ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ലഷ്‌കർ കമാൻഡർ ഉൾപ്പെടെ 10 ഭീകരരെ വളഞ്ഞ് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കശ്മീരിലെ പാംപൊരയിലാണ് ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ലഷ്‌കർ കമാൻഡർ ഉമർ മുഷ്താഖ് ഖാൻഡെ ഉൾപ്പെടെ പത്ത് ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് ജമ്മു കശ്മീർ പൊലീസ് അറിയിക്കുന്നത്.

പൂഞ്ച് സെക്ടറിൽ ഒളിച്ചിരിക്കുന്ന ഭീകരർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. പൂഞ്ചിൽ ഏറ്റുമുട്ടലിനിടെ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറെ കാണാതായതായെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

പാംപൊര മേഖലയിൽ ലഷ്‌കർ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പ്രദേശത്ത് എത്തിയത്. ജമ്മുകശ്മീർ പോലീസും സിആർപിഎഫും സംയുക്തമായാണ് മേഖലയിൽ തെരച്ചിൽ നടത്താൻ വേണ്ടി എത്തിയത്. ശ്രീനഗറിൽ മുൻപ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ലഷ്‌കർ കമാൻഡർ ഉമർ മുഷ്താഖ് ഖാൻഡെ ഉൾപ്പെടെയുള്ള ഭീകരരെയാണ് സുരക്ഷാ സേന വളഞ്ഞത്.

അതേസമയം കശ്മീരിലെ ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തിൽ ജമ്മുകശ്മീർ ഡിജിപി ദിൽബാഗ് സിങിന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ യോഗത്തിൽ നിർദേശം നൽകിയിട്ടുണ്ട്. ഈ മാസം ആദ്യം നാട്ടുകാർക്ക് നേരെ ഉണ്ടായ ആക്രമണങ്ങൾക്ക് ശേഷം പതിനൊന്ന് ഭീകരരെ വധിക്കാൻ സാധിച്ചതായി കശ്മീർ ഐജിപി വിജയ് കുമാർ അറിയിച്ചു.