പറഞ്ഞത് സത്യസന്ധ്യമായ കാര്യം; മന്ത്രി മുഹമ്മദ് റിയാസിനെ പിന്തുണച്ച് കെ സുധാകരൻ

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പിന്തുണച്ച് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. നിർമ്മാണ ജോലികൾ ചെയ്യുന്ന കരാറുകാരുമായി താൻ കാണാൻ വരരുതെന്ന എംഎൽഎമാരോട് ആവശ്യപ്പെട്ടതിനാണ് കെ സുധാകരൻ മുഹമ്മദ് റിയാസിനെ പിന്തുണച്ചത്. മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത് സത്യമായ കാര്യമാണെന്നും ഇക്കാര്യത്തിൽ അദ്ദേഹത്തിന് പൂർണ്ണ പിന്തുണ നൽകുന്നുവെന്നും സുധാകരൻ അറിയിച്ചു.

കരാറുകാരെക്കൂട്ടി മന്ത്രിയെ കാണുന്നത് അവിഹിതമായ കാര്യങ്ങൾ നടത്തിയെടുക്കാനാണ്. എംഎൽഎമാർ കോൺട്രാക്ടർമാരെ കൂട്ടി മന്ത്രിയെ കാണുന്നത് ശരിയല്ലെന്നും അവിഹിതമായ കാര്യങ്ങൾ നടത്തിയെടുക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം മുഹമ്മദ് റിയാസിന്റെ പ്രസ്താവനയ്ക്ക് സിപിഎമ്മും പിന്തുണ അറിയിച്ചു. സർക്കാരിന്റെ പൊതു നിലപാട് അനുസരിച്ചുള്ളതാണ് മന്ത്രിയുടെ പ്രതികരണമെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ വ്യക്തമാക്കി. വിഷയത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസിന് പൂർണ്ണ പിന്തുണ നൽകുമെന്നും ശുപാർശകൾ ഇല്ലാതെ കാര്യങ്ങൾ വേഗത്തിൽ നടക്കണമെന്നാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ സർക്കാർ ഇക്കാര്യത്തിൽ സാധ്യമായതെല്ലാം ചെയ്യുമെന്നും വിജയരാഘവൻ ഉറപ്പു നൽകി.

എംഎൽഎമാർ ഉയർത്തുന്ന വിഷയങ്ങൾക്ക് മന്ത്രിമാർ അർഹിക്കുന്ന പരിഗണന നൽകുന്നുണ്ട്. മന്ത്രിമാരുടെ ഓഫീസ് എങ്ങനെ പ്രവർത്തിക്കണമെന്നതിന് സർക്കാരിന് നിലപാടുണ്ട്. സർക്കാരും മന്ത്രിമാരും എങ്ങനെ പ്രവർത്തിക്കണം എന്നത് സംബന്ധിച്ച് സിപിഎമ്മിന് പൊതു നിലപാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.