കെപിസിസി പുനഃസംഘടന; കെ സി വേണുഗോപാലിനെതിരെ ഹൈക്കമാൻഡിൽ അതൃപ്തിയറിയിക്കാനൊരുങ്ങി മുതിർന്ന നേതാക്കൾ

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെ സി വേണുഗോപാലിനെതിരെ ഹൈക്കമാൻഡിൽ അതൃപ്തിയറിയിക്കാനൊരുങ്ങി മുതിർന്ന നേതാക്കൾ. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലിനെതിരെ അതൃപ്തി അറിയിക്കാൻ തീരുമാനിച്ചതായാണ് വിവരം. കെസി വേണുഗോപാൽ ഇഷ്ടക്കാരെ തിരുകി കയറ്റുന്നുവെന്നാണ് നേതാക്കൾ പറയുന്നത്.

പദവി ദുരുപയോഗം ചെയ്ത് പുനഃസംഘടനയിൽ അനർഹമായ ഇടപെടൽ നടത്തുന്നുവെന്നുവെന്നും കെ പി സി സി അംഗമല്ലത്തായാൾക്ക് വേണ്ടിയും കെ സി വേണുഗോപാൽ വാദിക്കുന്നുവെന്നും ആക്ഷേപമുണ്ട്. പുനഃസംഘടനയിൽ സാമുദായിക സമവാക്യം പാലിക്കുന്നില്ലെന്ന പരാതിയും നേതൃത്വത്തെ അറിയിക്കാനാണ് നേതാക്കൾ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

മൂന്ന് പേർ ഇരുന്ന് എല്ലാം തീരുമാനിക്കുന്നുവെന്നും അന്തിമ പട്ടികയെ കുറിച്ച് അറിവൊന്നുമില്ലെന്നും ഗ്രൂപ്പ് നേതാക്കൾ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. പുനഃസംഘടനയിൽ തങ്ങളെ പരിഗണിക്കുന്നില്ലെന്ന് അറിഞ്ഞതോടെ നിരവധി നേതാക്കൾ സമ്മർദ്ദവുമായി രംഗത്തെത്തിയിട്ടുണ്ട്. ഡി സുഗതൻ, വി എസ് ശിവകുമാർ തുടങ്ങിയ നേതാക്കളാണ് സമ്മർദ്ദവുമായി രംഗത്തെത്തിയത്. സുഗതനുവേണ്ടി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തിയതായും സൂചനകളുണ്ട്.