General (Page 1,370)

കൊച്ചി: നഗരത്തിലെ റോഡുകളെ ട്രോളി കൊച്ചി മെട്രോ. ഫേസ്ബുക്കിലൂടെയാണ് കൊച്ചി മെട്രോ നഗരത്തിലെ റോഡുകളെ ട്രോളിയുള്ള പോസ്റ്റ് പങ്കുവെച്ചത്. കൊച്ചിയിൽ റോഡ് കടക്കാൻ നീന്തൽ പഠിക്കണമെന്നും എന്നാൽ കൊച്ചി മെട്രോയിൽ സഞ്ചരിക്കാൻ അതിന്റെ ആവശ്യമില്ലെന്നുമാണ് ട്രോളിൽ സൂചിപ്പിക്കുന്നത്.

ഒരു വശത്ത് മായാവി സിനിമയിൽ സലീം കുമാർ കുടവുമായി പുഴ നീന്തികടക്കുന്ന ചിത്രവും മറുവശത്ത് ആഢംബരകാറിൽ ലാപ്‌ടോപുമായി യാത്ര ചെയ്യുന്ന വിജയ്‌യുടെ ചിത്രവുമായാണ് ട്രോൾ പങ്കുവെച്ചിരിക്കുന്നത്.

മഴ പെയ്താൽ റോഡുകളിലെല്ലാം വെള്ളം നിറയുന്ന അവസ്ഥയാണ് കൊച്ചിയിലുള്ളത്. അതിനാൽ തന്നെ മഴ പെയ്യുമ്പോൾ കൊച്ചിയിൽ ജനജീവിതം ദുസഹമാകാറുണ്ട്. എം ജി റോഡിലും ബാനർജി റോഡിലുമായുള്ള മെട്രോ സ്റ്റേഷനുകളുടെ മുന്നിൽ തന്നെയാണ് ഏറ്റവും കൂടുതൽ വെള്ളക്കെട്ടുള്ളതും. മെട്രോയുടെ ട്രോൾ പോസ്റ്റിന് താഴെ ഉപഭോക്താക്കൾ ഇക്കാര്യം ചോദിക്കുകയും ചെയ്യുന്നുണ്ട്. മഴ നനയാതെ യാത്ര ചെയ്യാമെങ്കിലും മെട്രോ സ്റ്റേഷനു വെളിയിൽ ഇറങ്ങിയാൽ പിന്നെ സലീം കുമാറിനെപോലെ നീന്തേണ്ടി വരുമെന്നത് ഉൾപ്പെടെയുള്ള കമന്റുകളാണ് കൊച്ചി മെട്രോയുടെ പോസ്റ്റിന് താഴെ നിറയുന്നത്.

farming

തിരുവനന്തപുരം: മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്ത് വ്യാപക കൃഷിനാശം. 8779 കർഷകരെയാണ് മഴ ചതിച്ചത്. രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്തെമ്പാടും 28.58 കോടി രൂപയുടെ വിളനാശം ഉണ്ടായതായി സംസ്ഥാന കൃഷി വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 1476.58 ഹെക്ടറിലെ കൃഷി നശിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.

ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് പെയ്ത മഴയിലാണ് വ്യാപക കൃഷി നാശം ഉണ്ടായത്. കോട്ടയത്തും തൃശൂരിലുമാണ് ഏറ്റവും കൂടുതൽ കൃഷി നശിച്ചത്. തൃശൂരിൽ 553 ഹെക്ടർ കൃഷി നശിച്ചു. 2965 കർഷകരുടെ കൃഷി നശിച്ചു. ഇവിടെ മാത്രം 9.56 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കോട്ടയത്ത് 510 ഹെക്ടർ കൃഷി നശിച്ചു. 1018 കർഷകർക്കായി 7.73 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

തിരുവനന്തപുരത്ത് 121.51 ഹെക്ടർ ഭൂമിയിലെ കൃഷിയാണ് നശിക്കുകയും 550 കർഷകർ ദുരിതബാധിതരാകുകയും ചെയ്തു. 3.89 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കൊല്ലത്ത് 89.32 ഹെക്ടറിലെ കൃഷി നശിച്ചു. 941 കർഷകർക്ക് 2.21 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. പത്തനംതിട്ടയിൽ 315 കർഷകരുടെ 59 ഹെക്ടറിലെ കൃഷി നശിച്ചു 1.22 കോടി രൂപയുടെ നഷ്ടമാണ് ഇവിടെ കണക്കാക്കപ്പെടുന്നത്. ആലപ്പുഴയിലെ 1685 കർഷകരുടെ 50 ഹെക്ടറിലെ കൃഷിയും നശിച്ചു. 1.37 കോടി രൂപയാണ് പ്രാഥമിക നഷ്ടം. എറണാകുളത്ത് 47.30 ഹെക്ടർ കൃഷി നശിച്ചു. 42 കർഷകർക്ക് 22 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഇടുക്കിയിൽ 22 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. 115 കർഷകരാണ് ദുരിതത്തിലായത്. 1.90 കോടി രൂപയുടെ നഷ്ടമാണ് ഇവിടെ കണക്കാക്കിയിരിക്കുന്നത്. മലപ്പുറം ജില്ലയിൽ 14.20 ഹെക്ടറിലെ കൃഷി നശിച്ചു. 29 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 93 കർഷകർക്കാണ് വിളനാശം ഉണ്ടായത്. പാലക്കാട് ജില്ലയിൽ 8.20 ഹെക്ടറിൽ കൃഷിനാശവും 41 കർഷകർക്ക് 12 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കാസർകോട് ജില്ലയിൽ 1.50 ഹെക്ടറിലെ കൃഷി നശിച്ചുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

pinarayi

തിരുവനന്തപുരം: കേരളത്തിൽ പലയിടങ്ങളിലും മഴ ശക്തമാവുകയും നാശം വിതക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിതീവ്ര മഴ തുടരുന്ന എല്ലാ മേഖലളിലും രക്ഷാപ്രവർത്തനം ശക്തമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇതിനായി രംഗത്തിറങ്ങും. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ പെട്ടെന്നു തന്നെ മാറ്റിപ്പാർപ്പിക്കും. കോട്ടയം ജില്ലയടക്കം മഴക്കെടുതി രൂക്ഷമായ മേഖലകളിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആളുകളെ സുരക്ഷിതരായി മാറ്റിപ്പാർപ്പിക്കാൻ ആവശ്യമായ ദുരിതാശ്വാസ ക്യാമ്പുകൾ എല്ലായിടത്തും സജ്ജമാവുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്യാമ്പുകൾ സജ്ജമാക്കാൻ അവശ്യമായ നിർദ്ദേശങ്ങൾ നൽകി. ക്യാമ്പുകളിൽ ആവശ്യത്തിന് മരുന്നുകൾ സൂക്ഷിക്കാനും വാക്‌സിൻ എടുക്കാത്തവരുടെയും അനുബന്ധരോഗികളുടെയും കാര്യത്തിൽ പ്രത്യേകം ജാഗ്രത കാണിക്കാനും അധികൃതർ ശ്രദ്ധിക്കണം. തീരദേശ മേഖലയിൽ ഇടക്കിടെ മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കും. ദേശീയ ദുരന്ത പ്രതിരോധ സേന നിലവിൽ മികച്ച സഹായമാണ് നൽകുന്നത്. ആർമി, നേവി, എയർഫോഴ്‌സ് എന്നീ സേനാവിഭാഗങ്ങളുടെ സഹായം അവശ്യഘട്ടങ്ങളിൽ ഉറപ്പു വരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കും. രക്ഷാ പ്രവർത്തനത്തിന് ആവശ്യമായ വള്ളങ്ങൾ, ബോട്ടുകൾ എന്നിവ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ സജ്ജമാക്കും. ലഭ്യമായ വള്ളങ്ങളുടെയും ബോട്ടുകളുടെയും ലിസ്റ്റ് തയ്യാറാക്കി വയ്ക്കണമെന്ന നിർദ്ദേശം നൽകി.

എസ്. ഡി. ആർ. എഫ് ഫണ്ട് വിനിയോഗത്തിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി. ഡാമുകളുടെ ജലനിരപ്പ് നിരീക്ഷണം ശക്തമാക്കാനും മാറിപ്പോകാനുള്ളവർക്ക് മുന്നറിയിപ്പ് നൽകാനും സാധിക്കണം. അക്കാര്യത്തി വീഴ്ചയുണ്ടാകാതെ നോക്കാൻ കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽകൂടി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അവിടെ മുൻകരുതൽ ശക്തമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ സാഹചര്യം പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തീരുമാനിച്ചിരുന്ന തീയതി ഒക്ടോബർ 18-ൽ നിന്നും ഒക്ടോബർ 20-ലേയ്ക്ക് നീട്ടി. പത്തൊമ്പതാം തീയതി വരെ മഴ തുടരും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആ ദിവസം വരെ ശബരിമല തീർത്ഥാടനം ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദമാക്കി.

അവസാനം വന്ന കാലാവസ്ഥാ പ്രവചനം ആശ്വാസത്തിന് വക നൽകുന്നതാണ്. അറബിക്കടലിൽ ലക്ഷദീപിനു സമീപം രൂപം കൊണ്ട ന്യൂനമർദ്ദം നിലവിൽ എറണാകുളത്തിനും കോഴിക്കോടിനും ഇടയിലുള്ള കേരള തീരത്തിന് സമീപത്തായി നിലകൊള്ളുന്നു എന്നാണ് കാലാവസ്ഥ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിലെ നിഗമനപ്രകാരം കേരള തീരത്തോടടുക്കുന്നതനുസരിച്ചു ന്യൂനമർദ്ദത്തിന്റെ ശക്തി കുറയാൻ സാധ്യതയുള്ളതായാണ് സൂചന. എന്നിരുന്നാലും കർശനമായ ജാഗ്രത എല്ലാവരും പുലർത്തണം. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് സുരക്ഷിതത്വം ഉറപ്പു വരുത്താൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കശ്മീരിലെ പാംപൊരയിലാണ് ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ലഷ്‌കർ കമാൻഡർ ഉമർ മുഷ്താഖ് ഖാൻഡെ ഉൾപ്പെടെ പത്ത് ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് ജമ്മു കശ്മീർ പൊലീസ് അറിയിക്കുന്നത്.

പൂഞ്ച് സെക്ടറിൽ ഒളിച്ചിരിക്കുന്ന ഭീകരർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. പൂഞ്ചിൽ ഏറ്റുമുട്ടലിനിടെ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറെ കാണാതായതായെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

പാംപൊര മേഖലയിൽ ലഷ്‌കർ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പ്രദേശത്ത് എത്തിയത്. ജമ്മുകശ്മീർ പോലീസും സിആർപിഎഫും സംയുക്തമായാണ് മേഖലയിൽ തെരച്ചിൽ നടത്താൻ വേണ്ടി എത്തിയത്. ശ്രീനഗറിൽ മുൻപ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ലഷ്‌കർ കമാൻഡർ ഉമർ മുഷ്താഖ് ഖാൻഡെ ഉൾപ്പെടെയുള്ള ഭീകരരെയാണ് സുരക്ഷാ സേന വളഞ്ഞത്.

അതേസമയം കശ്മീരിലെ ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തിൽ ജമ്മുകശ്മീർ ഡിജിപി ദിൽബാഗ് സിങിന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ യോഗത്തിൽ നിർദേശം നൽകിയിട്ടുണ്ട്. ഈ മാസം ആദ്യം നാട്ടുകാർക്ക് നേരെ ഉണ്ടായ ആക്രമണങ്ങൾക്ക് ശേഷം പതിനൊന്ന് ഭീകരരെ വധിക്കാൻ സാധിച്ചതായി കശ്മീർ ഐജിപി വിജയ് കുമാർ അറിയിച്ചു.

ചെന്നൈ: മറീന ബീച്ചിലെ ജയ സ്മാരകം സന്ദർശിച്ച് എഐഎഡിഎംകെ മുൻ ജനറൽ സെക്രട്ടറിയും ജയലളിതയുടെ തോഴിയുമായ വി.എ ശശികല. അണ്ണാ ഡിഎംകെയുടെ 50-ാം സ്ഥാപക ദിനം നാളെ നടക്കാനിരിക്കെയാണ് ശശികല ജയലളിതയുടെ സ്മൃതി സ്മാരകത്തിൽ സന്ദർശനം നടത്തിയത്. ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം ആദ്യമായാണ് ശശികല ജയ സ്മാരകത്തിലെത്തുന്നത്. വികാരനിർഭരയായി സ്മൃതിമണ്ഡപത്തിലെത്തിയ ശശികലസ്മാരകത്തിൽ പുഷ്പങ്ങൾ അർപ്പിക്കുകയും ചെയ്തു.

അണ്ണാ ഡിഎംകെയുടെയും എംജിആറിന്റെയും സ്മാരകങ്ങളിലും ശശികല ഇന്ന് സന്ദർശനം നടത്തും. അണ്ണാ ഡിഎംകെയുടെ കൊടി ഉപയോഗിച്ച കാറിലാണ് അവർ സ്ഥലത്ത് എത്തിയത്. ശശികല അണ്ണാ ഡിഎംകെയുടെ കൊടി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കേസുകൾ നിലവിലുണ്ടായിരുന്നു. ഇതിനെ വകവെക്കാതെയാണ് അവർ അതേ കൊടി കെട്ടിയ കാറിൽ ജയ സ്മാരകത്തിൽ സന്ദർശനം നടത്തിയത്. രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകുന്നതിന്റെ ഭാഗമായാണ് ജയസ്മാരകത്തിൽ ശശികല സന്ദർശനം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.

കൊൽക്കത്ത: സവർക്കറെ പുകഴ്ത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് വീർ സവർക്കർ നൽകിയ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടുമെന്ന് അമിത് ഷാ വ്യക്തമാക്കി. സവർക്കറുടെ ദേശസ്‌നേഹത്തെ ചിലർ ചോദ്യം ചെയ്യുന്നത് വേദനയുണ്ടാക്കുന്നതാണെന്നും രണ്ട് പ്രാവശ്യം ജീവപര്യന്തം തടവുശിക്ഷ ലഭിച്ച ഒരാളുടെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യുന്നത് വേദനാജനകമാണെന്നും അമിത് ഷാ പറഞ്ഞു. ആൻഡമാൻ – നിക്കോബാർ ദ്വീപിലെ ത്രിദിന സന്ദർശത്തിന്റെ ഭാഗമായി പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സവർക്കർക്ക് ‘വീർ’ എന്ന വിശേഷണം നൽകിയത് ഒരു സർക്കാരല്ല. സവർക്കറിന്റെ ധീരതയും ദേശസ്‌നേഹവും അംഗീകരിച്ച് രാജ്യത്തെ 131 കോടി ജനങ്ങൾ നൽകിയ പേരാണ് വീർ എന്ന വിശേഷണം. എന്നാൽ ചിലർ അദ്ദേഹത്തിന്റെ ജീവിതത്തെ ചോദ്യം ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആൻഡമാനിലെ സെല്ലുലാർ ജയിൽ സവർക്കാർ ‘തീർഥസ്ഥാൻ’ (പുണ്യസ്ഥലം) ആക്കി മാറ്റുകയാണ് ചെയ്തത്. എത്രയൊക്കെ പീഡനങ്ങൾ നൽകിയാലും തന്റെ ജന്മനാടിന്റെ സ്വാതന്ത്ര്യമെന്ന അവകാശം തടയാൻ ഒരാൾക്ക് പോലുമാകില്ലെന്ന സന്ദേശമാണ് സവർക്കർ ലോകത്തിന് നൽകിയതെന്നും ആ ലക്ഷ്യം ഇവിടെവച്ച് അദ്ദേഹം നേടിയെടുക്കുകയും ചെയ്തുവെന്നും അമിത് ഷാ വിശദീകരിച്ചു.

സച്ചിൻ സന്യാലിനെ കുറിച്ചും യോഗത്തിൽ അമിത് ഷാ സംസാരിച്ചു. കാലാപാനിയിലേക്ക് രണ്ടുവട്ടം അയക്കപ്പെട്ട ഏക സ്വാതന്ത്ര്യസമര സേനാനി ആയിരുന്നു സച്ചിൻ സന്യാൽ. അദ്ദേഹത്തെ പാർപ്പിച്ചിരുന്ന സെൽ സന്ദർശിച്ച് അദ്ദേഹത്തിന്റെ ചിത്രത്തിൽ മാല ചാർത്തിയത് തന്നെപ്പോലെ ഒരാളെ സംബന്ധിച്ചടുത്തോളം ഏറെ വൈകാരിക നിമിഷം ആയിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ജി-23 നേതാക്കൾക്കെതിരെ വിമർശനവുമായി കോൺഗ്രസ് താത്ക്കാലിക അദ്ധ്യക്ഷ സോണിയാ ഗാന്ധി. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് സോണിയാ ഗാന്ധി ജി-23 നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. പാർട്ടിയിൽ അച്ചടക്കവും ആത്മനിയന്ത്രണവും ആവശ്യമാണെന്ന് സോണിയാ ഗാന്ധി പറഞ്ഞു.

