General (Page 1,372)

കോഴിക്കോട്: കരാറുകാരെ കൂട്ടി എംഎൽഎമാർ തന്നെ കാണാൻ വരരുതെന്ന പ്രസ്താവനയിൽ ഉറച്ച് നിൽക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇടതുപക്ഷ നയവും നിലപാടുമാണ് താൻ വ്യക്തമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. താൻ പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കരാറുകാരെ കൂട്ടി എംഎൽഎമാർ കാണാൻ വരരുതെന്ന പ്രസ്താവനയിന്മേൽ എംഎൽഎമാരുടെ യോഗത്തിൽ താൻ ഖേദം പ്രകടിപ്പിച്ചുവെന്നും നിലപാടിൽ നിന്നും പുറകോട്ട് പോയെന്നുമുള്ള രീതിയിൽ വ്യാപകമായി വാർത്തകൾ പ്രചരിച്ചു. എന്നാൽ എംഎൽഎമാരുടെ യോഗത്തിൽ ഒരാൾ പോലും ഇത്തരത്തിലൊരു അഭിപ്രായം ഉന്നയിച്ചിട്ടില്ല. താൻ എവിടെയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടില്ല. പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണ്. ഒരടി പുറകോട്ട് പോയിട്ടുമില്ല. ചില കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മിൽ ചില ബന്ധമുണ്ട്. തട്ടിപ്പും അഴിമതിയും ഉണ്ടെന്നും ചില കരാറുകാരുടെ ഇത്തരം നീക്കങ്ങൾക്ക് ചില ഉദ്യോഗസ്ഥർ സഹായം നൽകുന്നുവെന്നും അദ്ദേഹം വിശദമാക്കി.

സ്വന്തം മണ്ഡലത്തിലെ പൊതു പ്രശ്‌നങ്ങൾ അത് കരാറുകാരുടേതായാലും എംഎൽഎമാർക്ക് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാം. കരാറുകാരിൽ ഭൂരിപക്ഷവും നല്ലവരാണ്. എന്നാൽ ചെറിയ വിഭാഗം പ്രശ്‌നക്കാരുണ്ടെന്നും ഉദ്യോഗസ്ഥരും അങ്ങനെയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എംഎൽഎമാർക്ക് കാരാറുകാരെ മന്ത്രിയുടെ അടുത്ത് കൊണ്ട് വരാം. പക്ഷെ എന്ത് ഏതാണെന്നും ആരാണെന്നും നോക്കിയേ പറ്റു. മന്ത്രി എന്ന നിലയിൽ ഇടത് പക്ഷ നിലപാടും നയവുമാണ് നടപ്പാക്കുന്നത്. കരാറുകാർ തെറ്റായ നിലപാട് എടുത്താൽ അംഗീകരിക്കാനാകില്ല. എഞ്ചിനിയർ, കരാറുകാർ എന്നിവരുടെ പേര് നിർമ്മാണ പ്രവർത്തികളിൽ എല്ലാം രേഖപ്പെടുത്തും. ഇതിനായുള്ള ശ്രമത്തിലാണെന്നും അങ്ങനെയാണെങ്കിൽ ജനങ്ങൾക്ക് അവരോട് നേരിട്ട് പ്രശ്‌നങ്ങൾ പറയാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഏഴ് പ്രതിരോധ കമ്പനികൾ രാഷ്ട്രത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മ്യുനിഷൻസ് ഇന്ത്യ ലിമിറ്റഡ് (എംഐഎൽ), ആർമേഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡ് (അവാനി), അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്വിപ്മെന്റ് ഇന്ത്യ ലിമിറ്റഡ് (എഡബ്ല്യുഇ ഇന്ത്യ), ട്രൂപ് കംഫർട്ട്സ് ലിമിറ്റഡ് (ടിസിഎൽ), യന്ത്ര ഇന്ത്യ ലിമിറ്റഡ് (വൈൽ), ഇന്ത്യ ഒപ്റ്റൽ ലിമിറ്റഡ് (ഐഒഎൽ), ഗ്ലൈഡേഴ്സ് ഇന്ത്യ ലിമിറ്റഡ് (ജിഐഎൽ), എന്നിവയാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച പുതിയ ഏഴ് പ്രതിരോധ കമ്പനികൾ.

