അങ്കമാലി-എരുമേലി ശബരി റെയിൽപ്പാതയുടെ എസ്റ്റിമേറ്റ് പുതുക്കൽ; മഴ മാറിയാൽ ഉടൻ സർവ്വേ നടത്തും

കൊച്ചി: അങ്കമാലി-എരുമേലി ശബരി റെയിൽപ്പാതയുടെ എസ്റ്റിമേറ്റ് പുതുക്കാനുള്ള ലിഡാർ സർവേ ഉടൻ നടത്തും. മഴ മാറിയാൽ ഉടൻ സർവ്വേ നടത്തുമെന്നു കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ (കെ-റെയിൽ) അറിയിച്ചു. സർവേയ്ക്കുള്ള ഗ്രൗണ്ട് കൺട്രോൾ പോയിന്റുകൾ സ്ഥാപിക്കുന്ന പണികൾ നടന്നു കൊണ്ടിരിക്കുകയാണ്. രാമപുരം മുതൽ എരുമേലി വരെയുള്ള 44 കി.മീ. ദൂരത്തിലാണു ഇനി സർവേ ചെയ്യാനുള്ളതെന്ന് കേരള റെയിൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ വ്യക്തമാക്കി. ചെറുവിമാനം ഉപയോഗിച്ചുള്ള ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിങ് (ലിഡാർ) സിസ്റ്റം ഉപയോഗിച്ചു ജന ജീവിതത്തിനു തടസ്സമുണ്ടാകാത്ത രീതിയിലാണു സർവേ നടത്തുന്നത്. സർവേ നടത്തുന്ന വിമാനത്തിനുള്ള റഫറൻസ് പോയിന്റുകൾ (സൂചകങ്ങൾ) എന്ന നിലയിലാണ് ഗ്രൗണ്ട് കൺട്രോൾ പോയിന്റുകൾ സ്ഥാപിക്കുന്നത്.

ഈ പോയിന്റുകൾ പാതയുടെ അലൈൻമെന്റിൽ അല്ലെന്നും ഇക്കാര്യത്തിൽ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും അധികൃതർ വ്യക്തമാക്കി. ശബരി പാതയ്ക്കു ദക്ഷിണ റെയിൽവേയും കോട്ടയം ജില്ലാ കലക്ടറും സംയുക്തമായി അംഗീകരിച്ച അലൈൻമെന്റിലാണു ലിഡാർ സർവേ നടത്തുക. അലൈൻെന്റുമായി ബന്ധപ്പെട്ടു പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി നേരത്തെ തീർപ്പു കൽപിച്ചതാണ്. തുടർന്നാണ് പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കാൻ കെ-റെയിലിനെ റെയിൽവേ ബോർഡ് ചുമതലപ്പെടുത്തിയത്.

കാലാവസ്ഥ അനുകൂലമാണെങ്കിൽ സർവേയ്ക്ക് ഒരു ദിവസം മതിയാകും. മരങ്ങൾ, തണ്ണീർതടങ്ങൾ, നദികൾ, റോഡുകൾ, കെട്ടിടങ്ങൾ എന്നിവ ലിഡാർ സർവേ വഴി കൃത്യമായി നിർണയിക്കാൻ കഴിയും. നേരത്തെ തിരുവനന്തപുരം-കാസർകോട് സെമി ഹൈസ്പീഡ് പദ്ധതിക്ക് വേണ്ടിയും ലിഡാർ സർവേ ഉപയോഗിച്ചിരുന്നു.

ലേസർ യൂണിറ്റ്, സ്‌കാനർ, ജിപിഎസ് റിസീവർ, ക്യാമറ തുടങ്ങിയവയാണ് ചെറു വിമാനത്തിലുള്ളത്. ലേസർ യൂണിറ്റിൽ നിന്നുള്ള രശ്മികൾ ഭൂമിയുടെ ഉപരിതലത്തിലെത്തി തിരിച്ചെത്തുന്നതു സെർവറിൽ സ്വീകരിച്ചാണു രൂപരേഖ തയാറാക്കുന്നത്. ഭൂമിയുടെ കിടപ്പ് സംബന്ധിച്ച വിശദവും കൃത്യവുമായ വിവരങ്ങൾ ഇതിലൂടെ ലഭ്യമാകും.