തന്നോട് പറയാനുള്ള കാര്യങ്ങൾ നേരിട്ട് പറയണം. മാദ്ധ്യമങ്ങളിലൂടെയല്ല ഇക്കാര്യങ്ങൾ അറിയിക്കേണ്ടത്. കോൺഗ്രസിന്റെ മുഴുവൻ സമയ പ്രസിഡന്റാണെന്നും പാർട്ടിയുടെ കടിഞ്ഞാൽ തന്റെ കൈയിലാണെന്നും സോണിയാ ഗാന്ധി അഭിപ്രായപ്പെട്ടു.

നേതാക്കൾ ഒന്നടങ്കം പാർട്ടിയുടെ പുനഃസംഘടന ആവശ്യപ്പെടുന്നുണ്ട്. എന്നാൽ പുനഃസംഘടന സാധ്യമാകണമെങ്കിൽ ഐക്യം വേണം. സത്യന്ധവും സ്വതന്ത്രവുമായ ചർച്ചകളാണ് നടക്കേണ്ടത്. പ്രവർത്തക സമിതിയിലുണ്ടായ തീരുമാനമോ, ധാരണയോ ആയിരിക്കണം പാർട്ടിക്ക് പുറത്ത് പറയേണ്ടത്. അല്ലാതെ നേതാക്കൾ തോന്നുപടിയുള്ള പ്രതികരണങ്ങൾ നടത്തരുത്. പാർട്ടിയുടെ ഇടക്കാല അധ്യക്ഷയാണെങ്കിലും മുഴുവൻ സമയ അധ്യക്ഷയായാണ് പ്രവർത്തിക്കുന്നത്. പാർട്ടിക്ക് ഒരു അധ്യക്ഷൻ വേണമെന്ന് പലനേതാക്കളും ആഗ്രഹിക്കുന്നുണ്ട്. അക്കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നും സോണിയാ ഗാന്ധി അറിയിച്ചു.

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പിന്തുണച്ച് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. നിർമ്മാണ ജോലികൾ ചെയ്യുന്ന കരാറുകാരുമായി താൻ കാണാൻ വരരുതെന്ന എംഎൽഎമാരോട് ആവശ്യപ്പെട്ടതിനാണ് കെ സുധാകരൻ മുഹമ്മദ് റിയാസിനെ പിന്തുണച്ചത്. മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത് സത്യമായ കാര്യമാണെന്നും ഇക്കാര്യത്തിൽ അദ്ദേഹത്തിന് പൂർണ്ണ പിന്തുണ നൽകുന്നുവെന്നും സുധാകരൻ അറിയിച്ചു.

കരാറുകാരെക്കൂട്ടി മന്ത്രിയെ കാണുന്നത് അവിഹിതമായ കാര്യങ്ങൾ നടത്തിയെടുക്കാനാണ്. എംഎൽഎമാർ കോൺട്രാക്ടർമാരെ കൂട്ടി മന്ത്രിയെ കാണുന്നത് ശരിയല്ലെന്നും അവിഹിതമായ കാര്യങ്ങൾ നടത്തിയെടുക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം മുഹമ്മദ് റിയാസിന്റെ പ്രസ്താവനയ്ക്ക് സിപിഎമ്മും പിന്തുണ അറിയിച്ചു. സർക്കാരിന്റെ പൊതു നിലപാട് അനുസരിച്ചുള്ളതാണ് മന്ത്രിയുടെ പ്രതികരണമെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ വ്യക്തമാക്കി. വിഷയത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസിന് പൂർണ്ണ പിന്തുണ നൽകുമെന്നും ശുപാർശകൾ ഇല്ലാതെ കാര്യങ്ങൾ വേഗത്തിൽ നടക്കണമെന്നാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ സർക്കാർ ഇക്കാര്യത്തിൽ സാധ്യമായതെല്ലാം ചെയ്യുമെന്നും വിജയരാഘവൻ ഉറപ്പു നൽകി.