പുതിയ കമ്പനികൾ പ്രതിരോധ മേഖലയുടെ മുഖം മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ പ്രതിരോധ മേഖലയെ സ്വാശ്രയമാക്കുന്നതിന്റെ ഭാഗമായി ഓർഡ്‌നൻസ് ഫാക്ടറി ബോർഡിനെ ഒരു വകുപ്പിൽ നിന്ന് പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള ഏഴ് കോർപ്പറേറ്റ് സ്ഥാപനങ്ങളായി മാറ്റാൻ തീരുമാനിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. മെച്ചപ്പെട്ട സ്വയംഭരണവും കാര്യക്ഷമതയും കൈവരിക്കാനും പുതിയ വളർച്ചാ സാധ്യതകൾ ഉയർത്തിക്കൊണ്ട് വരാനും ഇത് സഹായകമാകുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്.

ന്യൂഡൽഹി: സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ എതിരല്ലെന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വം. നാളെ ചേരുന്ന പ്രവർത്തക സമിതി ഇതിനുള്ള സമയക്രമം തീരുമാനിക്കുമെന്നാണ് റിപ്പോർട്ട്. പ്രധാന തീരുമാനങ്ങൾക്ക് കോർ ഗ്രൂപ്പ് രൂപീകരിക്കണമെന്ന് വിമതർ യോഗത്തിൽ നിർദ്ദേശിക്കുമെന്നാണ് വിവരം.

പാർട്ടിയ്ക്ക് പൂർണ്ണസമയ പ്രസിഡന്റ് വേണം എന്ന ആവശ്യം കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ഉന്നയിക്കാനാണ് വിമത ഗ്രൂപ്പിന്റെ തീരുമാനം. സംഘടന തെരഞ്ഞെടുപ്പിലൂടെ ഇത് തീരുമാനിക്കാം എന്ന് എഐസിസി യോഗത്തിൽ നിർദ്ദേശിക്കും. തെരഞ്ഞെടുപ്പ് വൈകിക്കേണ്ടെന്നും അടുത്ത മാസം അംഗത്വം പുതുക്കൽ തുടങ്ങി അടുത്ത വർഷം ഓഗസ്റ്റോടെ പ്രവർത്തകസമിതി തെരഞ്ഞെടുപ്പ് നടക്കുന്ന രീതിയിൽ സമ്മേളനങ്ങൾ നിശ്ചയിക്കാം എന്നുമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശം. സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ സോണിയ ഗാന്ധി പ്രസിഡന്റായി തുടരട്ടെ എന്ന നിർദ്ദേശത്തെ വിമതർ എതിർക്കില്ലെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.

സംഘടന തെരഞ്ഞെടുപ്പ് നീണ്ടാൽ പാർട്ടിയിലെ തീരുമാനങ്ങൾ കൂട്ടായെടുക്കാൻ സംവിധാനം വേണം എന്ന് വിമതർ നിർദ്ദേശിക്കുമെന്നാണ് സൂചന. കനയ്യ കുമാറിനെകൊണ്ടു വന്നത് പോലുള്ള തീരുമാനങ്ങൾ കോർഗ്രൂപ്പ് കൈക്കൊള്ളണം എന്നാണ് വിമതഗ്രൂപ്പ് ഉന്നയിക്കുന്ന ആവശ്യം. ഗുലാംനബി ആസാദ്, പി ചിദംബരം തുടങ്ങിയവർ കൂടി ഉൾപ്പെട്ട കോർഗ്രൂപ്പിൽ തീരുമാനങ്ങൾ വരണമെന്നും ഇത് ആരും തന്നിഷ്ടപ്രകാരം എടുക്കേണ്ട തീരുമാനം അല്ലെന്നും വിമതർ പറയുന്നു.

ന്യൂഡൽഹി: മോസ്‌കോ ഫോർമാറ്റ് ചർച്ചയിൽ ഇന്ത്യ പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. റഷ്യയാണ് ചർച്ചയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. താലിബാനും ചർച്ചയിൽ പങ്കെടുക്കും. ഒക്ടോബർ 20-ന് മോസ്‌കോയിലാണ് ചർച്ച നടക്കുക. അഫ്ഗാനിസ്താൻ വിഷയത്തെ കുറിച്ചാണ് യോഗം ചർച്ച ചെയ്യും. ചൈന, പാകിസ്താൻ, ഇറാൻ എന്നീ രാജ്യങ്ങളും ചർച്ചയിൽ പങ്കാളികളാകും. താലിബാൻ ചർച്ചയിൽ പങ്കെടുക്കുമെന്ന് റഷ്യൻ മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.

