസർ യൂണിറ്റിൽ നിന്നുള്ള രശ്മികൾ ഭൂമിയുടെ ഉപരിതലത്തിലെത്തി തിരിച്ചെത്തുന്നതു സെർവറിൽ സ്വീകരിച്ചാണു രൂപരേഖ തയാറാക്കുന്നത്. ഭൂമിയുടെ കിടപ്പ് സംബന്ധിച്ച വിശദവും കൃത്യവുമായ വിവരങ്ങൾ ഇതിലൂടെ ലഭ്യമാകും.

കാബൂൾ: അഫ്ഗാനിസ്താനിൽ വീണ്ടും സ്‌ഫോടനം. കാണ്ഡഹാറിലെ ഷിയ പള്ളിയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ 32 പേർ കൊല്ലപ്പെട്ടു. 40 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള നമസ്‌കാരത്തിനിടെയാണ് ബിബി ഫാത്തിമ പള്ളിയിൽ സ്‌ഫോടനം ഉണ്ടായത്.

വെള്ളിയാഴ്ചത്തെ നമസ്‌കാര ചടങ്ങുകളിൽ വലിയതോതിൽ ജനങ്ങൾ പങ്കെടുത്തിരുന്നതായാണ് താലിബാൻ വക്താക്കൾ അറിയിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും താലിബാൻ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് അഫ്ഗാനിലെ കുൺഡുസ് നഗരത്തിലെ സെയ്ദ് അബാദ് പള്ളിയിലും സ്‌ഫോടനം നടന്നിരുന്നു. 50 പേരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. അമേരിക്കൻ സൈന്യം അഫ്ഗാൻ വിട്ടതിനു ശേഷമുണ്ടായ ഏറ്റവും വലിയ ബോംബ് ആക്രമണമായിരുന്നു അബാദ് പള്ളിയിലേത്.

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെ സി വേണുഗോപാലിനെതിരെ ഹൈക്കമാൻഡിൽ അതൃപ്തിയറിയിക്കാനൊരുങ്ങി മുതിർന്ന നേതാക്കൾ. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലിനെതിരെ അതൃപ്തി അറിയിക്കാൻ തീരുമാനിച്ചതായാണ് വിവരം. കെസി വേണുഗോപാൽ ഇഷ്ടക്കാരെ തിരുകി കയറ്റുന്നുവെന്നാണ് നേതാക്കൾ പറയുന്നത്.

പദവി ദുരുപയോഗം ചെയ്ത് പുനഃസംഘടനയിൽ അനർഹമായ ഇടപെടൽ നടത്തുന്നുവെന്നുവെന്നും കെ പി സി സി അംഗമല്ലത്തായാൾക്ക് വേണ്ടിയും കെ സി വേണുഗോപാൽ വാദിക്കുന്നുവെന്നും ആക്ഷേപമുണ്ട്. പുനഃസംഘടനയിൽ സാമുദായിക സമവാക്യം പാലിക്കുന്നില്ലെന്ന പരാതിയും നേതൃത്വത്തെ അറിയിക്കാനാണ് നേതാക്കൾ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

മൂന്ന് പേർ ഇരുന്ന് എല്ലാം തീരുമാനിക്കുന്നുവെന്നും അന്തിമ പട്ടികയെ കുറിച്ച് അറിവൊന്നുമില്ലെന്നും ഗ്രൂപ്പ് നേതാക്കൾ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. പുനഃസംഘടനയിൽ തങ്ങളെ പരിഗണിക്കുന്നില്ലെന്ന് അറിഞ്ഞതോടെ നിരവധി നേതാക്കൾ സമ്മർദ്ദവുമായി രംഗത്തെത്തിയിട്ടുണ്ട്. ഡി സുഗതൻ, വി എസ് ശിവകുമാർ തുടങ്ങിയ നേതാക്കളാണ് സമ്മർദ്ദവുമായി രംഗത്തെത്തിയത്. സുഗതനുവേണ്ടി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തിയതായും സൂചനകളുണ്ട്.

ധാക്ക: ക്ഷേത്രങ്ങൾ തകർത്തവരെ വെറുതെ വിടില്ലെന്ന് മുന്നറിയിപ്പ് നൽകി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ദുർഗ പൂജയുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിനിടെയാണ് ബംഗ്ലാദേശിൽ ക്ഷേത്രങ്ങൾ തകർക്കപ്പെട്ടത്. കുമിലയിൽ ഉണ്ടായ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും ചെയ്തു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 22 ജില്ലകളിൽ അർധ സൈനികരെ വിന്യസിച്ചു.

കുമിലയിലെ അക്രമത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും ഷെയ്ഖ് ഹസീന വ്യക്തമാക്കി. അക്രമികൾ ഏതു മതത്തിൽപ്പെട്ടവരായാലും പിടികൂടി ശിക്ഷിച്ചിരിക്കും. സംഭവവുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് സാങ്കേതികവിദ്യയുടെ യുഗമാണ്. കുറ്റകൃത്യത്തിൽ പങ്കാളികളായവരെ കണ്ടെത്താൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. ധാകേശ്വരി ദേശീയ ക്ഷേത്രത്തിൽ നടന്ന ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ദുർഗാപൂജാ ആശംസകളും പ്രധാനമന്ത്രി ജനങ്ങളോട് പങ്കുവെച്ചു.

തിരുവനന്തപുരം: കരാറുകാരെക്കൂട്ടി എംഎൽഎമാർ കാണാൻ വരുരുതെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയ്ക്ക് പിന്തുണ നൽകി സിപിഎം. സർക്കാരിന്റെ പൊതു നിലപാട് അനുസരിച്ചുള്ളതാണ് മന്ത്രിയുടെ പ്രതികരണമെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ അറിയിച്ചു. വിഷയത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസിന് പൂർണ്ണ പിന്തുണ നൽകുമെന്നും ശുപാർശകൾ ഇല്ലാതെ കാര്യങ്ങൾ വേഗത്തിൽ നടക്കണമെന്നാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ സർക്കാർ ഇക്കാര്യത്തിൽ സാധ്യമായതെല്ലാം ചെയ്യുമെന്നും വിജയരാഘവൻ ഉറപ്പു നൽകി.