എംഎൽഎമാർ ഉയർത്തുന്ന വിഷയങ്ങൾക്ക് മന്ത്രിമാർ അർഹിക്കുന്ന പരിഗണന നൽകുന്നുണ്ട്. മന്ത്രിമാരുടെ ഓഫീസ് എങ്ങനെ പ്രവർത്തിക്കണമെന്നതിന് സർക്കാരിന് നിലപാടുണ്ട്. സർക്കാരും മന്ത്രിമാരും എങ്ങനെ പ്രവർത്തിക്കണം എന്നത് സംബന്ധിച്ച് സിപിഎമ്മിന് പൊതു നിലപാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: മെട്രോ സർവീസിന്റെ സമയ പരിധി നീട്ടി. ഇനി മുതൽ അവസാന ട്രെയിൻ രാത്രി 10 മണിക്കായിരിക്കും പുറപ്പെടുക. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവും യാത്രക്കാരുടെ ആവശ്യവും പരിഗണിച്ചാണ് സമയപരിധി വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് കെഎംആർഎൽ അറിയിച്ചു. നേരത്തെ, രാത്രി 9 മണിക്കായിരുന്നു അവസാന സർവീസ് ആരംഭിച്ചിരുന്നത്. യാത്രക്കാരിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ആവശ്യവും പരിഗണിച്ചാണ് ഈ നീക്കമെന്ന് കെഎംആർഎൽ അധികൃതർ അറിയിച്ചു. രാത്രി 9 മണിക്കും 10 മണിക്കും ഇടയിൽ ട്രെയിനുകൾ തമ്മിലുള്ള ഇടവേളകൾ 20 മിനിറ്റ് ആയിരിക്കും.

അതേസമയം കൊച്ചി മേയർ അഡ്വ.എം. അനിൽ കുമാർ ഇന്ന് കൊച്ചി മെട്രോ കോർപ്പറേറ്റ് ഓഫീസ് സന്ദർശിച്ച് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ, ഡയറക്ടർമാർ, ഹെഡ് ഓഫ് ഡിപ്പാർട്‌മെന്റ് എന്നിവരുമായി വിശദമായ ചർച്ച നടത്തിയിരുന്നു. കെഎംആർഎല്ലിന്റെ വിവിധ പദ്ധതികളായ ഫേസ് 1 വിപുലീകരണം, ഫേസ് 2 വാട്ടർ മെട്രോ, ഐ യു ആർ ഡബ്ല്യു ടി എസ്, എൻഎംടി എന്നിവയുടെ വിശദമായ വിവരങ്ങൾ കൊച്ചി മെട്രോ എം ഡി വിശദീകരിച്ച് നൽകി. എല്ലാ പദ്ധതികളിലും കൊച്ചി മുനിസിപ്പൽ കോർപ്പറേഷന്റെ പിന്തുണ മേയർ ഉറപ്പു നൽകിയിട്ടുണ്ട്.

നഗരത്തിന്റെ പുരോഗതിക്കായി നടപ്പാക്കുന്ന പദ്ധതികൾ പുതുക്കുന്നതിനും നിലനിർത്തുന്നതിനും കോർപ്പറേഷൻ അധികാരികൾ കെഎംആർഎല്ലുമായി പ്രതിമാസ യോഗം ആസൂത്രണം ചെയ്തിട്ടുണ്ട്. ഐ.യു.ആർ.ഡബ്ല്യു.ടി.എസ്., വാട്ടർ മെട്രോ പദ്ധതികൾ ത്വരിതപ്പെടുത്താനും പുരോഗതി ഉയർത്തിക്കാട്ടാനും പ്രോജക്ട് എത്രയും വേഗം പൊതു ജനത്തിന് ലഭ്യമാക്കാനും മേയർ അഭ്യർത്ഥിച്ചു.

mazha

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കണ്ണൂരും കാസര്‍കോടും യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. അതിനിടെ ഇടുക്കിയിലും പത്തനംതിട്ടയിലും കോട്ടയത്തും ഉരുള്‍പൊട്ടി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ ശക്തമായ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കുറഞ്ഞ സമയത്ത് അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുഴകളും തോടുകളും ജലാശയങ്ങളും കരകവിഞ്ഞു. ഇടുക്കി, പത്തനംതിട്ട, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ആറുജലസംഭരണികളില്‍ റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍വെള്ളക്കെട്ടുണ്ട്. നിരവധി വീടുകളില്‍ വെള്ളം കയറി.

സംസ്ഥാനത്ത് മഴക്കെടുതി മൂലം ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും റവന്യൂ മന്ത്രി കെ രാജന്‍ യോഗം വിളിച്ചു.

റവന്യു മന്ത്രിയുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി

നമ്പറുകള്‍ : 8606883111, 9562103902, 9447108954, 9400006700

ഫോണിലോ വാട്സാപ്പ് മുഖേനയോ ബന്ധപ്പെടാം