വിദേശ യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് അമേരിക്കയിലേക്ക് പ്രവേശിക്കാം

വാഷിംഗ്ടൺ: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് നൽകി അമേരിക്ക. വിദേശ യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങളിലാണ് അമേരിക്ക ഇളവ് നൽകിയത്. രണ്ട് ഡോസ് വാക്‌സിനെടുത്ത യാത്രക്കാർക്ക് ഇനി രാജ്യത്ത് പ്രവേശനം അനുവദിക്കും. വൈറ്റ് ഹൗസാണ് ഇക്കാര്യം അറിയിച്ചത്. നവംബർ എട്ടു മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരിക.

യാത്ര ചെയ്യുന്നതിന് മൂന്ന് ദിവസത്തിന് മുൻപ് കോവിഡ് പരിശോധന നടത്തണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 മാർച്ചിലാണ് അമേരിക്ക വിദേശ യാത്രക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യ, ബ്രസീൽ, ചൈന, ബ്രിട്ടൻ, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങൾക്കെല്ലാം അമേരിക്ക വിലക്കേർപ്പെടുത്തിയിരുന്നു. കർശനമായ നിയന്ത്രണങ്ങൾ അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെ പോലും ബാധിച്ചിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.