ജയ സ്മാരകം സന്ദർശിച്ച് വി എ ശശികല; ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷമുള്ള ആദ്യ സന്ദർശനം

ചെന്നൈ: മറീന ബീച്ചിലെ ജയ സ്മാരകം സന്ദർശിച്ച് എഐഎഡിഎംകെ മുൻ ജനറൽ സെക്രട്ടറിയും ജയലളിതയുടെ തോഴിയുമായ വി.എ ശശികല. അണ്ണാ ഡിഎംകെയുടെ 50-ാം സ്ഥാപക ദിനം നാളെ നടക്കാനിരിക്കെയാണ് ശശികല ജയലളിതയുടെ സ്മൃതി സ്മാരകത്തിൽ സന്ദർശനം നടത്തിയത്. ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം ആദ്യമായാണ് ശശികല ജയ സ്മാരകത്തിലെത്തുന്നത്. വികാരനിർഭരയായി സ്മൃതിമണ്ഡപത്തിലെത്തിയ ശശികലസ്മാരകത്തിൽ പുഷ്പങ്ങൾ അർപ്പിക്കുകയും ചെയ്തു.

അണ്ണാ ഡിഎംകെയുടെയും എംജിആറിന്റെയും സ്മാരകങ്ങളിലും ശശികല ഇന്ന് സന്ദർശനം നടത്തും. അണ്ണാ ഡിഎംകെയുടെ കൊടി ഉപയോഗിച്ച കാറിലാണ് അവർ സ്ഥലത്ത് എത്തിയത്. ശശികല അണ്ണാ ഡിഎംകെയുടെ കൊടി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കേസുകൾ നിലവിലുണ്ടായിരുന്നു. ഇതിനെ വകവെക്കാതെയാണ് അവർ അതേ കൊടി കെട്ടിയ കാറിൽ ജയ സ്മാരകത്തിൽ സന്ദർശനം നടത്തിയത്. രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകുന്നതിന്റെ ഭാഗമായാണ് ജയസ്മാരകത്തിൽ ശശികല സന്ദർശനം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.