അഫ്ഗാനിസ്താനിൽ വീണ്ടും സ്‌ഫോടനം; 32 കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

കാബൂൾ: അഫ്ഗാനിസ്താനിൽ വീണ്ടും സ്‌ഫോടനം. കാണ്ഡഹാറിലെ ഷിയ പള്ളിയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ 32 പേർ കൊല്ലപ്പെട്ടു. 40 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള നമസ്‌കാരത്തിനിടെയാണ് ബിബി ഫാത്തിമ പള്ളിയിൽ സ്‌ഫോടനം ഉണ്ടായത്.

വെള്ളിയാഴ്ചത്തെ നമസ്‌കാര ചടങ്ങുകളിൽ വലിയതോതിൽ ജനങ്ങൾ പങ്കെടുത്തിരുന്നതായാണ് താലിബാൻ വക്താക്കൾ അറിയിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും താലിബാൻ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് അഫ്ഗാനിലെ കുൺഡുസ് നഗരത്തിലെ സെയ്ദ് അബാദ് പള്ളിയിലും സ്‌ഫോടനം നടന്നിരുന്നു. 50 പേരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. അമേരിക്കൻ സൈന്യം അഫ്ഗാൻ വിട്ടതിനു ശേഷമുണ്ടായ ഏറ്റവും വലിയ ബോംബ് ആക്രമണമായിരുന്നു അബാദ് പള്ളിയിലേത്.