എംഎൽഎമാർ ഉയർത്തുന്ന വിഷയങ്ങൾക്ക് മന്ത്രിമാർ അർഹിക്കുന്ന പരിഗണന നൽകുന്നുണ്ട്. മന്ത്രിമാരുടെ ഓഫീസ് എങ്ങനെ പ്രവർത്തിക്കണമെന്നതിന് സർക്കാരിന് നിലപാടുണ്ട്. സർക്കാരും മന്ത്രിമാരും എങ്ങനെ പ്രവർത്തിക്കണം എന്നത് സംബന്ധിച്ച് സിപിഎമ്മിന് പൊതു നിലപാടുണ്ടെന്നം അദ്ദേഹം കൂട്ടിച്ചേർത്തു.

കരാറുകാരെ കൂട്ടി എംഎൽഎമാർ തന്നെ കാണാൻ വരരുതെന്ന പ്രസ്താവനയിൽ ഉറച്ച് നിൽക്കുകയാണെന്ന് കഴിഞ്ഞ ദിവസം മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. ഇടതുപക്ഷ നയവും നിലപാടുമാണ് താൻ വ്യക്തമാക്കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എംഎൽഎമാർക്ക് കാരാറുകാരെ മന്ത്രിയുടെ അടുത്ത് കൊണ്ട് വരാം. പക്ഷെ എന്ത് ഏതാണെന്നും ആരാണെന്നും നോക്കിയേ പറ്റു. മന്ത്രി എന്ന നിലയിൽ ഇടത് പക്ഷ നിലപാടും നയവുമാണ് നടപ്പാക്കുന്നത്. കരാറുകാർ തെറ്റായ നിലപാട് എടുത്താൽ അംഗീകരിക്കാനാകില്ല. എഞ്ചിനിയർ, കരാറുകാർ എന്നിവരുടെ പേര് നിർമ്മാണ പ്രവർത്തികളിൽ എല്ലാം രേഖപ്പെടുത്തും. ഇതിനായുള്ള ശ്രമത്തിലാണെന്നും അങ്ങനെയാണെങ്കിൽ ജനങ്ങൾക്ക് അവരോട് നേരിട്ട് പ്രശ്നങ്ങൾ പറയാൻ കഴിയുമെന്നും അദ്ദേഹം വിശദമാക്കിയിരുന്നു.

കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ ശൂരനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറിനും സംഘത്തിനുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

ഡോക്ടറെ മർദ്ദിച്ച സംഭവം അപലപനീയമാണ്. ഇത്തരം സംഭവങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. ഡോക്ടറെ മന്ത്രി നേരിട്ട് വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു.

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. ഗണേശിനെയാണ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറും സംഘവും കയ്യേറ്റം ചെയ്തത്. കിണറ്റിൽ വീണു മരിച്ചയാളുടെ മരണം ഉറപ്പാക്കാൻ ഡോക്ടർ ആശുപത്രിക്ക് പുറത്തേയ്ക്ക് എത്താത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്. പരിക്കേറ്റ ഡോക്ടർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ ഒ.പി ബഹിഷ്‌കരിച്ചു.

പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ഡോക്ടർ തന്നെയും സഹപ്രവർത്തകരെയും കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണം.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏൽപ്പിച്ചതിൽ പ്രതികരണവുമായി സുരേഷ് ഗോപി എംപി. വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏൽപ്പിച്ചതിൽ പൂർണ തൃപ്തനാണെന്ന് സുരേഷ് ഗോപി പറഞ്ഞു.

വിമർശിക്കുന്നവർക്ക് വിറ്റുതുലച്ചു എന്നൊക്കെ പറഞ്ഞുപോകാം. എന്നാൽ സത്യാവസ്ഥ അതല്ലല്ലോ. നടത്തിപ്പ് മാത്രമാണ് കൈമാറിയിരിക്കുന്നത്. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം മുന്നോട്ടുപോവുകയാണെങ്കിൽ, ഈ വിമർശനങ്ങളൊക്കെ കത്തിനശിച്ചുകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളുടെ യാത്രയ്ക്കിടയിലുള്ള ക്ലേശം പരിഹരിക്കാൻ ഇത്രയും കാലം സാധിച്ചില്ലല്ലോ. ഇനി അത് സാധിക്കുമോ എന്ന് നമുക്ക് പരിശോധിക്കാം. ഒരു പുതിയ സംവിധാനമാണ് വന്നിരിക്കുന്നത്. പോസ്റ്റ് കോവിഡ് ഓപ്പറേഷൻസ് തുടങ്ങിയ സമയത്ത് രണ്ടു മൂന്ന് മാസം എമിറേറ്റ്സ്, എത്തിഹാദ് എന്നിവ തിരുവനന്തപുരത്തേക്ക് വന്നില്ല. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ എയർപോർട്ടാണ്. 1932 ൽ കേണൽ ഗോദവർമ്മ രാജ തുടങ്ങിവച്ച എയർപോർട്ടാണിത്. ഇവിടെ ജനങ്ങൾക്ക് സൗകര്യപ്രദമായ മാറ്റങ്ങൾ വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുംബൈ, ഡൽഹി പോലുള്ള എയർപോർട്ടുകൾ സ്വീകരിക്കുന്നതുപോലെ ഇവിടെയും യാത്രക്കാരെ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.