ശാസ്താംകോട്ടയിൽ ഡോക്ടറെ മർദ്ദിച്ച സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ ശൂരനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറിനും സംഘത്തിനുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

ഡോക്ടറെ മർദ്ദിച്ച സംഭവം അപലപനീയമാണ്. ഇത്തരം സംഭവങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. ഡോക്ടറെ മന്ത്രി നേരിട്ട് വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു.

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. ഗണേശിനെയാണ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറും സംഘവും കയ്യേറ്റം ചെയ്തത്. കിണറ്റിൽ വീണു മരിച്ചയാളുടെ മരണം ഉറപ്പാക്കാൻ ഡോക്ടർ ആശുപത്രിക്ക് പുറത്തേയ്ക്ക് എത്താത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്. പരിക്കേറ്റ ഡോക്ടർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ ഒ.പി ബഹിഷ്‌കരിച്ചു.

പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ഡോക്ടർ തന്നെയും സഹപ്രവർത്തകരെയും കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണം.