തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏൽപ്പിച്ചതിൽ പ്രതികരണവുമായി സുരേഷ് ഗോപി എംപി. വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏൽപ്പിച്ചതിൽ പൂർണ തൃപ്തനാണെന്ന് സുരേഷ് ഗോപി പറഞ്ഞു.
വിമർശിക്കുന്നവർക്ക് വിറ്റുതുലച്ചു എന്നൊക്കെ പറഞ്ഞുപോകാം. എന്നാൽ സത്യാവസ്ഥ അതല്ലല്ലോ. നടത്തിപ്പ് മാത്രമാണ് കൈമാറിയിരിക്കുന്നത്. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം മുന്നോട്ടുപോവുകയാണെങ്കിൽ, ഈ വിമർശനങ്ങളൊക്കെ കത്തിനശിച്ചുകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളുടെ യാത്രയ്ക്കിടയിലുള്ള ക്ലേശം പരിഹരിക്കാൻ ഇത്രയും കാലം സാധിച്ചില്ലല്ലോ. ഇനി അത് സാധിക്കുമോ എന്ന് നമുക്ക് പരിശോധിക്കാം. ഒരു പുതിയ സംവിധാനമാണ് വന്നിരിക്കുന്നത്. പോസ്റ്റ് കോവിഡ് ഓപ്പറേഷൻസ് തുടങ്ങിയ സമയത്ത് രണ്ടു മൂന്ന് മാസം എമിറേറ്റ്സ്, എത്തിഹാദ് എന്നിവ തിരുവനന്തപുരത്തേക്ക് വന്നില്ല. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ എയർപോർട്ടാണ്. 1932 ൽ കേണൽ ഗോദവർമ്മ രാജ തുടങ്ങിവച്ച എയർപോർട്ടാണിത്. ഇവിടെ ജനങ്ങൾക്ക് സൗകര്യപ്രദമായ മാറ്റങ്ങൾ വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുംബൈ, ഡൽഹി പോലുള്ള എയർപോർട്ടുകൾ സ്വീകരിക്കുന്നതുപോലെ ഇവിടെയും യാത്രക്കാരെ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

