കൊച്ചിയിൽ റോഡ് കടക്കാൻ നീന്തൽ പഠിക്കണം; റോഡുകളെ ട്രോളിയുള്ള പോസ്റ്റ് പങ്കുവെച്ച് കൊച്ചി മെട്രോ

കൊച്ചി: നഗരത്തിലെ റോഡുകളെ ട്രോളി കൊച്ചി മെട്രോ. ഫേസ്ബുക്കിലൂടെയാണ് കൊച്ചി മെട്രോ നഗരത്തിലെ റോഡുകളെ ട്രോളിയുള്ള പോസ്റ്റ് പങ്കുവെച്ചത്. കൊച്ചിയിൽ റോഡ് കടക്കാൻ നീന്തൽ പഠിക്കണമെന്നും എന്നാൽ കൊച്ചി മെട്രോയിൽ സഞ്ചരിക്കാൻ അതിന്റെ ആവശ്യമില്ലെന്നുമാണ് ട്രോളിൽ സൂചിപ്പിക്കുന്നത്.

ഒരു വശത്ത് മായാവി സിനിമയിൽ സലീം കുമാർ കുടവുമായി പുഴ നീന്തികടക്കുന്ന ചിത്രവും മറുവശത്ത് ആഢംബരകാറിൽ ലാപ്‌ടോപുമായി യാത്ര ചെയ്യുന്ന വിജയ്‌യുടെ ചിത്രവുമായാണ് ട്രോൾ പങ്കുവെച്ചിരിക്കുന്നത്.

മഴ പെയ്താൽ റോഡുകളിലെല്ലാം വെള്ളം നിറയുന്ന അവസ്ഥയാണ് കൊച്ചിയിലുള്ളത്. അതിനാൽ തന്നെ മഴ പെയ്യുമ്പോൾ കൊച്ചിയിൽ ജനജീവിതം ദുസഹമാകാറുണ്ട്. എം ജി റോഡിലും ബാനർജി റോഡിലുമായുള്ള മെട്രോ സ്റ്റേഷനുകളുടെ മുന്നിൽ തന്നെയാണ് ഏറ്റവും കൂടുതൽ വെള്ളക്കെട്ടുള്ളതും. മെട്രോയുടെ ട്രോൾ പോസ്റ്റിന് താഴെ ഉപഭോക്താക്കൾ ഇക്കാര്യം ചോദിക്കുകയും ചെയ്യുന്നുണ്ട്. മഴ നനയാതെ യാത്ര ചെയ്യാമെങ്കിലും മെട്രോ സ്റ്റേഷനു വെളിയിൽ ഇറങ്ങിയാൽ പിന്നെ സലീം കുമാറിനെപോലെ നീന്തേണ്ടി വരുമെന്നത് ഉൾപ്പെടെയുള്ള കമന്റുകളാണ് കൊച്ചി മെട്രോയുടെ പോസ്റ്റിന് താഴെ നിറയുന്നത്.