അഫ്ഗാനിസ്താന്റെ അധികാരം താലിബാൻ പിടിച്ചെടുത്തതിന് ശേഷം നടക്കുന്ന മോസ്‌കോ ഫോർമാറ്റിന്റെ ആദ്യ പതിപ്പാണിത്. അഫ്ഗാനിലെ താത്കാലിക താലിബാൻ സർക്കാരുമായി ഇന്ത്യ നടത്തുന്ന ആദ്യ ഔദ്യോഗിക ചർച്ചയായിരിക്കും മോസ്‌കോയിലേത്.

അഫ്ഗാൻ വിഷയത്തിൽ ആദ്യ അന്താരാഷ്ട്ര കോൺഫറൻസിന് വേദിയൊരുക്കിയതും റഷ്യയായിരുന്നു. അക്രമങ്ങൾ അവസാനിപ്പിക്കാനും സമാധാന ഉടമ്പടിയിലെത്താനും ആവശ്യപ്പെട്ട് യുഎസ്, ചൈന, പാകിസ്താൻ, റഷ്യ എന്നിവർ സംയുക്ത പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു.

ഇടുക്കി: ഇടുക്കിയിൽ ബ്ലൂ അലർട്ട്. ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിലാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. ഇടുക്കി ഡാമിലെ ജലനിരപ്പ് സംഭരണ പരിധിയോട് അടുക്കുകയാണ്. നിലവിൽ 2390.86 അടിയാണ് ഡാമിലെ ജലനിരപ്പ്. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണപരിധി. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കെഎസ്ഇബി അധികൃതർ വ്യക്തമാക്കുന്നത്.

ഡാമിലെ ജലനിരപ്പ് 2396 അടിയായാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കും. ജലനിരപ്പ് 2397 അടിയായി ഉയർന്നാൽ റെഡ് അലേർട്ട് പ്രഖ്യാപിക്കും. പരമാവധി സംഭരണ പരിധിയായ 2403 അടിയിൽ ജലനിരപ്പ് എത്തിയാൽ മാത്രമേ ഡാമിന്റെ ഷട്ടറുകൾ തുറക്കുകയുള്ളു. ഇതിന് 36 മണിക്കൂർ മുൻപെങ്കിലും ബ്ലൂ അലേർട്ട് പ്രഖ്യാപിക്കണമെന്നാണ് കേന്ദ്ര ജല കമ്മിഷൻ നൽകിയിരിക്കുന്ന നിർദ്ദേശം. മുൻകരുതൽ നടപടിയുടെ ഭാഗമായിട്ടാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്.

നിലവിൽ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ പെയ്യുന്നില്ല. നീരോഴുക്കും കുറവാണ്. അതിനാൽ നിലവിലെ അവസ്ഥയിൽ ഡാമിലെ ജലനിരപ്പ് ഇനി ഉയരാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. അതേസമയം സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

കേരള- ലക്ഷദ്വീപ് തീരങ്ങളിൽ 15-10-2021 മുതൽ 16-10-2021 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും കന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ന്യൂഡൽഹി: കൽക്കരി ക്ഷാമം അവസാനിക്കുന്നതുവരെ സാധാരണ പോലെ മറ്റാർക്കും കൽക്കരി നൽകേണ്ടെന്ന് തീരുമാനിച്ച് പൊതുമേഖലാ സ്ഥാപനം കോൾ ഇന്ത്യ. രാജ്യത്തെ ഊർജ്ജ പ്രതിസന്ധി അവസാനിക്കും വരെ വൈദ്യുതി ഉത്പാദിപ്പിക്കാൻ മാത്രമായിരിക്കും ഇനി കൽക്കരി നൽകുകയെന്ന് കോൾ ഇന്ത്യ അറിയിച്ചതായാണ് റിപ്പോർട്ട്. വൈദ്യുതി ഉത്പാദിപ്പിക്കുന്ന കമ്പനികൾക്ക് കൽക്കരി വലിയ തോതിൽ ആവശ്യമായ സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. അതേസമയം ഇക്കാര്യങ്ങൾ കോൾ ഇന്ത്യ ഔദ്യോഗികമായി കമ്പനികളെ അറിയിച്ചിട്ടില്ല.

