ക്ഷേത്രങ്ങൾ തകർത്തവരെ വെറുതെ വിടില്ല; മുന്നറിയിപ്പ് നൽകി ഷെയ്ഖ് ഹസീന

ധാക്ക: ക്ഷേത്രങ്ങൾ തകർത്തവരെ വെറുതെ വിടില്ലെന്ന് മുന്നറിയിപ്പ് നൽകി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ദുർഗ പൂജയുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിനിടെയാണ് ബംഗ്ലാദേശിൽ ക്ഷേത്രങ്ങൾ തകർക്കപ്പെട്ടത്. കുമിലയിൽ ഉണ്ടായ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും ചെയ്തു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 22 ജില്ലകളിൽ അർധ സൈനികരെ വിന്യസിച്ചു.

കുമിലയിലെ അക്രമത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും ഷെയ്ഖ് ഹസീന വ്യക്തമാക്കി. അക്രമികൾ ഏതു മതത്തിൽപ്പെട്ടവരായാലും പിടികൂടി ശിക്ഷിച്ചിരിക്കും. സംഭവവുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് സാങ്കേതികവിദ്യയുടെ യുഗമാണ്. കുറ്റകൃത്യത്തിൽ പങ്കാളികളായവരെ കണ്ടെത്താൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. ധാകേശ്വരി ദേശീയ ക്ഷേത്രത്തിൽ നടന്ന ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ദുർഗാപൂജാ ആശംസകളും പ്രധാനമന്ത്രി ജനങ്ങളോട് പങ്കുവെച്ചു.