മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്ത് വ്യാപക കൃഷിനാശം; 28.58 കോടി രൂപയുടെ വിളനാശം ഉണ്ടായതായി റിപ്പോർട്ട്

farming

തിരുവനന്തപുരം: മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്ത് വ്യാപക കൃഷിനാശം. 8779 കർഷകരെയാണ് മഴ ചതിച്ചത്. രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്തെമ്പാടും 28.58 കോടി രൂപയുടെ വിളനാശം ഉണ്ടായതായി സംസ്ഥാന കൃഷി വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 1476.58 ഹെക്ടറിലെ കൃഷി നശിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.

ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് പെയ്ത മഴയിലാണ് വ്യാപക കൃഷി നാശം ഉണ്ടായത്. കോട്ടയത്തും തൃശൂരിലുമാണ് ഏറ്റവും കൂടുതൽ കൃഷി നശിച്ചത്. തൃശൂരിൽ 553 ഹെക്ടർ കൃഷി നശിച്ചു. 2965 കർഷകരുടെ കൃഷി നശിച്ചു. ഇവിടെ മാത്രം 9.56 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കോട്ടയത്ത് 510 ഹെക്ടർ കൃഷി നശിച്ചു. 1018 കർഷകർക്കായി 7.73 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

തിരുവനന്തപുരത്ത് 121.51 ഹെക്ടർ ഭൂമിയിലെ കൃഷിയാണ് നശിക്കുകയും 550 കർഷകർ ദുരിതബാധിതരാകുകയും ചെയ്തു. 3.89 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കൊല്ലത്ത് 89.32 ഹെക്ടറിലെ കൃഷി നശിച്ചു. 941 കർഷകർക്ക് 2.21 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. പത്തനംതിട്ടയിൽ 315 കർഷകരുടെ 59 ഹെക്ടറിലെ കൃഷി നശിച്ചു 1.22 കോടി രൂപയുടെ നഷ്ടമാണ് ഇവിടെ കണക്കാക്കപ്പെടുന്നത്. ആലപ്പുഴയിലെ 1685 കർഷകരുടെ 50 ഹെക്ടറിലെ കൃഷിയും നശിച്ചു. 1.37 കോടി രൂപയാണ് പ്രാഥമിക നഷ്ടം. എറണാകുളത്ത് 47.30 ഹെക്ടർ കൃഷി നശിച്ചു. 42 കർഷകർക്ക് 22 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഇടുക്കിയിൽ 22 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. 115 കർഷകരാണ് ദുരിതത്തിലായത്. 1.90 കോടി രൂപയുടെ നഷ്ടമാണ് ഇവിടെ കണക്കാക്കിയിരിക്കുന്നത്. മലപ്പുറം ജില്ലയിൽ 14.20 ഹെക്ടറിലെ കൃഷി നശിച്ചു. 29 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 93 കർഷകർക്കാണ് വിളനാശം ഉണ്ടായത്. പാലക്കാട് ജില്ലയിൽ 8.20 ഹെക്ടറിൽ കൃഷിനാശവും 41 കർഷകർക്ക് 12 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കാസർകോട് ജില്ലയിൽ 1.50 ഹെക്ടറിലെ കൃഷി നശിച്ചുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.