രാജ്യത്തെ 58 ശതമാനം താപനിലയങ്ങളും കൽക്കരി ക്ഷാമം നേരിടുന്നതായാണ് വിവരം. 14 ശതമാനം പ്ലാന്റുകളിൽ മാത്രമാണ് ആവശ്യത്തിന് കൽക്കരിയുള്ളതെന്നും മറ്റുള്ളവ പ്രതിസന്ധി നേരിടുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

രാജ്യത്തെ കൽക്കരി ക്ഷാമത്തിനു പിന്നിൽ കാലവർഷവും ഖനികൾ അടച്ചു പൂട്ടിയതുമാണെന്ന് കൽക്കരി മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. ഝാർഖണ്ഡിലെ കൽക്കരി പാടം സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. ബുധനാഴ്ച വരെ രണ്ട് മില്യൺ ടൺ കൽക്കരി വിതരണം ചെയ്തിട്ടുണ്ട്. വേണമെങ്കിൽ രണ്ട് മില്യൺ ടൺ കൽക്കരി ദിവസവും ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ചണ്ഡിഗഡ്: പാക് ചാര സംഘടനയായ ഐ.എസ്.ഐക്ക് രഹസ്യങ്ങൾ ചോർത്തി നൽകിയ സൈനികനെ അറസ്റ്റ് ചെയ്തതായി ഹരിയാന പൊലീസ്. അംബാല ജില്ലയിലെ നരൈൻഗഡ് സ്വദേശിയായ രോഹിത് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സൈനികൻ അറസ്റ്റിലായതെന്ന് ഹരിയാന പോലീസ് വ്യക്തമാക്കി.

ഭോപ്പാലിൽ സൈന്യത്തിലെ എൻജിനീയറിംഗ് റെജിമെന്റിൽ ഹവൽദാറായിരുന്നു രോഹിത് കുമാർ. ഏതാനും ദിവസങ്ങൾക്ക് മുൻപ് നാട്ടിൽ അവധിക്കെത്തിയ രോഹിത്തിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പാക് ഏജന്റുമായി ബന്ധമുണ്ടെന്നും ഫോട്ടോകൾ ഉൾപ്പടെയുള്ള രഹസ്യ വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും രോഹിത് കുമാർ ചോദ്യം ചെയ്യലിൽ പോലീസിനോട് സമ്മതിച്ചതായാണ് വിവരം. ഇയാളുടെ ഫോണുകളും ഹരിയാന പോലീസ് പിടിച്ചെടുത്തു. ഫോണിലെ വിവരങ്ങൾ വിശദമായി പരിശോധിക്കുമെന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

കൊച്ചി: നയതന്ത്ര ബാഗ് ഉപയോഗിച്ചുള്ള സ്വർണക്കടത്തു കേസിൽ നിർണായക നീക്കങ്ങളുമായി എൻഐഎ. ഒരു പ്രതിയെ കൂടി മാപ്പുസാക്ഷിയാക്കാനാണ് എൻഐഎ പദ്ധതിയിടുന്നത്. ദുബായിയിൽ നിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്ത തിരുവമ്പാടി സ്വദേശി മുഹമ്മദ് മൻസൂറിനെയാണ് കേസിൽ മാപ്പുസാക്ഷിയാക്കുന്നത്. ഇതിനായി എൻഐഎ കോടതിയിൽ അപേക്ഷ സമർപ്പിച്ചു.

എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ പ്രധാന പ്രതികളിലൊരാളായ സന്ദീപ് നായരടക്കം ആറുപേരാണ് മാപ്പുസാക്ഷികളാകുക. സ്വർണ്ണക്കടത്തിൽ വിദേശത്ത് നിന്നുള്ള സൂത്രധാരന്മാരിലൊരാളാണ് മുഹമ്മദ് മൻസൂർ.

കേസിലെ 35-ാം പ്രതിയാണ് ഇയാൾ. ഇക്കഴിഞ്ഞ ജൂണിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്വർണ്ണക്കടത്ത് സംഘം വിദേശത്ത് എങ്ങനെയാണ് പ്രവർത്തിച്ചിരുന്നതിന്റെ പൂർണ വിവരങ്ങൾ മൻസൂറിനെ മാപ്പ് സാക്ഷിയാക്കുന്നതിലൂടെ ലഭിക്കുമെന്നാണ് എൻഐഎയുടെ പ്രതീക്ഷ. മുഹമ്മദ് മൻസൂറിനെ മാപ്പ് സാക്ഷിയാക്കുന്നതിൽ നൽകി അപേക്ഷയിൽ ശനിയാഴ്ച എൻഐഎ കോടതി വാദം കേൾക്കും. കേസിൽ ഇരുപത് പേരെ പ്രതികളാക്കിയാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. വിദേശത്തുള്ള ആറ് പേർ കൂടിയാണ് ഇനി പിടിയിലാകാനുള്ളത്.

തിരുവനന്തപുരം: മാസ്‌ക് ധരിക്കാതെയും ടിക്കറ്റില്ലാതെയും യാത്ര ചെയ്തവരിൽ നിന്നും പിഴയായി റെയിൽവേയ്ക്ക് ലഭിച്ചത് കോടികൾ. ഇത്തരം യാത്രക്കാരിൽ നിന്നായി ദക്ഷിണ റെയിൽവേ 1.62 കോടി രൂപ പിഴ ഈടാക്കിയെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ മാസ്‌ക് ഒഴിവാക്കി യാത്രചെയ്ത 32,624 പേരെയാണ് റെയിൽവേ പിടികൂടിയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

2021 ഏപ്രിൽ മുതൽ 12 ഒക്ടോബർ വരെ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തവരിൽ നിന്നായി റെയിൽവേ 35.47 കോടി രൂപ പിഴ ഈടാക്കി എന്നും കണക്കുകൾ പറയുന്നു. ഇത്തരത്തിൽ 7.12 ലക്ഷം പേരെയാണ് പിടികൂടിയത്. ചെന്നൈ ഡിവിഷൻ 12.78 കോടി രൂപയും തിരുവനന്തപുരം ഡിവിഷൻ 6.05 കോടി രൂപയും പാലക്കാട് ഡിവിഷൻ 5.52 കോടി രൂപയും മധുര ഡിവിഷൻ 4.16 കോടി രൂപയും സേലം ഡിവിഷൻ 4.15 കോടി രൂപയും തിരുച്ചിറപ്പള്ളി ഡിവിഷൻ 2.81 കോടി രൂപയും പിഴ ഈടാക്കിയെന്നും കണക്കുകൾ പുറത്തുവന്നു.

കോവിഡ് കാലത്ത് റിസർവേഷൻ ട്രെയിനുകൾ മാത്രം സർവീസ് നടത്തിയപ്പോഴും ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം കുത്തനെ കൂടി വർധിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൃത്യമായ ടിക്കറ്റ് എടുക്കാതിരിക്കുക, ബുക്ക് ചെയ്യാതെ ലഗേജ് കൊണ്ടു പോകുക തുടങ്ങിയ നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബർ 12 നാണ് ആറു മാസത്തിനിടെ ഏറ്റവും കൂടുതൽ തുക പിഴ ഇനത്തിൽ പിരിച്ചെടുത്തത്. ഒറ്റ ദിവസം കൊണ്ടു 37 ലക്ഷം രൂപയാണു ഈ ദിവസം പിഴയായി ലഭിച്ചതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയിൽവേയിൽ കേരളം, തമിഴ്‌നാട്, കർണ്ണാടകത്തിലെ മംഗലാപുരം എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നു. ദക്ഷിണ റെയിൽവേയിൽ ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, സേലം, പാലക്കാട്, തിരുവനന്തപുരം എന്നിങ്ങനെ ആറ് റെയിൽവേ ഡിവിഷനുകളാണുള്ളത്.

ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷകൾ നടത്താനുള്ള മാർഗനിർദേശം പുറത്തിറക്കി. 10, +2 പരീക്ഷകൾക്കുള്ള മാർഗനിർദേശമാണ് സിബിഎസ്ഇ ബോർഡ് പുറത്തിറക്കിയത്. രണ്ട് ഘട്ടമായി പരീക്ഷകൾ നടത്താനാണ് ബോർഡിന്റെ തീരുമാനം. ഒന്നാം ഘട്ട പരീക്ഷകളുടെ തീയതിക്രമം ഒക്ടോബർ 18 ന് പുറത്തുവിടും. 90 മിനിറ്റ് ദൈർഘ്യമുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും ഇതിലുണ്ടായിരിക്കുക.

പരീക്ഷാ തീയതി സംബന്ധിച്ച വിവരങ്ങൾ സിബിഎസ്ഇയുടെ വെബ്‌സൈറ്റിൽ നിന്നും വിദ്യാർത്ഥികൾക്ക് അറിയാൻ കഴിയും. സമ്പൂർണ തീയതിക്രമം പുറത്തുവിടാൻ ഇനിയും സമയമെടുക്കും. പരീക്ഷകൾ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ സിബിഎസ്ഇയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ആദ്യ ഘട്ടത്തിൽ ഒബ്ജക്ടീവ് പരീക്ഷ നടത്തിയ ശേഷം മെയിൻ പരീക്ഷകളിലേക്ക് കടക്കാനാണ് സിബിഎസ്ഇ ലക്ഷ്യമിടുന്നത്. നവംബർ മാസം മധ്യത്തോടെ പരീക്ഷകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.